Tuesday, November 18, 2008

YWCA,തിരുവല്ലാ,കള്ളന്‍, പൂവാലന്‍,പിന്നെ കൊച്ചമ്മമാരും-ഭാഗം മൂന്ന്


ഞങ്ങള്‍ റൂമില്‍ ഉറങ്ങി കിടന്ന ബാക്കി ഉള്ളവരെ വിളിച്ചുണര്‍്ത്തി....എല്ലാവരും കൂടെ മേശയില്‍ തത്തി പിടിച്ചു കയറി ജനലിലൂടെ കാഴ്ച കാണാന്‍ തുടങ്ങി...ശ് ശ് ശ് എന്ന് പരസ്പരം പറയുന്നുമുണ്ട്(കള്ളന്‍ വന്നാല്‍ മിണ്ടാതിരിക്കുകയാണോ ചെയ്യേണ്ടത് എന്ന് ചോദിച്ചാല്‍, അപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങനെയാണ് തോന്നിയത്!)കള്ളന്‍ ആ വാതില്‍ തുറക്കാഞ്ഞിട്ടു, ഞങ്ങളുടെ വാതിലില്‍ വന്നു ഇടിക്കാന്‍ തുടങ്ങി...ഞങ്ങളല്ലേ മക്കള്‍..ഒട്ടും ശബ്ദമുണ്ടാക്കാതെ ഇരുന്നു...


ഇടിച്ചു മടുത്തിട്ടാണെന്നു തോന്നുന്നു, കള്ളന്‍ സ്കൂട്ടായി. ഹാവൂ ന്നു ആശ്വസിക്കുമ്പോഴാണ്, അടുത്ത ബ്ലോക്കില്‍ ല് നിന്ന് കൊച്ചച്ചച്ചച്ചച്ചച്ചച്ചമ്മേമ്മേമ്മേമ്മേമ്മേമ്മേമ്മേ എന്ന കാറല്‍്!...ഞങ്ങള്‍,എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നോക്കി, എന്നിട്ട് അത്ഭുതകരമാം വധം സിന്ക്രണൈസ്ഡ് ആയി കൊണ്ടു , അലറി..കൊച്ചച്ചച്ചച്ചച്ചച്ചച്ചമ്മേമ്മേമ്മേമ്മേമ്മേമ്മേമ്മേ!!!!!!!!!!!!!!


ഞങ്ങളുടെ ബ്ലോക്കില്‍ നിന്നും, പുറത്തേയ്ക്ക് ഒരു വാതില്‍ ഉണ്ട്..അത് എന്നും രാത്രി പൂട്ടി തക്കൊലെടുക്കും കൊച്ചമ്മ..അതേ പോലെ എല്ലാ ബ്ലോക്കിന്റെയും പുറത്തേയ്ക്കുള്ള വാതില്‍ പുറത്തു നിന്നും പൂട്ടി കൊച്ചമ്മയാണ് താക്കോല്‍ സൂക്ഷിക്കുക..ഞങ്ങളുടെ അലര്‍ച്ച കെട്ട് മെസ്സ് കൊച്ചമ്മ എത്തി..ഞങ്ങളുടെ ബ്ലോക്കിന്റെ വാതില്‍ തുറന്നു...ആ ബ്ലോക്കിലെ എല്ലാ അന്തേവാസികളും അവിടെ തടിച്ചു കൂടി...കൊച്ചമ്മയും വാച്മാനും , മറ്റേ ബ്ലോക്കില്‍ പോയി, അവരെയും തുറന്നു വിട്ടു..കള്ളന്‍, ആ ബ്ലോക്കിന്റെ ടെറസില്‍ കയറി,ടെറസില്‍ നിന്നും മുറികളിലേക്കുള്ള മെയിന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയാണത്രേ...ഇഷ്ടിക കൊണ്ടോ, കല്ല്‌ കൊണ്ടോ മറ്റോ വാതിലില്‍ ഇടിക്കുന്ന ശബ്ദം കേട്ടാണ് അവര് അലറിയത്..


ആളുകള്‍ എല്ലാം ഉണര്‍ന്നതോടെ, കള്ളന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഞങ്ങളുടെ വാച്മാന്‍ അയാളുടെ പുറകെ ഓടി.വാച്മാന്‍ കള്ളനെ പിടിക്കുന്നത്‌ കണ്ട ഞങ്ങള്‍ കൂട്ടമായി അങ്ങോട്ട് ഓടി...പക്ഷെ, പകുതി വഴി എത്തിയ ഞങ്ങള്‍ കാണുന്നത്, വാച്മാന്‍ കള്ളനെ സ്വതന്ത്രനാക്കുന്നതും, കള്ളന്‍ ഓടി മതില്‍ ചാടി രക്ഷപെടുന്നതുമാണ്..എന്തിനാണ് കള്ളനെ വിട്ടത് എന്ന ചോദ്യത്തിന് അവന്റെ കയ്യില്‍ കത്തി ഉണ്ടായിരുന്നു എന്നാണ് വാച്മാന്‍ മറുപടി പറഞ്ഞതു..ഇപ്പോ തന്നെ പോലീസില്‍ ഫോണ്‍ വിളിക്കണം എന്ന് അവിടത്തെ വര്‍ക്കിംഗ് വുമണ്‍് അന്തേവാസികള്‍ വാശിപിടിച്ചു.


ഫോണ്‍ പൂട്ടി വാര്‍ഡന്‍ കൊച്ചമ്മ വീട്ടില്‍ പോയത് കൊണ്ടു, മെസ്സ് കൊച്ചമ്മ യ്ക്ക് ഫോണ്‍ ചെയ്യാന്‍ പറ്റിയില്ല..പക്ഷെ, അവര്‍, ഹോസ്റ്റല്‍ ഗേറ്റ് തുറന്നു വെളിയില്‍ ഇറങ്ങി, സെക്കന്റ് ഷോ കഴിഞ്ഞു പോവുകയായിരുന്ന കുറച്ചു പേരോട് കാര്യം പറഞ്ഞു, അവര്‍ പോയി പോലീസിനെ വിളിച്ചു.പോലീസുകാര്‍ക്ക് ഞങ്ങള്‍ കള്ളന്‍ എങ്ങനെ അകത്തു കയറി എന്നും മറ്റും ഡെമോ സഹിതം വിവരിച്ചു കൊടുത്തു.


കള്ളന് ബാത്രൂം വഴി ഞങ്ങളുടെ മുറിയില്‍ കയറാന്‍ തോന്നാഞ്ഞത് ഞങ്ങളുടെ ഭാഗ്യം. വരാന്തയില്‍ ഇരുന്നു പഠിക്കാന്‍ തോന്നാഞ്ഞത് എന്റെയും ജെപി യുടെയും ഭാഗ്യം..


പിറ്റേന്നത്തെ പരീക്ഷ കുളമായി എന്ന് പ്രത്യേകം പറയണ്ടല്ലോ. റിസള്‍ട്ട് വന്നപ്പോള്‍, ബാക്കി എല്ലാത്തിനും നല്ല മാര്‍ക്ക്, ഇതിന് മാത്രം നൂറില്‍ 55.ക്ലാസ്സില്‍ മിക്കവര്‍ക്കും 90 നു മേലെ മാര്‍ക്ക് കിട്ടിയിരുന്നു..പരീക്ഷകഴിഞ്ഞ് ഞങ്ങള്‍ കള്ളന്‍ എപിസോഡ് കോളേജില്‍ പറഞ്ഞു.എല്ലാവരും ഞങ്ങളെ വഴക്കിട്ടു.കോളേജ് ഹോസ്റ്റല്‍ പണി തീര്‍ന്നല്ലോ, ഇനി അങ്ങോട്ട് മാറിക്കൂടെ എന്നൊക്കെ പറഞ്ഞു..ഫീസ് തന്നെ ആയിരുന്നു മാറാന്‍ മടിച്ചതിന്റെ പിന്നിലെ ചേതോ വികാരം..


അന്ന് വൈകിട്ട്, **** കൊച്ചമ്മ കാര്യങ്ങള്‍ നേരിട്ടറിയാന്‍ വേണ്ടി രംഗ പ്രവേശം ചെയ്തു..ഞങ്ങള്‍ കാര്യങ്ങള്‍ വിവരിച്ചു...അവര്‍ എല്ലാം കെട്ട് കഴിഞ്ഞു വിധി പ്രഖ്യാപിച്ചു: കള്ളന്‍ എങ്ങനെ കയറാതിരിക്കും? വൈകുന്നേരം തിയേറ്ററില്‍ നിന്നു സിനിമ കഴിഞ്ഞു പോകുന്നവന്‍മാരെ നിങ്ങള്‍ മുകളില്‍ നിന്നും മുടീം അഴിച്ചിട്ടു കൈയും കണ്ണും കാണിക്കുന്നത് കൊണ്ടാണ്..അല്ലാതെ ആര്‍ക്കാ ഇവിടെ കയറിയിട്ട് നേട്ടം? ...ഇത്രയും മ്ലേച്ഛമായ ഒരു പരാമര്‍ശം, അവരെ പോലെ ഒരു സ്ത്രീയില്‍ നിന്നു- അതും YWCAയെ പോലെ പ്രസ്റ്റീജിയസ് അയ ഒരു സ്ഥാപനത്തിന്റെ ചുമതലക്കാരില്‍ ഒരാളില്‍ നിന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ..എന്നിലെ രോഷാകുലയായ ചെറുപ്പക്കാരി ഉണര്‍ന്നു..എല്ലാവരും ഒന്നും മിണ്ടാതെ നില്ക്കുന്നു...ഞാന്‍ ചോദിച്ചു, കൊച്ചമ്മയുടെ വീട്ടിലെ കാര്യമാണോ ഇപ്പോള്‍ പറഞ്ഞതു?ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തെ പറ്റൂ..അല്ലാതെ കള്ളന്‍ കയറിയത് ഒളിച്ചു വയ്ക്കാന്‍ നോക്കുകയല്ല വേണ്ടത്..ഇതു ഇപ്പൊ രണ്ടാമത്തെ പ്രാവശ്യമല്ലേ? ഞങ്ങള്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം എടുക്കും?നിങ്ങളായിട്ട്‌ പോലീസില്‍ അറിയിക്കുന്നിലെന്കില്‍ ഞാന്‍ പരാതി കൊടുക്കും..YWCA യുടെ പേരിനും പ്രശസ്തിക്കും എന്ത് സംഭവിക്കും എന്ന് നമ്മുക്ക് കാണാം..കൊച്ചമ്മ ഒന്നും മിണ്ടിയില്ല.ബാക്കി എല്ലാരും എന്നോട്, നന്നായി പറഞ്ഞതു, ഞങ്ങളൊക്കെ സപ്പോര്‍ട്ട് ചെയുന്നു...നീയാണ് നാടിന്‍റെ പുളകം എന്ന മട്ടില്‍ കുറെ സംസാരിച്ചു.


എന്റെ രോഷ പ്രകടനത്തിന്, ഉടനെ തന്നെ ഫലമുണ്ടായി..രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും അച്ചാച്ചന്‍ എത്തി..അവര് വീട്ടിലേക്ക് കത്തിട്ടിരുന്നത്രേ.ഞാന്‍ വലിയ പ്രശ്നക്കാരിയാണെന്നും, കുറെ വാണിംഗ് ഒക്കെ തന്നു കഴിഞ്ഞു , ഇനി വച്ചു പൊറുപ്പിക്കാന്‍ പറ്റില്ല എന്നും മറ്റും പറഞ്ഞു കൊണ്ടുള്ള കത്ത്..അച്ചാച്ചന്‍ ആദ്യം അവരോട് വന്നു, കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി...കേട്ടു നില്‍ക്കുന്നതിനു ഒരു അതിരുണ്ടല്ലോ..അച്ചാച്ചന്‍ പറഞ്ഞു, അവള്‍ എന്റെ മകളാണ്, നിങ്ങള്‍ പറഞ്ഞിട്ട് വേണ്ട എനിക്ക് അവളെ പറ്റി അറിയാന്‍. എന്തായാലും, കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്ക്, നമ്മുക്ക് ഇതിന്റെ തലപ്പത്തുള്ളവരോടും പറയാം എന്ന് പറഞ്ഞു..YWCAയുടെ തലപ്പത്ത്‌ ഉള്ളത് കൊച്ചമ്മമാരല്ല..വേറെ കുറെ ആള്‍ക്കാരാണ്..അവരോട് സംസാരിക്കാം എന്ന് അച്ചാച്ചന്‍ പറഞ്ഞതോടെ, അവര്‍ നയം മാറ്റി.YWCAയില്‍ ചേരുമ്പോള്‍ ഞാന്‍ 6മാസത്തേക്കാണ് താമസ സൗകര്യം ചോദിച്ചതെന്നും, അത് കഴിഞ്ഞു പിന്നെ കാലാവധി നീട്ടാന്‍ അവ്ശ്യപെട്ടില്ല എന്നും, അത് കൊണ്ടു ഇനി താമസിപ്പിക്കാന്‍ പറ്റില്ല എന്നും മറ്റും..


മക്കളെ ദൂരെ ഹോസ്റ്റില്‍ ആക്കി, വീട്ടിലിരിക്കുന്ന മാതാപിതാക്കള്‍്ക്ക് ഇത്തിരി സമാധാനം വേണം..ഇവിടെ അടച്ചുറപ്പുള്ള വാതില്‍ പോലുമില്ല. അത് കൊണ്ടു, ഇവര് നിര്‍ത്തിയാലും, നീ ഇനി ഇവിടെ നില്‍ക്കണ്ട എന്നായി അച്ചാച്ചന്‍. അച്ചാച്ചന്‍ എന്നോട്, നിനക്കിന്നി, ഈ ഹോസ്റ്റലില്‍ നില്‍ക്കണോ? എന്ന് ചോദിച്ചു..അപ്പോഴേയ്ക്കും എന്റെ രോഷമെല്ലാം ആറി തണുത്ത് ഐസ് കട്ട ആയി പോയിരുന്നു..വേണ്ട അച്ചാച്ചാ, കോളെജിലേക്ക് താമസം മാറ്റം..എന്നായാലും മാറണ്ടേ എന്ന് ഞാന്‍ പറഞ്ഞു..എന്നാല്‍ ഇന്നു ഇപ്പൊ തന്നെ മാറിക്കോ..ഇനി ഒരു നിമിഷം പോലെ ഇവിടെ നില്‍ക്കണ്ട എന്ന് അച്ചാച്ചനും.ഉടനെ കൊച്ചമ്മാര്- "അങ്ങനെ പറഞ്ഞാല്‍ എങ്ങനാ, ഫീസ് ഒക്കെ തന്നിട്ട് ബില്‍ സെറ്റില്‍ ചെയ്തിട്ടേ പോകാന്‍ പറ്റൂ ..അല്ലാതെ തോന്നുമ്പോ വരാനും പോകാനും ഇവിടെ പറ്റില്ല" എന്നായി..അപ്പൊ അച്ചാച്ചന്‍, പറ്റുമോ എന്ന് ഞാന്‍ ഒന്നു നോക്കട്ടെ എന്ന് പറഞ്ഞിട്ട്, എന്നോട് പറഞ്ഞു, പോയി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്യ്..വലിയ പെട്ടി ഇപ്പൊ എടുക്കണ്ട..അത് ശനിയാഴ്ച വന്നു കൊണ്ടു പോകാം..നീ ഇപ്പൊ പുറത്തു പോയി അച്ചനെ വിളിച്ചു പറ, അങ്ങോട്ട് ഇപ്പൊ തന്നെ താമസം മാറ്റുവാണെന്നു ..


കാര്യങ്ങള്‍ കൈ വിട്ടു പോയി...കോളേജ് ഹോസ്റ്റലില്‍ മുറി ഇല്ല എന്ന് അച്ചന്‍ പറഞ്ഞാലോ...എന്നൊക്കെ ആലോചിച്ചു ഞാന്‍ വേഗം പോയി അച്ചനെ വിളിച്ചു..


ഹലോ **** *** അച്ചനല്ലേ?

അതേ..

അച്ചാ ഇതു മേരി **** ആണ് ..

ആ പറയൂ മേരി, പരീക്ഷ ഒക്കെ കൊള്ളമായിരുന്നല്ലോ അല്ലെ? നല്ല മാര്‍ക്ക് കിട്ടുമല്ലോ ? നിങ്ങള്‍ ഫസ്റ്റ് ബാച്ച് മാര്‍ക്ക് വാങ്ങിയിട്ട് വേണം എനിക്ക് പത്രത്തില്‍ കൊടുക്കാന്‍..

അച്ചാ..നമ്മുടെ ഹോസ്റ്റലില് റൂം ഉണ്ടോ?

ഹാ..ഉണ്ടോന്നോ? നിങ്ങള്ക്ക് എല്ലാര്ക്കും താമസിക്കാന്‍ വേണ്ടി അല്ലെ ഹോസ്റ്റല്‍ ഉണ്ടാക്കിയത്...

അച്ചാ.., ഞാന്‍ അങ്ങോട്ട് താമസം മാറുവാ..

ആയ്ക്കോട്ടെ..എപ്പോഴാണെന്നു നേരത്തെ പറയണം കേട്ടോ..

അച്ചാ, ഇന്നു തന്നെ മാറിയാലോ എന്നാ ആലോചിക്കുന്നെ..

എ!

അല്ല..ഞാന്‍ ഇപ്പൊ തന്നെ അങ്ങോട്ട് വരുവാ അച്ചോ... എന്തായാലും റൂം ഉള്ളത് ഭാഗ്യമായി..

അച്ചന് കൂടുതല്‍ ഒന്നും പറയാന്‍ ഇട കൊടുത്തില്ല..എന്റെ ക്ലാസ്സിലെ തന്നെ ബിനുനേം വര്‍ഗീസിനേം കൂടെ വിളിച്ചു...അവര്‍ ഒരു ഓട്ടോ വിളിച്ചു വന്നു സാധങ്ങള്‍ ഒക്കെ കൊണ്ടു പോയി ഹോസ്റ്റലില്‍ എത്തിച്ചു.. ഞാനും അച്ചാച്ചനും പതുക്കെ ബസ്സ് പിടിച്ചു കോളേജിലേക്ക് യാത്രയായി...


ഈ സംഭവത്തില്‍ നിന്നു ഞാന്‍ കുറെ ഏറെ പാഠങ്ങള് പഠിച്ചു:
1. ഒരു കാര്യത്തിനും മുന്നില്‍ നില്‍്ക്കരുത്..
2. ഒരു ദേഷ്യത്തിന് പറയുന്ന വാക്കുകള്‍, പത്തു ദേഷ്യത്തിന് തിരിച്ചെടുക്കാന്‍ പറ്റില്ല.
3. മറ്റുള്ളവര്‍ അവരുടെ നിലവാരം അനുസരിച്ച് പറയുന്ന കാര്യങ്ങള്‍ നമ്മളെ ഒരു കാരണ വശാലും അസ്വസ്ഥരാക്കരുത്‌. അത് അവരുടെ നിലവാരം..നമ്മള്‍ അതില്‍ എന്തിന് അസ്വസ്ഥരാകണം.
4. ഒരു പ്രശ്നത്തില്‍ ഇടപെടും മുന്നേ അതിന്റെ വരും വരായ്കകള്‍ ചിന്തിക്കണം...


ഇതിനു ശേഷം എന്റെ എടുത്തുചാട്ടം കുറെ ഒക്കെ നിന്നു..എനിക്ക് എക്കാലവും സൂക്ഷിക്കാന്‍ പറ്റിയ, ഒരു സൌഹൃദവും കിട്ടി..ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട, വിരലില്‍ എണ്ണാവുന്ന സൌഹൃദങ്ങളില്‍ ഒന്നു..എന്റെ രാധ.കോളേജ് ഹോസ്റ്റലിലെ എന്റെ റൂം മേറ്റ്‌.


(അന്ന് രാത്രി പുറത്തു പോയി കള്ളന്‍ കയറിയ വിവരം നാട്ടുകാരെ മെസ്സ് കൊച്ചമ്മ അറിയിച്ചത്, വാര്‍ഡന്‍ കൊച്ചമ്മയ്ക്ക് അത്ര സുഖിച്ചിരുന്നില്ല..മെസ്സ് കൊച്ചമ്മയെ താമസിയാതെ പറഞ്ഞു വിട്ടു എന്ന് പിന്നീട് ജെപി പറഞ്ഞു..ജെപി യും താമസിയാതെ കോളേജ് ഹോസ്റ്റല്‍ ചേര്ന്നു...ഞാനും രാധയും ജെപിയും അങ്ങനെ റൂം മേറ്റ്സ് ആയി..)

Sunday, November 16, 2008

YWCA,തിരുവല്ലാ,കള്ളന്‍, പൂവാലന്‍,പിന്നെ കൊച്ചമ്മമാരും-ഭാഗം രണ്ട്

YWCA യിലെ ജീവിതം സ്വച്ഛ ശാന്തമായ നദി പോലെ ഒഴുകി കൊണ്ടിരുന്നു.രാവിലെ ഞാനും ജെപി യും ഒന്നിച്ചാണ് കോളേജിലേയ്ക്ക്‌ പോവുക. YWCA യില്‍ നിന്നു 5മിനുട്ട് നടന്നാല്‍ KSRTC സ്റ്റാന്റ് ആയി.അവിടെ ഞങ്ങളുടെ ക്ലാസ്സിലെ പയ്യന്മാര്‍ കാത്തു നില്‍പ്പുണ്ടാവും.അവരുമൊന്നിച്ചു കോളേജിലേയ്ക്ക്‌.വൈകുന്നേരങ്ങളില്‍ നേരത്തെ എത്തി, പേര മരത്തിന്റെ ചുവട്ടില്‍ സൊറ പറഞ്ഞിരിക്കും...

YWCAയില്‍ താമസിച്ചതിനു ശേഷമുള്ള ആദ്യത്തെ അവധി ആയി. വലിയ രണ്ടു ബാഗ് നിറയെ പുസ്തകങ്ങളുമായി ഞാന്‍ വീട്ടിലേയ്ക്ക് യാത്രയായി.കാരണം, അവധി കഴിഞ്ഞു വരുമ്പോള്‍ സെമസ്റ്റര്‍ എക്സാം തുടങ്ങും.വീട്ടില്‍ കൊണ്ടു പോയ പുസ്തകങ്ങള്‍ ഒന്നു തുറന്നു നോക്കാന്‍ പോലും പറ്റിയില്ല..പരീക്ഷയുടെ തലേന്ന് ഉറക്കമിളയ്ക്കുക എന്ന ദുര്‍വിധി എന്നും എന്റെ കൂട്ടിനുണ്ടാവും എന്നൊക്കെ അമ്മച്ചിയോട്‌ പരാതിയും പറഞ്ഞു ഞാന്‍ തിരിച്ചു YWCA യില്‍ എത്തി. അപ്പോഴാണ്‌ ഞങ്ങള്‍ ആ വാര്‍ത്ത അറിയുന്നത്: ഹോസ്റ്റലില്‍ കള്ളന്‍ കയറി. ഞങ്ങളുടെ മുറിയുടെ ജനാല വഴി ചവിട്ടി ടെറസില്‍ എത്തിയ കള്ളന്‍, എങ്ങനെയോ, ടെറസില്‍ നിന്നും രണ്ടാം നിലയിലെ മെയിന്‍ വാതില്‍ തുറന്നു അകത്ത് കയറി. രണ്ടാം നിലയില്‍ മുറികള്‍ തമ്മില്‍ ഇട ഭിത്തി മാത്രമെ ഉള്ളു...അത് കൊണ്ടു കള്ളന്‍ ജയ് ഹനുമാന്‍ വിളിച്ചു എല്ലാ മുറിയിലും കയറി ഇറങ്ങി..ഏതോ എച്ചി കള്ളന്‍ ആണെന്ന് തോന്നുന്നു എന്ന് റിന്‍സി ചേച്ചി പറഞ്ഞു... കുട്ടികള്‍ വീട്ടില്‍് പോയ സമയം ആയതു കൊണ്ടു വില പിടിപ്പുള്ളതൊന്നും ഉണ്ടായിരുന്നില്ല ..ഒന്നും കിട്ടാത്ത നിരാശയില്‍ കള്ളന്‍ ബി എഡ് പിള്ളാരുടെ കാശു കുടുക്ക പൊട്ടിച്ചു ചില്ലറയും മറ്റും കടത്തി...റിന്‍സി ചേച്ചിയുടെ പൊട്ടിയ മാല, തുണികള്‍ക്കിടയില്‍ വച്ചിരുന്നു...കള്ളന്‍ അത് കണ്ടില്ല.അത് കൊണ്ടെന്താ, പാലിയേക്കര പള്ളിക്ക് 50രൂപ നേര്ച്ച വകയില്‍ കിട്ടി :)

ഞങ്ങളുടെ മുറിയുടെ വാതിക്കല്‍ വരെ കള്ളന് ടെറസില്‍ നിന്നുള്ള സ്റ്റെപ്സ് ഇറങ്ങി വരാമെന്നും, അത് കൊണ്ടു ഞങ്ങള്‍ അപകടാവസ്ഥയിലാണെന്നും കൊച്ചമ്മയോട് പറഞ്ഞെന്കിലും, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ ഇരുന്നു കൊച്ചമ്മ..പുറത്തെ ബാത്ത് റൂമില്‍ നിന്നും ഉള്ളിലേക്കുള്ള വാതില്‍ തുറന്നു, ബാത്രൂമിന്റെ ഇട നാഴിയില്‍ കള്ളന് എത്താമെന്നും, അവിടെ നിന്നു ഒരു കമ്പോ കത്തിയോ വച്ചു ഞങ്ങളുടെ വാതില്‍ എളുപ്പം തുറക്കാമെന്നും ഒക്കെ ഞങ്ങള്‍ പറഞ്ഞു നോക്കി..കിം ഫലം. കള്ളന്‍ കയറി എന്നും മറ്റുമുള്ളത്‌ പുറത്തറിഞ്ഞാല്‍ YWCAയ്ക്ക് നാണക്കേടാണെന്നും പറഞ്ഞു, അവര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കാന്‍ പോലും കൂട്ടാക്കിയില്ല..

ഞാനും ജെപിയും YWCAയില്‍ താമസിക്കാനിടയായ സാഹചര്യം സൂചിപ്പിക്കുന്നത് നന്നായിരിക്കും: ഞങ്ങള്‍ കോളേജിലെ ആദ്യ ബാച്ച് ആയിരുന്നു , അത് കൊണ്ടു അവിടെ ഹോസ്റ്റല്‍ പണി തീര്ന്നു വരുന്നേ ഉണ്ടായിരുന്നുള്ളു. തല്ക്കാലം വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്മെന്റ്-ന്റെ തന്നെ ഉള്ള വേറെ ഒരു കോണ്‍വെന്റില്‍ ആണ് താമസിപ്പിച്ചിരുന്നത്..അവിടത്തെ ഫീസ് കേട്ടപ്പോള്‍, ഞങ്ങള്‍ ഞെട്ടി പോയി. YWCAയിലെ ഫീ മൂന്നക്കത്തില്‍ നില്ക്കും എന്നുള്ളത് കൊണ്ടു ഞാന്‍ അങ്ങോട്ടേയ്ക്കാക്കി താമസം.ജെപിയുടെ കാര്യവും അങ്ങനെ തന്നെ. ഹോസ്റ്റല്‍-ന്റെ പണി തീര്‍ന്നു കഴിഞ്ഞാല്‍ അങ്ങോട്ട് മാറാം എന്ന് വച്ചു.ഫീ കൂടുതലാണെങ്കിലും, 24മണിക്കൂര്‍ ലാബ്‌, ഇന്റര്‍നെറ്റ്, ലൈബ്രറി ഒക്കെ ഉണ്ട് അതാകുമ്പോള്‍..ഹോസ്റ്റല്‍ നിന്നും ഒരു വാതില്‍ കടന്നാല്‍ കോളേജായി..

പരീക്ഷകള്‍ ഒന്നിന് പുറകെ ഒന്നേ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഡിജിറ്റല്‍ ഇലക്ട്രോണിക്സ്-ന്റെ പരീക്ഷ യുടെ തലേ ദിവസം.രാത്രി 10മണിയോടെ ലൈറ്റ് എല്ലാം അണയ്ക്കണം എന്നാണ് നിയമം. പിന്നെ ഞങ്ങള്‍ പഠിക്കുക മെഴുകുതിരി വെട്ടത്തില്‍ ആണ്, വരാന്തയിലെ ലൈറ്റ് 10കഴിഞ്ഞാലും ഒഫാക്കില്ല...പിന്നെ രണ്ടാം നിലയിലെ സ്റ്റഡി ഹാളിലെ ലൈറ്റും, ടെറസിലെ ലൈറ്റും..കള്ളന്‍ എപിസോഡിനു ശേഷം സ്റ്റഡി ഹാളും ടെറസും ശൂന്യമായി പോയി.ജെപി വരാന്തയില്‍ ഇരുന്നു കാര്യമായ പഠിത്തം...ഞങ്ങളുടെ റൂമിലെ ചേച്ചിമാര്‍, "പിള്ളേരെ പട്ടി കുര ഒക്കെ കേള്‍ക്കുന്നുണ്ട്‌...ജെപി വരാന്തയില്‍ ഇരിക്കണ്ട...കള്ളന്‍ സ്റ്റെപ്പ് ഇറങ്ങി നേരെ ജെപി ടെ മുന്നില്‍ ആയിരിക്കും വരുക" എന്നൊക്കെ പറഞ്ഞു..ജെപി അതൊക്കെ ചിരിച്ചു തള്ളി..ഞാന്‍ എന്തായാലും, ധൈര്യം ഉള്ളത് കൊണ്ടു, അകത്തു തിരി കത്തിച്ചു വച്ചു പഠിക്കാന്‍ തുടങ്ങി..

ഏകദേശം 11-12മണി ആയി കാണും...ടെറസില്‍ തട്ട് മുട്ട് ശബ്ദങ്ങള്‍...ജെപി ഒറ്റ ഓട്ടത്തിന് അകത്തെത്തി...പട്ടിടെ ഒക്കെ കുര കേള്‍ക്കാം..കള്ളന്‍ വരുന്നു എന്നാ തോന്നുന്നേ..എന്ന് പറഞ്ഞു ഞങ്ങള്‍ വേഗം, വാതില്‍ ഒക്കെ കുറ്റി ഇട്ടു...ബാത്‌റൂമില്‍ നിന്നും ഞങ്ങളുടെ മുറിയിലേക്കുള്ള വാതിലിനു കുറുകെ ഒരു മേശയും വച്ചു..കുറച്ചു കഴിഞ്ഞപ്പോ, ആരോ സ്റ്റെപ്പ് ഇറങ്ങുന്ന ശബ്ദം...ഞങ്ങള്‍ പതുക്കെ, മേശയില്‍ കയറി നിന്നു ജനലില്‍ കൂടെ എത്തി നോക്കി..ഒരു കറുത്ത മനുഷ്യന്‍, ദേഹം മുഴുക്കെ എണ്ണ തേച്ചു, ലുന്കി ഒക്കെ പൊക്കി ഉടുത്തു നില്ക്കുന്നു..ഷര്‍ട്ട്‌ ഇട്ടിട്ടില്ല..അയാള്‍ മെസ്സിന്റെ വാതിലില്‍ ഇടിക്കാന്‍ തുടങ്ങി...
(തുടരും..)

Friday, October 17, 2008

YWCA,തിരുവല്ലാ,കള്ളന്‍, പൂവാലന്‍,പിന്നെ കൊച്ചമ്മമാരും..


ഞാന്‍ തിരുവല്ലായിലെ പേരു കേട്ട കോളേജിലാണ് പ്രൊഫഷനല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് .ആദ്യത്തെ സെമസ്റ്ററില്‍, ഹോസ്റ്റലില്‍ താമസിക്കുന്നതിനു പകരം, YWCA യിലാണ് താമസിച്ചത്. എന്റ്റെ കൂടെ, ജെപി എന്ന് ഞങ്ങള്‍ വിളിക്കുന്ന കൊല്ലത്തുകാരി കുട്ടിയും ഉണ്ടായിരുന്നു, അവിടെ.

ഞങ്ങള്‍ക്ക് താമസിക്കാന്‍ കിട്ടയത്, ഒരു ഡോര്‍്മിട്രി ആണ്. ആകെ 8 പേര്‍ താമസിക്കുന്ന ഡോര്‍്മിട്രി. ബാത് റൂം അറ്റാച്ഡ് ആയിട്ട് ഉണ്ടെന്നു പറഞ്ഞത് കൊണ്ടു മാത്രം അവിടെ താമസിക്കാം എന്ന് തീരുമാനിച്ചു. താമസം തുടങ്ങിയപ്പോഴല്ലേ ചതി മനസ്സിലായത്, ബാത് റൂം കോമണ്‍ ആണ്. കുറെ ബാത് റൂം നിരയായി കെട്ടിയിട്ടിട്ടുണ്ട്. ആ ഇടനാഴിയിലേക്ക്‌ പ്രവേശിക്കാന്‍, ഞങ്ങള്‍ടെ റൂമില്‍ നിന്നും ഒരു വാതില്‍ ഉണ്ട്, പുറത്തു നിന്നും ഒരു വാതില്‍ ഉണ്ട്. ഗംഭീരന്‍ അറ്റാച്ഡ്!

കൂടെ, റൂം മേറ്റ്സ് ആയിട്ടുണ്ടായിരുന്ന ബാക്കിയെല്ലാരും ജോലിക്കാരായിരുന്നു. രണ്ടു പേര്‍ പുഷ്പഗിരി ആശുപത്രിയിലെ നഴ്സ്മാര്, രണ്ടു പേര്‍, സായിപ്പിന്റെ (മിഷന്‍)ഹോസ്പിറ്റലിലെ നഴ്സ്മാര്. പിന്നെ രണ്ടു പേര്‍ അവിടെ തന്നെ ചെറിയ കടകളിലും മറ്റും ജോലിക്ക് നില്‍ക്കുന്നവര്‍.ഞങ്ങളുടെ മുറിയുടെ വേറെ ഒരു ആകര്‍ഷണം,മെസ്സിലെയ്ക്കുള്ള വാതില്‍, ഞങ്ങളുടെ റൂമിന്റെ നേരെ ഒപ്പോസിറ്റ് ആണെന്നായിരുന്നു. വൈകിട്ട് കോളേജ് വിട്ടു വരുമ്പോള്‍ കാണാം, പരിപ്പുവട, പഴം പൊരി ഒക്കെ വലിയ കൊട്ടയില്‍ നിറഞ്ഞിരിക്കുന്നത്‌...ഇടയ്ക്ക് അത് അടിച്ച് മാറ്റാനും, ഞാനും ജെപി യും മറന്നില്ല!

ഞങ്ങളുടെ ഡോര്‍്മിട്രിയായിരുന്നു YWCA യുടെ മതില്‍. അതായത്‌, ഡോര്‍്മിട്രിയുടെ ഭിത്തി മതിലായിട്ടും ആക്ട്‌ ചെയ്യും. ഡോമിന്റെ ജനലുകള്‍ക്ക് രണ്ടു തരം പാളികളായിരുന്നു, ഒന്നു, നെറ്റ് അടിച്ച പാളി. മറ്റൊന്ന്, അഴികള്‍ ഒന്നും ഇല്ലാത്ത ഒരു പാളി.. ഈ രണ്ടു പാളിയും തുറന്നാല്‍, ഞങ്ങള്‍ക്ക് YWCA യില്‍ നിന്നും പുറത്തു ചാടാം..പക്ഷെ, ചാടുന്നത്, തൊട്ടപ്പുറത്തെ പറമ്പിലേയ്ക്കായിരിക്കുമെന്നു മാത്രം. ആ പറമ്പിന്റെ ഉടമ കുറെ നാളായി വിദേശത്തോ മറ്റോ ആണെന്ന് കേട്ടു. എന്തായാലും ഞങ്ങള്‍ അവിടെ പകല്‍ നേരത്ത് മനുഷ്യ ജീവികളെ കണ്ടിട്ടില്ല..

വൈകുന്നേരങ്ങളില്‍, ഞങ്ങള്‍ ജനല്‍ തുറന്നു പറമ്പിലെ വാഴപ്പഴം, പപ്പായ, ചക്ക ഇത്യാദി ഫലങ്ങളെ നോക്കി വായില്‍ കപ്പലോടിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ അല്പം ധൈര്യമുള്ള ആശയും ഞാനും ജെപിയും ചേര്‍ന്ന് ഒരു ഓപറേഷന്‍ വാഴക്കുല തയ്യാറാക്കി..രോഗിക്ക് ഓപറേഷന്‍ നു തയ്യാറാവാന്‍(നന്നായി വിളഞ്ഞു പഴുക്കട്ടെ...)ഒരു ദിവസം സാവകാശം കൊടുത്തു..പക്ഷെ, ഓപറേഷന്‍ നിശ്ചയിച്ച തീയതിക്ക് തലേ ദിവസം രോഗിയെ കാണാതായി :(. അപ്പോള്‍ കപ്പലോടിക്കുന്നവര്‍ ഞങ്ങള്‍ മാത്രമല്ല!

ജനല്‍ പാളി തുറന്നു പുറത്തു ചാടിയ ഒരു ദിവസം, ഞങ്ങള്‍ക്ക് മനസ്സിലായി, പുറമെ നിന്നും YWCA യില്‍ കടക്കാന്‍ വളരെ എളുപ്പമാണ്...ഈ ആളൊഴിഞ്ഞ പറമ്പില്‍ കയറുക, ജനലിലും മറ്റും കൂടെ ചവിട്ടി ഈസിയായി YWCA ടെറസ്സില്‍ എത്തുക..ടെറസ്സില്‍ നിന്നും നേരെ സ്റ്റെയെഴ്സ് ഉണ്ട്..അത് ഇറങ്ങിയാല്‍ YWCA യുടെ ഉള്ളില്‍ എത്തും..കൃത്യമായി പറഞ്ഞാല്‍, ഞങ്ങളുടെ ഡോമിന്റെ നേരെ വാതില്‍ക്കല്‍!

തിരുവല്ല YWCA വളരെ മനോഹരമാണ്. വലിയ ഒരു കോമ്പൌണ്ട്. കോമ്പൌണ്ടില്‍, മൂന്ന്(അതോ, നാലോ?) ബ്ലോക്കുകള്‍. ഒന്നില്‍, റ്റൈറ്റസ് ടീച്ചിംഗ് കോളേജിലെ ബി എഡ് ചേച്ചിമാരും മറ്റും, പിന്നെ ഒന്നില്‍, കല്ലൂപ്പാറയിലെ കുട്ടികള്‍, പിന്നെ ഒന്നില്‍ വര്‍ക്കിംഗ്‌ ചേച്ചിമാര്‍. കോമ്പൌണ്ടില്‍ പേരയും മറ്റു മരങ്ങളും ഒക്കെ വളര്ന്നു നില്ക്കുന്നു. ഇടയ്ക്ക് ഹോസ്റ്റലില്‍ കൊച്ചമ്മമാരുടെ വക പലതരം പരിപാടികള്‍ ഉണ്ടാക്കാറുണ്ട്. ( -കൊച്ചമ്മാര്‍- ഹോസ്റ്റലിന്റെ മേല്നോട്ടക്കാരെ ഞങ്ങള്‍ വിളിക്കേണ്ടത് കൊച്ചമ്മമാര്‍ എന്നാണ്) പിന്നെ ഇടയ്ക്കിടയ്ക്ക് ചാരിറ്റി സെയില്‍്, കരകൌശല വസ്തു പ്രദര്ശനങ്ങള്‍്, ക്ലബ്ബ് മീറ്റിങ്ങ്..

സെലിന്‍ കൊച്ചമ്മയായിരുന്നു അന്ന് ഞങ്ങളുടെ വാര്‍ഡന്‍ . ഒരു സുന്ദരി. സാരിക്ക് മാച്ച് ചെയ്യുന്ന വളയും മാലയും കമ്മലും ഒക്കെയായിട്ട്‌, ആകെ ഫാഷന്‍് മയം. പിന്നെ, ഇടയ്ക്കിടയ്ക്ക് വിസിറ്റ് വരുന്ന വേറെ ഒരു കൊച്ചമ്മ. നമ്മുക്കവരെ, ജോളി കൊച്ചമ്മ എന്ന് വിളിക്കാം..പിന്നെ മേട്രന്‍് കൊച്ചമ്മ. മെസ്സിന്റെ ഒക്കെ ചുമതല.

YWCA യിലെ ദിനങ്ങള്‍ സുന്ദരമായിരുന്നു എന്ന് പറയാതെ വയ്യ. ഭക്ഷണം അത്ര നല്ലതൊന്നും ആയിരുന്നില്ലെന്കിലും, നല്ല വൃത്തിയും വെടിപ്പും ഉള്ള അന്തരീക്ഷം, പല തരക്കാരോട് ഇടപെഴകാന്‍ ഉള്ള സാഹചര്യം ഒക്കെ ഉണ്ടായിരുന്നു.കോളേജില്‍ നിന്നും YWCA യിലേക്ക് ചിലപ്പോ നടന്നു പോകാറുണ്ടായിരുന്നു. ആകെ കൂടി മനോഹരമായിരുന്നു അന്നത്തെ തിരുവല്ല.കിളി പാടും കാവുകള്‍..കളമെഴുതും പാടങ്ങള്‍.. പിന്നെ നല്ല ബേക്കറികളും. ജോസീസിലെ ഷവര്‍മയുടെ രുചി ഇപ്പഴും നാവിന്‍ തുമ്പത്ത് വരുന്നു..

രാത്രി ആകുമ്പോ സെലിന്‍ കൊച്ചമ്മ ഓഫീസ് റൂം പൂട്ടി, വീട്ടില്‍ പോകും.പിന്നെ,മെസ്സ് കൊച്ചമ്മ മാത്രമേ കാണൂ ഞങ്ങളെ നോക്കാന്‍് .YWCA യില്‍ ആകെ ഉള്ളത് ഒരു ടെലിഫോണ്‍് ആണ്. അതിന് നാലു ബ്ലോക്കിലും എക്സ്റ്റന്‍ഷന്‍ ഉണ്ടെന്നു മാത്രം.(ഇപ്പോള്‍ ഓര്മ വന്നു. നാലാമത്തെ ബ്ലോക്ക്, ഓഫീസിനോട് ചേര്‍ന്നുള്ളതാണ്. അതിലും അന്തേവാസികള്‍ ഉണ്ട്.) സെലിന്‍ കൊച്ചമ്മ പോകുമ്പോ, ഫോണ്‍ പൂട്ടി അകത്തു വച്ചിട്ടാണ് പോകുക. 2001-ലെ സംഭവമാണ്. അന്ന് ഇന്നത്തെ പോലെ മൊബൈല് ഫോണ്‍ ഒന്നും എല്ലാര്ക്കും ഉണ്ടായിരുന്നില്ല.

ഇതു, കഥയുടെ ആമുഖം. ബാക്കി പിന്നാലെ .

Wednesday, September 17, 2008

കാളരാത്രി!

ഇന്നലെ ആകെ ഒരു കാള ദിവസമായിരുന്നു.

രാവിലെ 8.20 നു തന്നെ ഓഫീസില്‍ എത്തി. മെയിലുകളുടെ ബഹളം. ഒഫീഷ്യല്‍ മെയില് ഒന്നുമല്ല, ഞങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പിലെ മെയില്. ഞങ്ങള്‍ ഫ്രണ്ട്സ് ആയിട്ടു വര്‍ഷം നാലാകുന്നു, ,ആഘോഷിച്ചാലോ എന്നാണ്...ഒന്നു ഒത്തു കൂടുക, പുട്ടടിക്കുക..അങ്ങനെ അങ്ങനെ..

ശിവാനസമുദ്രം മുതല്‍ ഫോറം വരെ നീണ്ടു ഐഡിയാസ്. അവസാനം ഒരു സിനിമ കാണാം, പിന്നീ മേരിക്കുട്ടീടെ വീട്ടില്‍ ഒത്തു ചേരാം എന്ന് തീരുമാനമായി.

പാവം കുറൂറു. അവിടെ കൊറിയയില്‍് കിടന്നു-സോറി, കിടക്കാന്‍ സമയം കിട്ടാറില്ലല്ലോ..ഇരുന്നു നടുവൊടിഞ്ഞു പണിയെടുക്കുന്നു...അത് കൊണ്ടു കുറൂറു നെ ഗെറ്റ്-റ്റുഗെതര്‍് ല് നിന്നു ഒഴിവാക്കി. ബാക്കി ആറു പേരും ബാഗ്ലൂര്‍് തന്നെ ഉള്ളത് കൊണ്ടു കാര്യങ്ങള്‍ എളുപ്പമായെന്നാ കരുതിയെ...

പക്ഷെ, ഇതിനിടയില്‍ കുഞ്ഞി പിണക്കങ്ങള്‍, വഴക്കുകള്‍ ഒക്കെ വന്നു. അങ്ങനെ മറുപടി മെയില്, സോള്‍വ്‌ ചെയ്യല്‍ മെയില്..ആകെ ഒരു കിന്റര്‍് ഗാര്ടന്‍് മയം. എന്തായാലും ഇന്നു ഒരു തീരുമാനത്തില്‍ എത്തുമായിരിക്കും!

ഇന്‍ബോക്സ് ഒരു ബോക്സ് ആയിരുന്നെന്കില്‍, സത്യമായും, അതിനെ എടുത്തു നാല് കുത്ത് കൊടുത്തേനെ! മെയില് ന്റെ ഇടയ്ക്ക് നൂറു കൂട്ടം പണി, മീറ്റിങ്ങ്---ആക്കെ ഭ്രാന്ത് പിടിച്ചു! പാമ്പ് കടിക്കാന്‍ എന്ന പ്രയോഗം അന്വര്ത്ഥമായി!

എല്ലാം കഴിഞ്ഞു , കുറൂറുനെ ഒന്നു VOIP വഴി വിളിക്കാം എന്നോര്‍ത്തു. അപ്പോളേയ്ക്കും 5.30 ടെ കാബ് അതിന്റെ പാട്ടിനു പോയി.6.40 കാബ് വീട് വരെ പോകില്ല. HAL ഇറങ്ങി, അവിടെന്ന് BEML വരെ പോയി, BEML ല് നിന്നു ബസ്സ് പിടിക്കണം..ഇത്രയും ബുദ്ധിമുട്ടുള്ളത് കൊണ്ടു ലാപ്ടോപ് എടുക്കണ്ട എന്ന് വച്ചു. ലാപ്ടോപ് ബാഗ് ഭദ്രമായി ഡ്രോയറില്‍് വച്ചു പൂട്ടി. ഒരു പാട്ടൊക്കെ പാടി വീട്ടിലെത്തി.

നാട്ടില്‍ അമ്മച്ചിയെ വിളിച്ചു കത്തി വച്ചു. വീടിനകത്ത് കേറിയാല്‍ റേഞ്ച് കിട്ടില്ല..അത് കൊണ്ടു ഗേറ്റിനു പുറത്തു തന്നെ നിന്നു കത്തി തീര്‍്ത്തു. എല്ലാം കഴിഞ്ഞു , വീടിന്റെ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍...

:((((((((((((((((

രാവിലെ കതകു പൂട്ടി, താക്കോല്‍ ലാപ്ടോപ് ബാഗിന്റെ സൈഡ് പോക്കറ്റില്‍് ട്രിം ന്നു പറഞ്ഞു ഇട്ടു വച്ചത് ഫ്ലാഷ് ബാക്കായി ഓടി വന്നു...ജിഹേഷിന്റെ, ലുങ്കിക്ക് പോക്കറ്റ് വയ്ക്കുന്ന കാര്യം വായിച്ചപ്പോള്‍ ഞാന്‍ ച്ചായ്! ലുങ്കി, പോക്കറ്റ് എന്നൊക്കെ പുച്ഛിച്ചു തള്ളി...പണ്ടൊക്കെ ദൈവം വേറെ എവിടെയോ (ഓര്‍മ്മയില്ല,എവിടാണെന്ന് !) വച്ചാണ് കൂലി കൊടുതിരുന്നതെന്കില്‍, ഇപ്പൊ ഇപ്പൊ വരമ്പത്താണെന്നു കുറൂറു എപ്പളും എന്നോട് പറയും...അത് വീണ്ടും ഓര്ത്തു :( ജിഹേഷേ..ക്ഷമിക്കു!

വീട് തുറന്നല്ലേ പറ്റൂ ...ഓണര്‍ ന്റെ അടുത്ത് പോയി സ്പെയര്‍ കീ ചോദിച്ചു...പുള്ളീടെ ഭാര്യ, ഒന്നല്ല, മൂന്ന് സ്പെയര്‍ കീ തന്നു...പക്ഷെ ഒന്നും പൂട്ടിന്റെ അകത്തു പോയിട്ട്, ഏഴയലത്തു വരെ കയറുന്നില്ല! അപ്പൊ പിന്നെ, ഇനി ചലോ മാര്‍്ത്തഹള്ളി എന്ന് മനസ്സു പറഞ്ഞു....അല്പം വെള്ളം തരുമോ ആന്റി എന്ന് ചോദിച്ച എന്റെ ദയനീയ ഭാവം കണ്ടിട്ടാവണം, ആന്റി, ഒരു മുട്ടന്‍ ഗ്ലാസില്‍് വെള്ളവും, പിന്നെ ഒരു മുഴുത്ത പേരയ്ക്കയും തന്നു. കഴിഞ്ഞു , അത്താഴം...

ഓഫീസില്‍ പോയി.അവിടെ സ്വൈപ് ഡോര്‍ പൂട്ടി സെക്യൂരിറ്റി പുള്ളിക്കാരന്റെ പാട്ടിനു പോയി..പിന്നെ മെയിന്‍ എന്ട്രന്‍സ് വഴി അകത്തു കേറി, താക്കോല്‍ എടുത്തു പുറത്തു വന്നു..

വീട്ടില്‍ എത്തിയപ്പൊള്‍് 10.30 .വീടെത്തിയപ്പോഴാണ് വേറെ കാര്യം ഓര്‍ത്തത്‌..താക്കോല്‍ റിട്രീവ് ചെയുന്ന തിരക്കില്‍, ഞാന്‍ ടിഫിന്‍ ബോക്സ് ഓഫീസില്‍ വച്ചിട്ട് പോന്നു...എപ്പോഴും എന്തെങ്കിലും ഒന്നു അവിടെ സ്ഥിരമായി ഇരുന്നില്ലേല്‍ മോശമല്ലേ :(

Sunday, September 7, 2008

ചില വാരാന്ത്യ ചിന്തകള്‍ ..പിന്നെ , സ്പോണ്ടിലൈറ്റിസും (spondilytis)



ഇക്കഴിഞ്ഞ വാരാന്ത്യം ആകെ സംഭവ ബഹുലമായിരുന്നു. കഴിഞ്ഞ ഒരു രണ്ടു മാസത്തോളമായി വല്ലാത്ത കഴുത്ത് വേദന, പിന്നെ രാവിലെ എണീക്കുമ്പോള്‍ തന്നെ കയ്പത്തിക്ക് മരവിപ്പ്..അങ്ങനെ ആകെ പേടിച്ചു പോയി. കയ്പത്തി മരവിപ്പ് പിന്നെ വിരല്‍ തുമ്പില്‍ മാത്രം ആകും. ദിവസം മുഴുവനും ഉണ്ടാവുകയും ചെയും. കുറുറു പോകുന്നത് പ്രമാണിച്ച് ഞങ്ങള്‍ സാധനങള്‍ വാങ്ങുകയും, അടുക്കുകയും ചെയുന്ന തിരക്കിലായത് കൊണ്ടു ഉടനെ കാണിക്കാന്‍ പറ്റിയില്ല..ശരിക്കും പേടിച്ചു. doctorNDTV യിലേക്ക് ഒരു മെയിലും അയച്ചു. അവരുടെ മറുപടി പിറ്റേന്ന് തന്നെ വന്നു. cervical spondylitis ആകാം എന്നായിരുന്നു മറുപടി.

കുറുറു പറഞ്ഞതു, നിനക്കു മാനസിക രോഗമാണ് എന്നാണ്...രോഗത്തെ കുറിച്ചുള്ള പേടിയാണത്രേ. ഒരു മുട്ടന്‍ വഴക്ക് തന്നെ ഉണ്ടായി പിന്നീട്. എന്തായാലും, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലേക്ക് വിളിച്ചു. ചികിത്സ ഉണ്ടോ, തളര്‍ന്നു കിടപ്പിലാകുമോ, ചികിത്സയ്ക്ക് എത്ര രൂപ ആകും ഒക്കെ അന്വേഷിച്ചു. അരാഫത്ത് എന്ന് പേരുള്ള ഒരു നല്ല ഡോക്ടര്‍, എല്ലാം വിസ്തരിച്ചു പറഞ്ഞു തന്നു. പേടിക്കണ്ട എന്നും പറഞ്ഞു. ഒരു പരിചയവും ഇല്ലാഞ്ഞിട്ടും, ഫോണിന്റെ അങ്ങേ തലയ്ക്കലെ ശബ്ദത്തിലെ ഉത്കണ്ഠയും പേടിയും മനസ്സിലാക്കിയ ഡോക്ടര്‍, അങ്ങേയ്ക്ക് ആയിരം നന്ദി!

എന്തായാലും CMH ഹോസ്പിറ്റലില്‍ പോയി. orthopaedics-ല്‍ ഡോക്ടര്‍ ഉദയകുമാറിനെ കണ്ടു. പുള്ളിക്കാരന്‍ പറഞ്ഞു, ഞാന്‍ ഒരു പെയിന്‍് കില്ലര്‍് തരാം, അത് കഴിച്ചിട്ട് വന്നു നോക്ക് എന്ന്. അതല്ല ഡോക്ടര്‍എന്ത് ടെസ്റ്റ് വേണമെങ്കിലും ചെയ്യാം..i just want to know whatz going on എന്നൊക്കെ പറഞ്ഞു. അങ്ങനെ Xray ചെയ്തു. ഡോക്ടര്‍ പറഞ്ഞതു താങ്കളുടെ സ്പൈന്‍് പെര്‍ഫെക്റ്റ് ആണ്. അസുഖം ഒന്നും ഇല്ല എന്നാണ്. ശരിക്കും സന്തോഷമായി. എന്തായാലും spondylitis അല്ലല്ലോ. ഇനി ഒരു ടെസ്റ്റ് കൂടെ ചെയ്യണം. കൈപത്തിയിലെക്കുള്ള രക്ത പ്രവാഹം തടസ പെടുന്നുണ്ടോ എന്നറിയാന്‍. nerve conduction test. അത് CMH-ല്‍ ഇല്ല. ലാല്‍ ബാഗ് വരെ പോകണം. അതിനി കുറുറു വന്നിട്ടാകാം എന്ന് വച്ചു. spondylitis ആണെന്ന് കരുതി ഞാന്‍ ഒത്തിരി പേടിച്ചു, സങ്കടപെട്ടു, വൈ മി എന്ന് ഓര്‍ത്തു പ്രാര്ത്ഥിച്ചു, ബൈബിള്‍ വായിച്ചു. ദൈവമേ രോഗത്തെ കുറിച്ചും രോഗാവസ്ഥയെ കുറിച്ചും നിനക്ക് നന്ദി എന്ന് പറഞ്ഞു...

അസുഖം ഇല്ല എന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാതായപ്പോള്‍ പിന്നെ പുസ്തകം വായിച്ചേക്കാം ന്നു വച്ചു. ഒന്നല്ല, മൂന്നെണ്ണം. സുധ മൂര്‍ത്തിയുടെ ഡോളര്‍ ബഹു, ജുമ്പാ ലാഹിരിയുടെ unaccostomed earth, പിന്നെ പൌലോ കൊയ് ലോ യുടെ Brida (ഇതു എങ്ങനെയാണു ഉച്ചരിക്കേണ്ടത്? ബ്രിഡ എന്നോ ബ്രൈഡ എന്നോ?)…ബ്രിഡ നല്ല പുസ്തകമാണ്. ഒത്തിരി ഇഷ്ടപ്പെട്ടു. ഡോളര്‍ ബഹു ഒട്ടും കൊള്ളില്ല. നല്ല ഒരു തീം മാത്രം ഉണ്ട്. ബാക്കി ഒക്കെ cv നിര്‍മല ടച്ച്‌. Unaccostomed earth- ഒരു ഓക്കേ ബുക്ക് മാത്രം.

ഇനി നമുക്കു spondylitis ലേയ്ക്ക് തന്നെ മടങ്ങി വരാം. പറ്റാവുന്ന സൈറ്റുകളില്‍ നിന്നും, പുസ്തകങ്ങളില്‍ നിന്നും spondylitis നെ കുറിച്ചു കുറെ വിവരങ്ങളും അറിഞ്ഞു. വായിക്കുന്നവര്‍ക്ക് ഉപകാരപെടുമെന്നു കരുതി, അതെല്ലാം ഇവിടെ കുറിക്കുന്നു.

ആമുഖം കുറച്ചു ദീര്‍്ഘമായി പോയി.


എന്താണ് spondylitis:

Spondylitis എന്നത്, spine/backbone-നെ ബാധിക്കുന്ന ഒരുതരം വാതം (arthritis ) ആണെന്ന് പറയാം. പുറം വേദന, മരവിപ്പ് ഇതൊക്കെയാണ് ലക്ഷണങ്ങള്‍. നട്ടെല്ലിലെ എല്ലുകള്‍, അഥവാ കശേരുക്കള്‍ (vertebrae), ഒന്നിച്ചു കൂടിചെരുകയോ, അല്ലെങ്കില്‍ വളര്‍ന്നു വളയുകയോ ചെയ്യാം, ഇതെല്ലാം നട്ടെല്ലിന്റെ ശരിക്കുള്ള ശാരീരിക നിലയെ പ്രതികൂലമായി ബാധിക്കുന്നു. കടുത്ത രോഗബാധ ശരീരത്തിന്റെ ആകൃതിയെ തന്നെ മാറ്റി മറിച്ചേക്കാം.ആദ്യമേ തന്നെ കണ്ടുപിടിക്കുന്നത്, വേദന കുറയ്ക്കാനും, രോഗം കൂടുതല്‍ പുരോഗമിക്കുന്നത് തടയാനും സഹായിക്കും.

ജോയിന്റ്സിനുണ്ടാകുന്ന വേദന മാത്രമല്ല ലക്ഷങ്ങള്‍. പനി, ക്ഷീണം, വിശപ്പില്ലായ്മ, കണ്ണിനു വരുന്ന ചില അസുഖങ്ങള്‍, ഇതൊക്കെ ലക്ഷങ്ങളില്‍ പെടുന്നു. ഇതിന്റെ മൂല കാരണം പാരമ്പര്യമാണെങ്കിലും, ആളുകള്‍ സ്വയം വിളിച്ചു വരുത്തുന്ന രോഗമാണ് spondylitis എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നതു.

സാധാരണ പ്രായമായവരില്‍ മാത്രം കണ്ടു വന്നിരുന്ന അസുഖമാണിത്.എന്നാല്‍, മാറുന്ന ജീവിത സാഹചര്യങ്ങള്‍ മൂലം, ഇന്നു 25 വയസ്സ് മാത്രം പ്രായമുള്ളവരില്‍ പോലും ഇതു പ്രത്യക്ഷമാകുന്നു. പ്ലസ് ടു വിനു പഠിക്കുന്ന ഒരു കുട്ടിക്ക് പോലും ഈ അസുഖം വന്നതായി റിപ്പോര്ട്ട് ഉണ്ട്.

നമ്മുടെ ഇരിപ്പ്, നടപ്പ്, കിടപ്പ്-ഇതൊക്കെയാണ് രോഗം വരുത്തി വയ്ക്കുന്ന മുഖ്യ ഖടകങ്ങള്‍. പാരമ്പര്യവും ഒരു പ്രധാന ഫാക്റ്റര്‍ ആണ്. ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍, പിന്നെ ഇതു ചികിത്സിച്ചു മാറ്റാന്‍ പറ്റില്ല. രോഗത്തിന് ആശ്വാസം പകരുന്ന മരുന്നുകള്‍ മാത്രമെ ഉള്ളു. അതില്‍ തന്നെ, അലോപതിയില്‍ വേദന സംഹാരികള്‍ ആണ് പ്രധാനമായും നല്കുന്നത്. സര്‍്ജെറിയും ഉണ്ട്. എന്നാല്‍, ആയുര്‍വേദത്തില്‍ ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്.പൂര്‍ണമായി ഭേദമാക്കാന്‍ പറ്റില്ലെങ്കിലും, വര്‍ഷത്തിലൊരിക്കല്‍ ഉഴിച്ചില്‍ , ധാര ഒക്കെ ചെയ്താല്‍, നല്ല ആശ്വാസമുണ്ടാകും. ഏകദേശം മുപ്പതിനായിരം രൂപയൊടടുപ്പിച്ചാകും ചികിത്സയ്ക്ക്. ഇതു കിടന്നുള്ള ചികിത്സയ്ക്കാണ് കേട്ടോ. ആരംഭത്തില്‍ മരുന്ന് മാത്രം കഴിച്ചാല്‍ മതി .

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്, രോഗം വരാതെ നോക്കുന്നതാണ്. ഇരിക്കുമ്പോളും, നടക്കുമ്പോളും, ബൈക്കില്‍ യാത്ര ചെയുമ്പോളും ഒടിഞ്ഞു കുത്തി യുള്ള പോസ്ചര്‍് ഒഴിവാക്കുക.

തലയില്‍ കിലോകണക്കിനു ഭാരം വയ്ക്കുന്ന പോര്‍്ടര്മാര് ഉണ്ട്. അവര്‍ക്കാര്‍ക്കും ഈ അസുഖം വന്നതായി റിപ്പോര്ട്ട് ചെയ്തിട്ടില്ല. വ്യായാമത്തിന്റെ അഭാവമാണ് ഈ രോഗത്തിന് ഒരു കാരണം എന്ന ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍ക്കു അടിവരയിടുന്ന കണ്ടെത്തലാണ് ഇതു.പിന്നെ, പ്രധാനമായും സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്ക്കാണത്രേ ഇതു കണ്ടു വരുന്നതു. എന്ന് വച്ചു, ജോലി രാജി വയ്ക്കാന്‍ പറ്റുമോ? CPU അല്ലേ നമ്മുടെ ചോറ്?

ഇനി രോഗം വരാതെയിരിക്കാന്‍ എന്ത് ചെയ്യണം എന്ന് നോക്കാം:

  1. ദിവസവും ഒരു അര മണികൂര്‍ എങ്കിലും നടക്കുക
  2. യോഗാസനങ്ങള്‍ ശീലമാക്കുക്ക


  3. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഓരോ ഒരു മണിക്കൂറിലും ഒരു അഞ്ചു മിനിട്ട് എങ്കിലും ഒന്നു എണീറ്റ്‌ നടന്നു വരുക


  4. കമ്പ്യൂട്ടര്‍ സ്ക്രീനും കണ്ണും ഏകദേശം ഒരേ ലെവലില്‍ ആയിരിക്കുക,


  5. കീ ബോര്‍ഡ് നോക്കി ടൈപ്പ് ചെയുന്നതിന് പകര, സ്ക്രീന്‍ നോക്കി ടൈപ്പ് ചെയുന്നത് ശീലമാക്കുക,


  6. കിടക്കുമ്പോള്‍ എംബ്രിയൊ പൊസിഷന്‍് ഒഴിവാക്കുക,


  7. സെര്‍്വികല്‍് പില്ലോ ഉപയോഗിക്കുക..
ഇതൊക്കെ ലളിതവും, പിന്തുടരാന്‍ എളുപ്പവും ആണ് പിന്നെ, രോഗം വന്നു കഴിഞ്ഞാല്‍, അത് മാറ്റാന്‍ പ്രയാസമാണ്. വേദന അസഹനീയമാണ്. "മീശ മാധവന്‍ " സിനിമയിലെ കൊച്ചിന്‍ ഹനീഫ യെ പോലെ നടക്കേണ്ടി വരും…

ചില യോഗാസന മുറകള്‍ :

ഹലാസനം,സര്‍വാംഗാസനം etc. യോഗാസനങ്ങളുടെ ഒക്കെ പടം ഡൗണ്‍ലോഡ്‌ ചെയ്തിട്ടുണ്ട്...അതൊക്കെ ഒന്നു ഗൂഗിള്‍ ചെയ്താല്‍ കിട്ടാവുന്നതെ ഉള്ളു എന്ന് തോന്നിയത് കൊണ്ടു, ബ്ലോഗിന് അധിക ഭാരം കൊടുക്കുന്നില്ല..

Thursday, August 28, 2008

നല്ല ഒരു ദിവസം!


ഇന്നലെ ഓഫീസില്‍ എത്തിയത് വളരെ "നേരത്തെയാണ്"...11.30 യ്ക്ക്!. കുറുറു ന്റെ ഓഫീസ് വരെ പോകണമായിരുന്നു.കുറുറു കൊറിയയ്ക്ക് പോയി. ഇനി മാസം മൂന്ന് കഴിയും എത്താന്‍. അതുവരെ ഞാനും എന്റെ പുസ്തകങ്ങളും മാത്രം ശരണം... ക്രോസ്സ്‌ വേഡില്‍് കുറച്ചു ഡിസ്കൌണ്ട് ഉണ്ടെന്നു കേട്ടു..ഒന്നു പോയി നോക്കണം.

രാവിലെ ബസ്സ് പിടിച്ചു വീട്ടില്‍ നിന്നു കുറുറു ന്റെ ഓഫീസില്‍ എത്തി, കുറച്ചു കശുവണ്ടി പിന്നെ ഹല്ദിരാമിന്റ്റെ മിക്സ്ചര്‍് ഒക്കെ ഒരാളിന്റെ കയ്യില്‍ ഏല്പിച്ചു. ആ പുള്ളി ഇന്നു കൊറിയയ്ക്ക് പോകുവാണ്‌.

ബാഗ്മനെ ടെക് പാര്‍കില്‍ നിന്നു ഇറങ്ങിയപ്പോള്‍ 10.30 .പിന്നെ വേറെ ഒന്നും നോക്കിയില്ല. അവിടെ നിന്നു റിട്ടേണ്‍ പോകുവായിരുന്ന ഒരു ഓട്ടോ വിളിച്ചു, HAL വരെ പോയി...ഓട്ടോ യില്‍ നിന്നു ചാടി ഇറങ്ങി ബസില്‍ ഓടിക്കേറി നേരേ ഓഫീസിലേയ്ക്ക്...

ഓഫീസില്‍ എത്തി ബാഗ് തുറന്നപ്പോളാണറിയുന്നത് , എന്റെ ക്യാപ് മിസ്സിംഗ്‌ ആണ്. കഴിഞ്ഞ തവണ കൊറിയയില്‍് നിന്നു വന്നപ്പോള്‍ കുറുറു കൊണ്ടു തന്ന ക്യാപ്...നല്ല കോട്ടണ്‍ ആണ്..ക്രീം കളര്‍്. രാവിലെ നല്ല വെയില്‍ ഉണ്ടായിരുന്നത് കൊണ്ടു ബാഗ്മാനെയുടെ ഉള്ളില്‍ വച്ചു ക്യാപ് തലയില്‍ വച്ചതാണ്...ഓട്ടോയില്‍ നിന്നു ധ്രൃതിയില് ഇറങ്ങിയപ്പോള്‍ മടിയില്‍ നിന്നു താഴെ വീണതാവും...സമാധാനിക്കാന്‍ ശ്രമിച്ചിട്ട് പറ്റിയില്ല...ക്യാപിന്റെ ഭംഗി, വില , ഒന്നുമല്ല എന്നെ വിഷമിപ്പിച്ചത്, അത്രയും ദൂരത്തു നിന്നു കുറുറു എനിക്ക് വേണ്ടി സമയം ചിലവാക്കി വാങ്ങിയതാണ്.അത് എന്റെ ഒറ്റ നിമിഷത്തെ അശ്രദ്ധ കൊണ്ടു പോയി.

വൈകുന്നേരം 7 മണിയായി ഇറങ്ങാന്‍. HAL വരെ ബസിനു പോയി. അവിടെ ഇറങ്ങിയപ്പോള്‍ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഉണ്ട്. വെറുതെ പോയി നോക്കി. രാവിലത്തെ അതെ ഓട്ടോക്കാരന്‍, അതാ ഒരു ഓട്ടം പോകാന്‍ തുടങ്ങുന്നു! ഞാന്‍ പറന്നെത്തി, അയാളുടെ അടുത്ത്...അയാള്‍ ആ ക്യാപ് ഭദ്രമായി സീറ്റിനു പുറകില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു! നല്ല മനുഷ്യന്‍! രാവിലെ 30 രൂപ കൊടുത്തെങ്കിലെന്താ ക്യാപ് കിട്ടിയല്ലോ! നല്ല ദിവസം...എനിക്കൊരു പാട്ടു പാടാന്‍ തോന്നിപ്പോയി..തീര്‍ന്നില്ല..ആ ഓട്ടോക്കാരന്‍, ബെമല്‍ എന്ന് വിളിച്ചു പറഞ്ഞു ആളെ കേറ്റുന്നുണ്ടായിരുന്നു- ഷെയര്‍ ഓട്ടോ! ഞാനും കയറി. 5 രൂപ കൊടുത്തു ബെമല്‍ വരെ എത്തി..എത്തിയതും ബസ്സ് കിട്ടി..ബസ്സ് ഡ്രൈവര്‍ എനിക്ക് എന്റെ വീടിന്റെ തൊട്ടടുത്ത്‌ ബസ്സ് നിര്‍ത്തി തന്നു.....

ലോട്ടറി എടുത്തിരുന്നെങ്കില്‍ അടിച്ചേനെ എന്ന് തോന്നിപോയി. അത്ര നല്ല ദിവസം!


Wednesday, August 20, 2008

വി എസ് സര്‍ക്കാര്‍ വാഴ്ക,വാഴ്ക,വാഴ്ക!


ബന്ദിനെ വേഷം കെട്ടിച്ചു ഹര്‍്ത്താലാക്കി...ഇപ്പൊ ദാ..പണിമുടക്കും...
ട്രെയിനുകള്‍ പോലും തടയുന്ന പണിമുടക്ക്‌..അത് കണ്ടില്ല കേട്ടില്ല്ല എന്ന് വയ്ക്കാന്‍ ഭരണപക്ഷത്തിന്റെ ഒത്താശയും.
കൊള്ളാം സര്‍ക്കാരേ, കൊള്ളാം..നിങ്ങളെ വോട്ട് ചെയ്തു ജയിപ്പിച്ച ജനങള്‍്ക്കിട്ടു ഇങ്ങനെ തന്നെ കൊട്ടണം..കൊട്ടി കൊട്ടി തല തല്ലി പൊളിക്കണം...
ബഹുമാനപ്പെട്ട കേരള ഹൈ കോടതി, ഈ പണിമുടക്ക്‌ കാണുമെന്നും, എന്തെങ്കിലും തീരുമാനം കൈക്കൊള്ളുമെന്നും ആശിക്കുന്നു...

Wednesday, August 13, 2008

ഇനിയും വടി കൊടുക്കല്ലേ...

രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു പ്രസ്ത്ഥാനം, കേവലം ഒരു നൂറ്റാണ്ട് മാത്രം പഴക്കമുള്ള ഒരു പ്രത്യയ ശാസ്ത്രത്തിന്റെ കയ്യില്‍ ഇന്നാ വടി ഇന്നാ വടി എന്നെ തല്ലൂ എന്ന് പറഞ്ഞു കൊടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്.

സഭാ വിശ്വാസികളെ മൊത്തം വിഷമത്തിലാഴ്തുന്ന സംഭവങ്ങള്‍. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് സംബന്ധിച്ചുളള സത്യം ഇനിയും പുറത്തു വന്നിട്ടില്ല. അതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടുമില്ല. അതിനിടയിലാണ് വേറെ ഒരു സിസ്റ്റര്‍ കൂടി ആത്മഹത്യ ചെയ്തിരിക്കുന്നത്.

ആത്മഹത്യ പാപമാണ് എന്നാണു സഭ പഠിപ്പിക്കുന്നത്. ആ സഭയില്‍, ആ സഭയുടെ ശിരസ്സിനെ മണവാളനായി കാണുന്ന ഒരു അന്തേവാസിനി, ആത്മഹത്യ ചെയ്യണമെങ്കില്‍, എത്രമാത്രം ആത്മ സന്ഘര്ഷണങളിലൂടെ കടന്നു പോയിട്ടുണ്ടാവും ആ കുട്ടി! സത്യം എന്താണെന്നു എനിക്കറിയില്ല. സംഭവത്തെ പെരുപ്പിച്ചു കാട്ടുന്ന മാധ്യമങ്ങള്‍ക്കും അറിവുണ്ടാക്കാന്‍ സാധ്യതയില്ല.

സങ്കടം കൊണ്ടാണ് എങ്ങനെ ഒരു ബ്ലോഗ് എഴുതി പോകുന്നത്. തെറ്റാണെങ്കില്‍, ദൈവമേ നീ പൊറുക്കണേ.


എന്റെ പൊന്നു കത്തോലിക്കാ സഭേ, സഭയില്‍ ആളുകള്‍ ഇല്ലാഞ്ഞിട്ടാണോ, ദൈവ വിളി ഇല്ലാത്തവരെ ചാക്കിട്ടു പിടിക്കാന്‍ നടക്കുന്നത്? സഭ അന്യം നില്ക്കും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? മഹത്തായ റോമാ സാമ്രാജ്യത്തിന്റെ വെല്ലു വിളികളെ അതിജീവിച്ച സഭ, മൂന്ന് മാര്‍പ്പാപ്പമാര്‍ വരെ ഒരേ സമയം ഉണ്ടായിരുന്ന തരത്തിലുള്ള അന്ത:ഛിദ്രങ്ങളെ അതി ജീവിച്ച സഭ- ആ സഭ അന്യം നില്ക്കും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ??



വേണ്ടത്ര ദൈവ വിളി ഇല്ലാത്തതു എന്നു പറഞ്ഞതു: ദൈവ വിളിയുള്ള ഒരു വ്യക്തിക്കും പ്രലോഭനത്തിന് അടിപെടാന്‍ പറ്റില്ല.കാരണം, ദൈവ വിളി എന്നത് കാലണയ്ക്കു പീടികയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ചരക്കല്ല...മക്കളും സ്വത്തും എല്ലാം നഷ്ടപ്പെട്ട്, ആരിലും അറപ്പ് ജനിപ്പിക്കുന്ന ദീനം വന്ന സമയത്തും ജോബിനെ താങ്ങി നിര്‍ത്തിയ സത്യം- അതാണ് ദൈവ വിളി. കൂര്‍ത്ത കല്ലുകള്‍ ദേഹത്ത് പതിക്കുമ്പോഴും സ്തെഫാനോസിനു ധൈര്യം പകര്ന്നു കൊടുത്ത സത്യം- അതാണ്‌ ദൈവ വിളി. ഓരോ ചെറിയ കാര്യം, ഓരോ ദുഖവും, ഓരോ വേദനയും, ദൈവമേ നിനക്കു വേണ്ടി എന്ന് പറഞ്ഞു ഏറ്റെടുക്കാന്‍ കൊച്ചു ത്രേസ്യയ്ക്ക് തോന്നിച്ച നിത്യ സത്യം- അതാണ്‌ ദൈവ വിളി.

എന്റെ കണ്ണ് കൊണ്ടു ഞാന്‍ കണ്ടിട്ടുണ്ട്, ഒരു വൈദികന്‍ മൂലം കളിചിരി നിര്‍ത്തി വച്ച ജിഷയെ. എന്റെ പ്രിഡിഗ്രി ക്ലാസ്സില്‍ ഏറ്റവും ബഹളം ഉണ്ടാക്കിയിരുന്ന സുന്ദരിക്കുട്ടി. പെട്ടന്നൊരു ദിവസം മുതല്‍ ജിഷ കളിയും ചിരിയും എല്ലാം നിര്‍ത്തി. ആരോടും മിണ്ടാതെയായി. ക്ലാസ്സ് കട്ട് ചെയ്തു കോളേജ് ചാപലില്‍് പോയിരുന്ന ജിഷയെ സിസ്റ്റര്‍ കയ്യോടെ പിടികൂടുകയും ചെയ്തു. ആയിടയ്ക്ക്, ഞങ്ങളുടെ പള്ളി സെമിനാരിയില്‍ ഒരച്ചന്‍ ആത്മഹത്യ ചെയ്തിരുന്നു- ആത്മഹത്യ അല്ല തല്ലി കൊന്നു കെട്ടി തൂക്കിയതാണെന്നൊക്കെ പറയുന്നണ്ടായിരുന്നു. എന്റെ ക്ലാസിലെ വേറെ ഒരു കുട്ടിയാണ് പറഞ്ഞതു, ആ സംഭവത്തിനുശേഷമാണ് ജിഷ ഇങ്ങനെ എന്ന്. അതിന്റെ ഡീറ്റയില്‍്സ് ഒന്നും അന്വേഷിക്കാന്‍ പോയില്ല ഞങ്ങള്‍. കാരണം, ജിഷയ്ക്ക് വന്ന മാറ്റം അത്ര കഷ്ടമായിരുന്നു.പ്രിഡിഗ്രി കഴിഞ്ഞു ജിഷ മംഗലാപുരത്തു BDSനു ചേര്ന്നു. അവിടെ അതി കഠിനമായ റാഗിങ്ങ് ആണെന്നും കേട്ടു. പക്ഷെ, ആദ്യത്തെ ലീവിനു ജിഷ മാത്രം നാട്ടില്‍ വന്നില്ല.


പത്താം ക്ലാസ്സില്‍ പഠിക്കുന്ന എന്നോട്, ഞങ്ങളുടെ സിസ്റ്റര്‍ പറഞ്ഞിരുന്നു- നീ ഞങ്ങളുടെ കൂടെ പോരൂ, നിന്നെ ഡോക്ടര്‍ആക്കാം എന്ന്. ഇതാണ് ചൂണ്ട. ഇങ്ങനെ ചൂണ്ടയിടേണ്ട ആവശ്യം എന്താണ്? ദൈവവിളിയുള്ളവര്‍ സ്വമേധയാ വന്നു കൊള്ളില്ലേ? എന്റെ ക്ലാസിലെ ബീന അങ്ങനെ മഠത്തില്‍ ചേര്‍ന്നതാണ്. നാല് പെണ്മക്കള്‍ ഉള്ള വീട്ടിലെ രണ്ടാമത്തെ കുട്ടി...സുന്ദരി. പാവപ്പെട്ട വീട്ടിലെ ആയതു കൊണ്ടാണ് ബീന മഠത്തില്‍ ചേരാന്‍ പോകുന്നത് എന്ന് ബാക്കിയുള്ള കുട്ടികള്‍ പറഞ്ഞറിഞ്ഞു.

വേറെ ചില കഥാപാത്രങ്ങള്‍ ഉണ്ട്: സെമിനാരി കഥാപാത്രങ്ങള്‍. നല്ല ഇഗ്ലിഷ് പഠിക്കാന്‍, നല്ല വിദ്യഭ്യാസം കിട്ടാന്‍ സെമിനാരിയില്‍ ചേരുന്നവര്‍. ഡിഗ്രി കഴിയുന്നതോടെ ചാടി പോരും ഇക്കൂട്ടര്‍. പാതി പട്ടക്കാരന്‍ എന്ന് വിളിച്ചു കളിയാക്കാറുണ്ട്. അവിടെയും, ആണ്‍കുട്ടികള്‍ മാത്രമാണ് ഇങ്ങനെ സഭയെ കളിപ്പികുന്നത്.


കള്ള നാണയങ്ങള്‍ക്ക് സഭ എന്തിന് അവസരം കൊടുക്കണം? വിശുദ്ധ പൗലോസ്‌ ശ്ലീഹാ പറഞ്ഞതെന്താണ്? ക്രിസ്തുവിനു വേണ്ടി, ഒരുവന്‍ അല്ലെങ്കില്‍ ഒരുവള്‍ ബ്രഹ്മചര്യം പാലിക്കുന്നതില്‍ കുഴപ്പമില്ല, പക്ഷെ അതില്‍ ഉറച്ചു നില്ക്കാന്‍ കഴിയുന്നില്ലെന്കില്‍്, മറ്റുള്ളവര്‍ക്ക് കൂടെ ഇടര്‍്ച്ചയുണ്ടാക്കരുത്, കുടുംബ ജീവിതം നയിക്കാം എന്നാണ്.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ്, തിരഞ്ഞെടുപ്പ് സമയത്തു, അച്ചന്മാര്‍ തന്നെ വിശ്വാസികളെ ഇടതിന് വേണ്ടി വോട്ട് ചെയ്യാന്‍ ഉത്ബോധിപ്പിച്ചിരുന്നു. ആലപ്പുഴയില്‍,വി എം സുധീരന്‍ എന്ന ആദര്‍്ശ നേതാവിനെ അട്ടിമറിക്കാന്‍ ലാറ്റിന്‍ കത്തോലിക് അസോസിയേഷനും കൂട്ട് നിന്നു...എല്ലാത്തിനും, ഇപ്പോള്‍ ആവശ്യത്തിനു കിട്ടുന്നുണ്ടല്ലോ അല്ലെ? വടി കൊടുത്തു അടിയല്ല, മുട്ടന്‍ അടി മേടിച്ചു.


ഇനി സ്വന്തം കയ്യില്‍ നിന്നു വേറെ വടി കൂടെ കൊടുക്കാതെ. നിര്‍ബന്ധിച്ചു സോപ്പിട്ടും മഠത്തിലേയ്ക്ക് ആളെ എടുക്കുന്ന പതിവു ഇനിയെന്കിലും നിര്ത്തികൂടെ. കണ്ണില്‍ കണ്ട വനിതാ കമ്മീഷന്‍ ഉം, പിന്നെ വഴിയേ പോകുന്നവര്‍ക്കെല്ലാം കേറി മേയാന്‍ ഉള്ളതല്ല തിരു സഭ എന്ന് ഇനിയെന്കിലും ആള്‍ക്കാര്‍ക്ക് ബോധ്യം വരുത്തു. സഭ എന്നാല്‍ വിശ്വാസിക്ക് ജീവശ്വാസം ആണ്. ആ സഭയെ തോന്നുന്നവ്നെല്ലാം കേറി കല്ലെറിയുമ്പോള്‍ സന്കടമുണ്ട്. ഇന്നലെ പെയ്ത മഴയില്‍ കുരുത്ത പ്രസ്ഥാനത്തിലെ ആളുകള്‍ക്ക് നാക്കിന്നെല്ലില്ലാതെ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടായി പാടാന്‍ തോന്നുന്നെന്കില്‍, അത് സഭയുടെ നെഞ്ചത്ത് വേണ്ട! അങ്ങ് റഷ്യായിലോ, അല്ലെങ്കില്‍ ചൈനയിലോ പോയിട്ട് മതി!

Sunday, August 10, 2008

അഭിനവിനു അഭിനന്ദനങ്ങള്‍

അങ്ങനെ ഇന്ത്യ വീണ്ടും സ്വര്ണമണിഞ്ഞു...
വ്യക്തിഗതമായ ആദ്യ സ്വര്‍ണം...28 വര്‍ഷങ്ങള്‍ക്കു ശേഷം..
അഭിനവ്, നന്ദി, ഒരായിരം നന്ദി...
അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോയി അഭിനന്ദനം അറിയിക്കാം..
ബ്ലോഗ് അഡ്രസ്സ് ഇതാ:
http://abhinavbindra.blogspot.com/

വരമൊഴി പ്രശ്നം...



എന്റെ വരമൊഴിയില്‍ പരിഭാഷയ്ക്ക് എന്തോ പ്രശ്നം..ഞാന്‍ ഇപ്പൊ വാക്കുകള്‍ ബൈ വാക്കുകള്‍ കോപ്പി ചെയ്താണ് ഇത്രയും ടൈപ്പിയത്.. ആരെങ്കിലും സഹായിക്കൂ...സിബുവിനെ ഞാന്‍ കോണ്ടാക്റ്റ് ചെയ്തു..നോ രക്ഷ...

Wednesday, July 9, 2008

മേയ് മാസ സ്മരണകള്‍..


ഒന്നു മുതല്‍ നാലു വരെ പള്ളി സ്കൂളിലെ പഠനം കളി ചിരിയോടെ കഴിഞ്ഞു. നാലാം ക്ലാസ്സ്‌ കഴിഞ്ഞാല്‍ പിന്നെ, വീടിനു കുറച്ചകലെയുള്ള കാട്ടൂര്‍ സ്കൂളിലാണു സാധാരണയായി നാട്ടിലെ കുട്ടികള്‍ ചേരുക. പക്ഷേ, ഞാന്‍ നാലു പാസ്സായി കഴിഞ്ഞപ്പോല്‍ ചേച്ചി പറഞ്ഞു, നമുക്കു മോളെ കാട്ടൂരു ചേര്‍ക്കണ്ട. അവള്‍ക്കു നല്ല മാര്‍ക്കില്ലേ.അതു കൊണ്ടു, സെന്റ്‌ ജോസഫ്‌സില്‍ ചേര്‍ത്താല്‍ മതി.ചേച്ചി കാട്ടൂരില്‍ കാണിച്ചു കൂട്ടിയ വേലത്തരങ്ങള്‍ വീട്ടില്‍ അറിയാതിരിക്കാനാണു ഈ തന്ത്രം എന്നെനിക്കു തോന്നി,എനിക്കു മാത്രമേ തോന്നിയുള്ളു!

അങ്ങനെ, എന്നെ പരിഷ്‌കാരിയാക്കാം എന്നു തീരുമാനമായി.(സെന്റ്‌ ജോസഫ്‌സ്‌ പട്ടണത്തിലെ പേരു കേട്ട സ്കൂളാണല്ലൊ,നമ്മള്‍ ഒട്ടും മോശമാവരുതല്ലൊ.. )

സെന്റ്‌ ജോസഫ്‌സിലെ ബോര്‍ഡിങ്ങില്‍ ആയ ആയിട്ടു നില്‍ക്കുന്ന ഒരു ആന്റിയുള്ളതുകൊണ്ട്‌ അഡ്മിഷനു വലിയ പ്രയാസപ്പെടേണ്ടതായി വന്നില്ല..ആന്റി കാര്യങ്ങള്‍ ഒക്കെ ഭംഗിയായി നടത്തിക്കൊള്ളാം എന്നേറ്റു.

നാട്ടിന്‍ പുറം മോഡില്‍ നിന്നു പരിഷ്‌കാരി മോഡിലേയ്‌ക്കു എന്നെ മാറ്റുന്ന കാര്യം ചേച്ചി സന്തോഷപൂര്‍വം ഏറ്റെടുത്തു.ആദ്യപടിയായി,എന്റെ എണ്ണ തേച്ചു ചപ്പിച്ചു വച്ചിരുന്ന തലമുടി, 'ബ്ലഷില്‍' കൊണ്ടു പോയി ചെവിയറ്റം മുറിച്ചു.അതും പോരാഞ്ഞു, നാലഞ്ചു മുടി ഉള്ളതില്‍ നിന്ന്, കാമ്പുള്ള രണ്ടു മൂന്നെണ്ണം നോക്കി, നെറ്റിയില്ലേയ്ക്കു ചായ്ച്ചു നിര്‍ത്തി. തീര്‍ന്നില്ല, ചായ്ച്ചു വച്ച മുടി ബ്രഷില്‍ ചുറ്റി വച്ചിട്ടു ചൂടാക്കി..ഇത്തരം അത്യാധുനിക ഉപകരണങ്ങളും പ്രക്രിയകളും, ഞാന്‍ മാത്രമല്ല, ചേച്ചിയും കാണുന്നതു ആദ്യമായിട്ടാണെന്നു പിന്നെയാ മനസ്സിലായത്‌!(എന്റെ ക്ലാസ്സിലെ പിള്ളാരെല്ലാം ഹീറ്റ്‌ ചെയ്തു ഹീറ്റ്‌ ചെയ്തു എന്നു പറഞ്ഞു നടക്കുന്നു..നിനക്കാകുമ്പോ മുടി കുറച്ചല്ലേയുള്ളു..ഒന്നു ചെയ്തു നോക്കമെന്നേ)അന്നു വീട്ടിലോട്ടു തിരിച്ചു വരുമ്പോ, ഒരു കുപ്പി മഞ്ഞ സണ്‍സില്‍ക്ക്‌ ഷാമ്പൂ വാങ്ങിയതു ഇന്നും എനിക്കോര്‍മ്മയുണ്ട്‌..വീട്ടിലെത്തിയ ഉടനെ തന്നെ ചേച്ചി മുടിയൊക്കെ ഷാമ്പൂ ചെയ്തു(ചേച്ചിയുടെയല്ല, എന്റെ!).വലിയ അവധി തുടങ്ങിയ സമയമായിരുന്നേ. നാട്ടിലെ പയ്യന്മാര്‍ക്കു കൂവി നടക്കാന്‍ ഒരു താരമായി. "അയ്യൊടാ,ദേടാ മൊട്ടത്തലച്ചി!" അമ്മച്ചിമാര്‍ക്കാണെങ്കിലൊ, "അയ്യൊടീ പെങ്കൊച്ചേ! നിന്റെ മുടിക്കെന്നാ പറ്റി!! എന്നാലും കെട്ടിച്ചു വിടേണ്ട കൊച്ചിനെ ബേബിച്ചന്‍ ഇങ്ങനെ ചെയ്തല്ലൊ!" .സെന്റ്‌ ജോസഫ്‌സ്‌ എന്ന സുന്ദര സ്വപ്നത്തിനു വേണ്ടി പാവം ഞാന്‍ എല്ലം സഹിച്ചു, ക്ഷമിച്ചു.

പരിഷ്ക്കരിയാകാന്‍ മുടി വെട്ടിയാല്‍ മാത്രം പോര എന്നു ചേച്ചിക്കു തോന്നിക്കാണും. ഏടീ, വലിയ ഫാഷന്‍കാരൊന്നും കുട പിടിക്കാറില്ല..ഇപ്പോ മഴക്കോട്ടാ ഫാഷന്‍". പിറ്റേന്നു തന്നെ മഴക്കോട്ട്‌ വാങ്ങി. (ആ കളറിലുള്ള മഴക്കോട്ടുകള്‍ക്കു വംശനാശം വന്നു കൊണ്ടിരിക്കുന്നു.പാന്‍ഡയെ പോലെ.ട്രാഫിക്‌ പോലീസുകാരുടെ അടുത്തു മാത്രേ ഇപ്പോ അതു കാണാന്‍ പറ്റൂ.)

മേയ്‌ മാസം ഏതാണ്ടു തീരാറായി.അന്നൊക്കെ, സ്കൂളില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ മതാപിതാക്കളും മക്കളും നേരത്തേ എത്തും.വീട്ടില്‍ നിന്ന് ഞാനും, ചേച്ചിയും, അമ്മച്ചിയും കൂടി പുസ്തകം വാങ്ങാനായി സ്വപ്നഭൂമി സെന്റ്‌ ജോസഫ്‌സിലെക്കു ബസും പിടിച്ചു യാത്രയായി.എന്റെ ഭാവി സ്കൂള്‍..കണ്ടപ്പോ തന്നെ ഒത്തിരി ഇഷ്ടായി.അത്രയും വലിയ സ്കൂള്‍ ഞാന്‍ ആദ്യമായി കാണുവാണല്ലോ.പിന്നെ ടൈ ഒക്കെ കെട്ടിയ കുട്ടികളും..ആകെ കൂടെ എനിക്കു അത്ഭുതലോകത്തിലെ ആലീസിന്റെ ഫീലിങ്ങായി.

പുസ്തകം വാങ്ങാന്‍ സ്റ്റോര്‍ റൂമില്‍ ചെന്നു നമ്മുടെ പേരും ക്ലാസ്സും പറയണം.സിസ്റ്ററിന്റെ അടുത്തു ചേച്ചി തന്നെ പറഞ്ഞു, പുതിയ അഡ്മിഷനാ കേട്ടൊ.സിസ്റ്റര്‍ എന്നെ നോക്കി ചിരിച്ചു...ആഹാ...ഞങ്ങള്‍ടെ സ്കൂളൊക്കെ ഇഷ്ടപ്പെട്ടോ? ഞാന്‍ നാണിച്ചു ചിരിച്ചു...പേരും ക്ലാസ്സും ഒക്കെ പറഞ്ഞു..സിസ്റ്റര്‍ രജിസ്റ്റര്‍ എടുത്തു പരതാന്‍ തുടങ്ങി, മുഖത്ത്‌ ആകെ ഒരു വൈക്ലബ്യം..അല്ല..എപ്പഴാ നിങ്ങള്‍ അഡ്മിഷന്‍ എടുത്തതു? .."ഇവിടത്തെ ആയ ആഞ്ചമ്മ ആണഡ്മിഷന്‍ എടുത്തത്‌"..ചേച്ചിയുടെ കോണ്‍ഫിഡന്‍സ്‌ ഒക്കെ ചോരാന്‍ തുടങ്ങി..സിസ്റ്റര്‍ പേപ്പര്‍ എല്ലാം നോക്കി, തിരിച്ചും മറിച്ചും നോക്കി...അവസാനം പറഞ്ഞു,ഇവിടെ ആരും അഡ്മിഷന്‍ എടുത്തിട്ടില്ല..

ആകെ അങ്കലാപ്പായി..പിന്നെ അവരെ എന്റെ മാര്‍ക്കൊക്കെ കാട്ടി, അഡ്മിഷന്‍ ശരിയാക്കന്‍ ഉള്ള തത്രപ്പാടായി..അവരു പറഞ്ഞു, മാര്‍ക്കൊക്കെ ഉണ്ട്‌...ഞങ്ങള്‍ക്ക്‌ കുട്ടിയെ എടുക്കാന്‍ ആഗ്രഹവും ഉണ്ട്‌..പക്ഷേ അഡ്മിഷന്‍ ക്ലോസ്‌ ചെയ്തു പോയി..കുറേ പേരെ ഞങ്ങള്‍ മടക്കി വിട്ടതാ. അപ്പോ, ഒരാളെയായിട്ടു ഒന്നും ചെയ്യാന്‍ പറ്റില്ല..ഇനിയിപ്പോ ഇവിടെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ അഡ്മിഷന്‍ തരാം. അതും ഉടനെ ക്ലോസ്‌ ചെയ്യും. നിങ്ങള്‍ക്കു വേണമെങ്കില്‍, ഈയാഴ്ച തന്നെ വരണം..

പട്ടി ചന്തയ്ക്കു പോയതു പോലെ, ഞങ്ങള്‍ മൂന്നു പേരും വീട്ടിലെത്തി.പിന്നെ കൂലങ്കുഷമായ ചര്‍ച്ചകള്‍..വാഗ്വാദങ്ങള്‍..ഒരാള്‍ മലയാളം മീഡിയത്തില്‍ പഠിച്ച സ്ഥിതിക്കു, അടുത്തയാളെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ വിട്ടാല്‍ ശരിയാവിലെന്നു അച്ചാച്ചന്‍..അതു സാരമില്ല, എനിക്കു പ്രശ്നമൊന്നുമില്ലെന്നു ചേച്ചി..നാലു വരെ മലയാളം മീഡിയം പഠിച്ച കൊച്ചിനെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ വിടാന്‍ പറ്റത്തില്ലെന്നു അമ്മച്ചി....

അവസാനം കാട്ടൂര്‍ തന്നെ ശരണം...ഞങ്ങള്‍ കാട്ടൂര്‍ക്കു വച്ചു പിടിച്ചു.പക്ഷേ അവിടെയും അഡ്മിഷന്‍ ക്ലോസ്‌! ആഞ്ചലോസ്‌ റെക്കമെന്‍ഡ്‌ ചെയ്ത കൊച്ചിനു പോലും കൊടുത്തില്ല..ഒന്നും വിചാരിക്കല്ലേ ബേബിച്ചാ..എന്നു അവിടത്തെ സിസ്റ്റര്‍.മാര്‍ക്കുണ്ടായാല്‍ മാത്രം പോരെടീ എന്നു ചേച്ചി.

വീണ്ടും ആലോചന..

ആലോചനകളൊക്കെ കഴിഞ്ഞപ്പോ സ്കൂള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം എന്ന സ്ഥിതിയായി.അവസാനം, വീടിനു കുറെ ദൂരെയുള്ള, സര്‍ക്കാര്‍ സ്കൂളിനെ ശരണം പ്രാപിച്ചു. അവര്‍ക്കാണെങ്കില്‍, ഡിവിഷന്‍ ഫാള്‍ വരും വരില്ല എന്ന സ്ഥിതിയും...അങ്ങനെ, കാരുപറമ്പ്‌ എന്നു നാട്ടുകാരും, ശ്രീ ചിത്തിര തിരുനാള്‍ മഹാരാജവിലാസം ഗവണ്‍മന്റ്‌ യു പി സ്കൂള്‍ എന്നു സ്കൂളുകാരും(അവരു മാത്രം)വിളിക്കുന്ന ആ മഹാസ്ഥാപനം എനിക്കു അഭയം നല്‍കാന്‍ റെഡിയായി..

ജൂണ്‍ ഒന്നെത്തി. മഴയും..ഞാന്‍ നേരത്തെ കരുതി വച്ച റയിന്‍ കോട്ടുമിട്ട്‌ പൂഴി നിറഞ്ഞ റോഡിലൂടെ അര മണിക്കൂര്‍ നടന്നു സ്കൂളിലെത്തി..നീണ്ടു നിവര്‍ന്നു കിടക്കുന്ന ഹാളിന്റെ നടുക്കത്തെ ക്ലാസില്‍ റ്റീച്ചര്‍ എന്നെ കൊണ്ടിരുത്തി...തറയില്‍ പലയിടത്തും ഞറിച്ചിലിന്റെ കാട്ടം.ബഞ്ചിലും.ക്ലാസ്‌ മുറിക്കു പാറ്റക്കാട്ടതിന്റെ മണം.അപ്പോഴും എന്റെ മുടിയില്‍ സണ്‍സില്‍ക്ക്‌ ഷാമ്പൂവിന്റെ സുഗന്ധമുണ്ടായിരുന്നു...


Monday, June 30, 2008

ഓര്‍മ്മകകളോടികളിക്കുവാനെത്തുന്നു..


എന്റെയൊക്കെ ചെറുപ്പത്തിലുണ്ടല്ലോ" എല്ലാ വീട്ടിലും ഒരു വട്ടമെങ്കിലും ഈ പല്ലവി മുഴങ്ങിയിട്ടുണ്ടാവും.

എന്റെ ചെറുപ്പം, ഇപ്പോഴത്തെ കുട്ടികളുടേതു പോലെ വര്‍ണശബളമായിരുന്നില്ല...ഇന്നലെ ചേച്ചിയുടെ മോള്‍ക്കു വേണ്ടി റിമോട്ട്‌ വച്ച കാറും, മോനു വേണ്ടി വീഡിയോ ഗയിമും വാങ്ങി.എന്റെ കുട്ടിക്കാലത്ത്‌, എനിക്കാകെ ഉണ്ടായിരുന്നതായോര്‍മ്മയുള്ള കളിപ്പാട്ടം, ഒരു പച്ച തത്തമ്മയും, പിന്നെ ഒരു മൗത്ത്‌ ഓര്‍ഗനുമാണു. മൗത്ത്‌ ഓര്‍ഗന്‍, അപ്പുറത്തെ വീട്ടിലെ ജോസുമോന്‍ കട്ടെടുത്തു. ഞാന്‍ അതും ചോദിച്ചു അവന്റെ പുറകെ കുറെ നടന്നു.ദുഷ്ടന്‍ തന്നില്ല..


പള്ളിവക സ്കൂളിലായിരുന്നു ഒന്നു മുതല്‍ നാലു വരെ പഠിച്ചിരുന്നത്‌. അച്ചാച്ചന്‍ പള്ളിയിലെ കൈക്കാരനായിരുന്നതു കൊണ്ടു, ടീച്ചര്‍മാരുടെയടുത്തുനിന്നു നല്ല പരിഗണന കിട്ടിയിരുന്നു...പിന്നെ, എന്റെ ചേച്ചിയും അവിടെത്തന്നെയാണു പഠിച്ചിരുന്നതു..അതുകൊണ്ടൊക്കെ, ടീച്ചര്‍മാര്‍ക്കു ഒരു പ്രത്യേക വാത്സല്യം എന്നൊടുണ്ടായിരുന്നു.പിന്നെ, ഞാന്‍ തീരെ ചെറിയ കുട്ടിയുമായിരുന്നു അന്നൊക്കെ..(ഇപ്പോ, ഒരു കുട്ടകം ലുക്കുണ്ട്‌!)


ഒരു ദിവസം വൈകിട്ടു ഞാന്‍ വീട്ടില്‍ ചെന്നതു, നെറ്റിയില്‍ നല്ല ആഴത്തില്‍ ഒരു മുറിവും കൊണ്ടാണു."തുമ്പി എന്നെ വരാന്തേന്നു തല്ലിയിട്ടമ്മച്ചീ.." എന്നു പറഞ്ഞുകൊടുക്കാനും മറന്നില്ല.തുമ്പി, എന്റെ താഴെയുള്ള ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണു..മഹാ വികൃതിയും.എന്തായലും, ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, നാളെയാവട്ടെ സ്കൂള്‍ വരെ വരാം എന്നു അച്ചാച്ചനും ചേച്ചിയും കൂടെ തീരുമാനിച്ചു(ചേച്ചിക്കു എന്നേക്കാള്‍ 8 വയസ്സു മൂപ്പുണ്ടു). അങ്ങനെ, രാവിലെ തന്നെ ഹെഡ്മിസ്റ്റ്രസ്സ്‌ ആനന്ദവല്ലി ടീച്ചറിന്റെ മുന്നില്‍ അവരു രണ്ടാളും പിന്നെ ഞാനും എത്തി.ടീച്ചര്‍ ഞങ്ങളുടെ അയല്‍ വാസി കൂടിയാണു.അച്ചാച്ചന്‍ ടീച്ചറിനോട്‌ കാര്യമെല്ലാം പറഞ്ഞു.ഇനി കുട്ടികള്‍ കളിക്കുമ്പോള്‍ ഒന്നു കൂടി സൂക്ഷിക്കണം, കൊച്ചു കുട്ടികളല്ലെ എന്നൊക്കെ.എല്ലാം കഴിഞ്ഞപ്പൊള്‍ ടീച്ചര്‍ പറഞ്ഞു: എന്റെ ബേബിച്ചാ, ബേബിച്ചന്റെ മകളായതു കൊണ്ടാ ഞാന്‍ ഇവളെ ഒന്നും ചെയ്യാതിരുന്നതു.ആ തുമ്പിയുടെ വീട്ടില്‍ നിന്നു എന്നെ കാണാനാളു വന്നിരുന്നു.അവന്റെ കൈ ഒടിഞ്ഞിട്ടുണ്ടു.ഇവളു ചവിട്ടി താഴെയിട്ടതാ.അച്ചാച്ചന്‍, പിന്നീടിന്നു വരെ, ഞാന്‍ പഠിച്ച ഒരു സ്കൂളിലും വന്നിട്ടില്ല :). ഇന്നും എന്നെ ഇതും പറഞ്ഞു കളിയാക്കാറുണ്ട്‌ ചേച്ചിയും അമ്മച്ചിയും...

എല്ലാ കൃസ്തീയ കുട്ടികളേയും പോലെ, ഞാനും, മുടങ്ങാതെ വേദപാഠം പഠിക്കാന്‍ പോയിരുന്നു.അറ്റന്‍ഡന്‍സിനും, ക്ലാസ്സില്‍ ഫസ്റ്റിനും, പിന്നെ വര്‍ഷാവസാനം നടക്കുന്ന മിട്ടായി പെറുക്കല്‍, ഓട്ടം, ചാട്ടം, കസേരകളി, പ്രസംഗം, ഇതിനെല്ലാം സമ്മാനം കിട്ടും.സോപ്പ്‌ പെട്ടി, ഗ്ലാസ്‌, ഇതൊക്കെയാണു സമ്മാനം.ചേച്ചിയും ഞാനും വേദപാഠം പഠിക്കുന്നതു കൊണ്ടു, രണ്ടാള്‍ക്കും കൂടെ ഒത്തിരി സമ്മാനം കിട്ടും.വാര്‍ഷികത്തിന്റെ അന്നാണു സമ്മാനം കൊടുക്കുക.അമ്മച്ചിയും അച്ചാച്ചനും ഒക്കെ വരും വാര്‍ഷികം കാണാന്‍.കൈ നിറയെ സമ്മാനവുമായാണു എല്ലാരും കൂടെ തിരിച്ചു പോവുക.ഒത്തിരി രാത്രിയായിട്ടുണ്ടാവുമപ്പോള്‍.അടുത്ത വീട്ടില്‍ നിന്നുമൊക്കെ ആളുകള്‍ വന്നിട്ടുണ്ടാവും.എല്ലാരും കൂടെ സംസാരിച്ചു, ചിരിച്ചു കളിച്ചു തിരിച്ചു പോകും.ആ കാലമൊക്കെ എത്ര രസമായിരുന്നു!

വേദപാഠം ഒന്നാം ക്ലാസില്‍,പള്ളിയിലെ കപ്യാറായിരുന്നു വേദപാദ സാര്‍. കപ്യാരും, അച്ചാച്ചനും നല്ല കൂട്ടുകാരാണെന്നു മാത്രമല്ല, കപ്യാര്‍ സാറിന്റെ മകളാണു എന്റെ തലതൊട്ടമ്മ...അതു കൊണ്ടു, ഞാനെന്തു കുരുത്തക്കേടു കാണിച്ചാലും അതപ്പോ വീട്ടിലെത്തും..എന്നാലും, പള്ളിയില്‍ വിശുദ്ധ കുര്‍ബാന തയ്യാറാക്കാന്‍ ഉപയൊഗിക്കുന്ന വലിയ ഓസ്തി മുറിച്ചതില്‍ ബാക്കി വരുന്ന കുഞ്ഞു കഷ്ണങ്ങള്‍(ഓസ്തിപ്പൊടി) പൊതിഞ്ഞു വച്ച്‌, എല്ലാ ആഴ്ചയും തരുമായിരുന്നു സാര്‍. ഒത്തിരി കഥയൊക്കെ പറഞ്ഞു തരും ക്ലാസ്‌ എടുക്കുമ്പൊള്‍.പക്ഷേ, എല്ലാ കൊല്ലവും, ഒരേ കഥ തന്നെയായിരിക്കും പറയുക.അതു കൊണ്ടു, ഞാന്‍ വീട്ടില്‍ ചെന്നു കഥ പറയാന്‍ തുടങ്ങുമ്പോഴേയ്ക്കും, ചേച്ചി ബാക്കി പറയും.ഒന്നാം ക്ലാസിലെ വേദപാഠ പരീക്ഷ, ഓറല്‍ ആണു. ഒന്നാം ക്ലാസിലെ കുട്ടികളല്ലേ, ചെറിയ ചോദ്യം ഒക്കെയേ സാറു ചോദിക്കൂ. എന്നോടു, ആദ്യത്തെ ചോദ്യം : ആരാണു നമ്മുടെ പിതാവു? ഹിത്രേയുള്ളൊ! ദാ പിടിച്ചോന്ന മട്ടില്‍ ഞാന്‍ ഒട്ടും മടിക്കാതെ ഉത്തരം പറഞ്ഞു: അച്ചാച്ചന്‍! (ശരിയുത്തരം: ദൈവം നമ്മുടെ പിതാവ്‌).

ഇതൊക്കെ അമ്മച്ചിയും ചേച്ചിയും പറഞ്ഞുള്ള ഓര്‍മ്മകളാണു.എന്നാലും, നമ്മുടെ കുസൃതികള്‍ ഒക്കെ ഇങ്ങനെ പറയുന്നതു കേള്‍ക്കാന്‍ നല്ല സുഖമല്ലേ..

Thursday, June 19, 2008

ഏയ്‌ ഓട്ടോ!



എന്റെ അച്ചാച്ചനും അമ്മച്ചിയും ബാംഗ്ലൂര്‍ക്കു വന്നു....കുറച്ചു നാള്‍ മകളുടെ കൂടെ താമസിക്കാം, ബാംഗ്ലൂര്‍ ഒക്കെ കാണാം എന്നു വച്ചത്രേ.

എനിക്കും ഒത്തിരി സന്തോഷമായി.ഓരൊ രണ്ടാഴ്ച കൂടുമ്പോഴും തത്ക്കാല്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു നാട്ടിലെക്കു ഓടാറുണ്ട്‌ ഞാന്‍.ബാംഗ്ലൂര്‍ വന്നിട്ടു കൊല്ലം മൂന്നാകുന്നു....എന്നാലും, മനസ്സുകൊണ്ടു എനിക്കു ഇവിടെ ഇഷ്ടമല്ല...നാടും, നാട്ടിലെ മഴയും...ഓര്‍ക്കുമ്പോ തന്നെ എന്താ ഒരു സന്തോഷം..

ഇനിയിപ്പോ അച്ചാച്ചനും അമ്മച്ചിയും വന്നതു കാരണം നാട്ടിലേക്കുള്ള എറണാകുളം ബാംഗ്ലൂര്‍ ഷട്ടില്‍ സര്‍വീസ്‌ തല്‍ക്കാലം വേണ്ടല്ലൊ...ആ സമയത്തു കുടുംബസമേതം മൈസൂര്‍ പോകാം..പറ്റിയാല്‍ കൂണൂരിലും കൂടി പോകാം എന്നൊക്കെ പദ്ധതി തയ്യാറാക്കി...

ബാംഗ്ലൂര്‍ ടൂറിന്റെ ആദ്യ പടിയായി, തറവാട്ടിലേയ്ക്കു തന്നെ കൊണ്ടു പൊയേയ്ക്കാം രണ്ടാളെയും എന്നോര്‍ത്തു...അങ്ങനെ ശനിയഴ്ച ഞങ്ങള്‍ മൂന്നാളും കൂടി ബാംഗ്ലൂര്‍ സെന്റ്രല്‍-ലേയ്ക്കു പോയി.

എന്റെ വീട്‌ ഒരു നാട്ടിന്‍പുറത്താണു.നന്മകളാല്‍ സമൃദ്ധമായ കൊച്ചു നാട്ടിന്‍പുറം.ഇവിടെ, ബാംഗ്ലൂര്‍ നഗരത്തിലെ കാഴ്ചകള്‍ എന്റെ അമ്മച്ചിക്കും അച്ചാച്ചനും മായകാഴ്ചകള്‍ തന്നെ...സെന്റ്രലില്‍ ആണെങ്കില്‍ ഫ്രെഞ്ച്‌ വീക്കോ മറ്റോ നടക്കുന്ന സമയം.ഈഫല്‍ ടവറിന്റെ മോഡല്‍ ഒക്കെ ഉണ്ടാക്കി വച്ചിറ്റുണ്ടു അവിടെ. ആകെ കൂടെ ഉത്സവമയം...അമ്മച്ചിക്കു സന്തോഷമായി എന്നു മനസ്സിലായി.അവിടെ നിന്നു ചേച്ചിയുടെ കുട്ടികള്‍ക്കു കളിപ്പാട്ടങ്ങളും, പിന്നെ കുറച്ചു ഡ്രെസ്സും ഒക്കെ എടുത്തു.

ടൂറിന്റെ രണ്ടാം ഘട്ടമായി ഗരുഡ മാളിലേയ്ക്കു പോകാന്‍ തീരുമാനമായി. അങ്ങോട്ടു പോകാന്‍ ഓട്ടോ വിളിച്ചു. കാര്യം ഗരുഡ മാളും സെന്റ്രല്‍ മാളും തമ്മില്‍ 5 മിനിറ്റ്‌ നടക്കാവുന്ന ദൂരമേ ഉള്ളൂ. എന്നാലും, എന്റെ അമ്മച്ചിക്കു അത്ര ദൂരം നടക്കന്‍ പറ്റില്ല...വാക്കിംഗ്‌ സ്റ്റിക്ക്‌ ഒക്കെ വച്ചാണു അമ്മച്ചി നടക്കുന്നതു.

അങ്ങനെ ഗരുഡയില്‍ പോയി, ആവശ്യത്തിനു ഷോപ്പിംഗ്‌ ഒക്കെ നടത്തി.അച്ചാച്ചനെ എസ്കലേറ്ററിലൊക്കെ കയറ്റി.. 7 മണി ആയപ്പോള്‍ ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങാം എന്നു കരുതി.പുറത്തെത്തിയപ്പൊള്‍ നല്ല മഴ.ആകെ ഒരു കുടയുണ്ടു..ഞാനും അച്ചാച്ചനും കൂടെ പോയി ഓട്ടോ വിളിക്കാനുള്ള ശ്രമം തുടങ്ങി.ബാംഗ്ലൂരിലെ ഓട്ടോക്കാര്‍ കരുണയുടെയും മനുഷ്യത്വത്തിന്റെയും മൂര്‍ത്തീഭാവങ്ങളായതു കൊണ്ടു, എവിടേയ്ക്കാ പോകേണ്ടതു എന്നു ചൊദിക്കുമ്പൊ CMH/ഇന്ദിരാനഗര്‍ എന്നു ഞാന്‍ പറഞ്ഞു തീരും മുന്നെ, റെഡ്‌ സ്റ്റ്രീറ്റ്‌ എന്നൊ, സെന്റ്രല്‍ ജയില്‍ എന്നൊ മറ്റോ ആണു ഞാന്‍ പറഞ്ഞതു എന്ന ഭാവം മു:ഖത്തു വരുത്തി പാഞ്ഞു പോയി എല്ലാരും..അവസാനം ഒരു ഓട്ടോ കിട്ടി.അച്ചാച്ചനെ അതില്‍ കയറ്റി ഇരുത്തി, സാധനം ഒക്കെ കയ്യില്‍ എല്‍പ്പിച്ചു..പതുക്കെ പോയി അമ്മച്ചിയെയും നടത്തി കൊണ്ടു വന്നു...


കുറച്ചു പലചരക്കു സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. അതു കൊണ്ടു MK റീറ്റെയിലില്‍ കയറി...അവിടെ നിന്നു അരിയും ബാക്കി സാധനങ്ങളും ഒക്കെ വാങ്ങി വീണ്ടും ഓട്ടോയ്ക്കായി കൈ നീട്ടാന്‍ തുടങ്ങി...ഓട്ടോയ്ക്കു വേണ്ടി നീട്ടുന്ന അത്രയും നേരം, വേറെ ആരുടെയെങ്കിലും മുന്നില്‍ പൈസയ്ക്കു വെണ്ടി കൈ നീട്ടിയാല്‍ ബാംഗ്ലൂര്‍ ഒരു ഫ്ലാറ്റ്‌ വാങ്ങന്‍ പറ്റിയെനെ! അവസാനം ഒരു ഓട്ടോ കിട്ടി....അവനോടു CV രാമന്‍ നഗര്‍ ടെമ്പിള്‍, നിയര്‍ ബസ്സ്‌ സ്റ്റാന്‍ഡ്‌ എന്നൊക്കെ പറഞ്ഞു... (എന്റെ വീടു ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നു 1 കി.മി അകലെയാണു). കോരിച്ചൊരിയുന്ന മഴ...ബസ്സ്‌ സ്റ്റാന്‍ഡ്‌ എത്തിയപ്പൊ, ഡ്രൈവര്‍ ഓട്ടോ സ്ലോ ചെയ്തു...അപ്പോഴേ എനിക്കു അപകടം മണത്തു...ഞാന്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ, ഭയ്യാ, റൈറ്റ്‌ എടുത്തിട്ട്‌, ആ ജങ്ക്ഷനില്‍ നിന്നു ലെഫ്റ്റ്‌...ഡെഡ്‌ എന്‍ഡിലാണു വീട്‌ എന്നു പറഞ്ഞു...ഡെഡ്‌ എന്‍ഡ്‌ എന്ന വാക്കു കേട്ടതും അയാള്‍ ചൂടാകാന്‍ തുടങ്ങി..ഡെഡ്‌ എന്‍ഡാ??? നിയര്‍ ബസ്സ്‌ സ്റ്റാന്‍ഡ്‌ എന്നു പറഞ്ഞിട്ടു?? ഇതു താന്‍ ബസ്സ്‌ സ്റ്റാന്‍ഡ്‌..ഇവിടെ വരെയേ പോകൂ..എന്നൊക്കെ അയാള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി.ഞാന്‍ ആവുന്നത്ര പറഞ്ഞു,ഭയ്യാ,അടുത്തു തന്നെ ആണു വീട്‌, ഡെഡ്‌ എന്‍ഡ്‌ എന്നു വച്ചാല്‍ എക്സ്പ്രസ്സ്‌ ഹൈവേയുടെ ഡെഡ്‌ എന്‍ഡ്‌ അല്ല, ഇതൊരു കൊച്ചു റോഡാണു എന്നൊക്കെ! ശരി മാഡം...കൊണ്ടു വിടാം...25 റുപീസ്‌ എക്സ്റ്റ്രാ തരണം എന്നായി അയാള്‍. മീറ്റര്‍ ചാര്‍ജ്‌ വെറും 24 രൂപയേ ആകൂ. അതായതു, ഞാന്‍ ഡബിള്‍ ചാര്‍ജ്‌ കൊടുക്കണമത്രെ!..എനിക്കെന്തൊ, 25 രൂപ അധികം കൊടുക്കാന്‍ തോന്നിയില്ല... PT ഉഷയെക്കാളും വേഗത്തില്‍ പറക്കുന്ന മീറ്റര്‍ ഫിറ്റ്‌ ചെയ്തതും പോര, ഇവര്‍ ചോദിക്കുന്ന എക്സ്റ്റ്രാ കൂടെ കൊടുക്കണം എന്നു പറഞ്ഞാല്‍ കഷ്ടമല്ലെ....

ഇതൊക്കെ നടക്കുന്ന സമയത്ത്‌, അവന്‍ ഓട്ടോ ഓടിക്കുകയൊന്നുമല്ല കേട്ടോ...ആ പെരുമഴയത്തു, ബസ്സ്‌ സ്റ്റാന്‍ഡില്‍ ഓട്ടോ നിര്‍ത്തിയിട്ടിരിക്കുകയാണു....അവന്‍ പറയുന്നതു, ഒന്നുകില്‍ എക്സ്റ്റ്രാ തരണം ഇല്ലെങ്കില്‍ ഇവിടെ ഇറങ്ങണം എന്നാണു. അതും കൂടെ കേട്ടപ്പൊ എനിക്കും വാശിയായി.എന്തായാലും ഇവിടെ ഇറങ്ങില്ല, വീടു വരെ പോകാനാണു ഓട്ടോ വിളിച്ചത്‌, വഴി നേരത്തേ പറഞ്ഞതുമാണു.വീടു വരെ കൊണ്ടു വിട്ടാല്‍ മീറ്റര്‍ ചാര്‍ജ്‌ തരാം എന്നു പറഞ്ഞു ഞാന്‍.

അച്ചാച്ചനും അമ്മച്ചിയും ഇതൊക്കെ കണ്ടു ആകെ ഷോക്ഡ്‌ ആയി ഇരിക്കുന്നു! നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു സംഭവമേ ഇല്ലല്ലൊ..

ഞാന്‍ അവനോട്‌ പറഞ്ഞു നോക്കി, വയ്യാത്ത രണ്ടു പേരാണു കൂടെ, കൊടും മഴയല്ലേ, ഇപ്പോ ഇവിടെ ഇറങ്ങിയാല്‍ , 1 കി.മി പോലും ഇല്ലാത്തതു കൊണ്ടു ഓട്ടോ കിട്ടില്ല.അതു കൊണ്ടു വീടു വരെ കൊണ്ടു വിട്ടേ പറ്റൂ എന്നൊക്കെ...പൊലീസിനെ വിളിക്കും എന്നു അറ്റ കയ്ക്കു പറഞ്ഞു ഞാന്‍(പക്ഷേ,മൊബൈല്‍ വീട്ടില്‍ വച്ചിട്ടാണു ഷോപ്പിങ്ങിനിറങ്ങിത്തിരിച്ചത്‌!)...നിങ്ങള്‍ എന്താണെന്നു വച്ചാല്‍ ചെയ്തോ, ഞാന്‍ കൊണ്ടു വിടില്ല എന്നു അവനും...അവസാനം അച്ചാച്ചന്‍ പറഞ്ഞു നമ്മുക്കു ഇറങ്ങി നടക്കാം എന്നു...അത്രയും അയപ്പൊഴേയ്ക്കും എനിക്കു സങ്കടവും ദേഷ്യവും എല്ലാം കൂടെ...ആകെ ഭ്രാന്തു പിടിക്കുന്ന പോലെയായി..പെരുവഴിയില്‍ ഇറക്കി വിട്ടതല്ലേ, പൈസ തരില്ല എന്നും പറഞ്ഞു ഞാനും ഇറങ്ങി...അവന്‍ പൈസ ചോദിച്ചു കുറച്ചു നേരം നിന്നു....കല്ലിനു കാറ്റു പിടിച്ച പോലെ ഞാനും. എന്റെ മുഖം കണ്ടിട്ടോ, അതൊ പോകാന്‍ ധൃതിയായിട്ടോ, അയാള്‍ വേഗം ഓട്ടോ ഓടിച്ചു പോയി.

ആരും ഇല്ലാത്തവര്‍ക്കു ദൈവം ഉണ്ടെന്നാണല്ലോ! ഞങ്ങള്‍ക്കു ആ മഴയത്ത്‌ ഒരു മിനിട്ടു പോലും നില്‍ക്കേണ്ടി വന്നില്ല..മറ്റേ ഓട്ടോ പോയതും, വേറെ ഒരു ഓട്ടോ വന്നു. അര കി.മി ഓടിയതിനു അവനു ഞാന്‍ 15 രൂപയും കൊടുത്തു.

അയാള്‍ക്കു പൈസ കൊടുക്കാതിരുന്നതിനു, എനിക്കു കുറ്റബോധം ഇല്ല...ഞാന്‍ തനിച്ചായിരുന്നെങ്കില്‍, നടു റോഡില്‍ ഇറക്കി വിട്ടതിനെ ന്യായീകരിക്കാമായിരുന്നു...അമ്മച്ചിക്കു വയ്യ, വാക്കിംഗ്‌ സ്റ്റിക്ക്‌ ഉണ്ടായിട്ടും കഷ്ടപ്പെട്ടാണു നടക്കുന്നത്‌. അച്ചാച്ചനും പ്രായമാണു എന്നൊക്കെ അയാള്‍ക്കു കണ്ടൂടെ? പിന്നെ, എന്റെ കൂട്ടുകാരി ചോദിച്ചു, ഈ പ്രശ്നം ഒന്നും ഉണ്ടാകുമായിരുന്നില്ലല്ലോ, ചോദിച്ച പൈസ കൊടുത്താല്‍ പോരേ എന്ന്....ഇങ്ങനെ ചോദിച്ച പൈസ എണ്ണി കൊടുക്കാന്‍ ആളുണ്ട്‌ എന്നതാണു ബാംഗ്ലൂര്‍ നഗരത്തിലെ ഓട്ടോക്കാരെ പിടിച്ചുപറിക്കരാക്കുന്ന പ്രധാന ഘടകം. 25 രൂപ, ഇന്നെന്നെ സംബന്ധിച്ച്‌ അത്ര വലുതല്ല. പക്ഷേ, ഒരോ പൈസയും അധ്വാനിച്ചു തന്നെ സ്വന്തമാക്കണം എന്നാണെന്റെ വിശ്വാസം...ഞാന്‍ ചോര നീരാക്കുന്ന പൈസ, അതെത്ര ചെറുതായാലും, ഒരാള്‍ക്ക്‌, അര്‍ഹതയില്ലത്ത ഒരാള്‍ക്ക്‌, വെറുതെ കൊടുക്കാന്‍ എന്റെ മന:സാക്ഷി അനുവദിക്കാറില്ല.ഞാന്‍ ചെയ്തതു മറ്റുള്ളവരുടെ മുന്നില്‍ ഒരു പക്ഷേ തെറ്റായിരിക്കാം...എന്നാല്‍, എന്റെ മന:സാക്ഷിയുടെ മുന്നില്‍ ഞാന്‍ തെറ്റുകാരിയല്ല...

ഈ സംഭവത്തില്‍ എന്റെ ആകെ ആശ്വാസം, എല്ലാത്തിനും എന്നെ കുറ്റം പറയുന്ന കുറുറു, ഈ കേസില്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്തു എന്നതാണു.കുറുറുവിനു ശനിയാഴ്ച ഓഫിസില്‍ പോകണമായിരുന്നു...അതു കൊണ്ട്‌ ഞങ്ങളുടെ കൂടെ കറങ്ങാന്‍ വന്നില്ല..

NB: ആ ഓട്ടോക്കാരന്‍, കാശു കൂടുതല്‍ കിട്ടാന്‍ വേണ്ടി, വളഞ്ഞ വഴി ആണു വന്നതു..2 കി.മി എക്സ്റ്റ്രാ സഞ്ചരിച്ചു! പാവം, അതിന്റെ കാശും പോയി.

Friday, June 6, 2008

മഴവില്ല്..











ഇന്നലെ ഓഫീസ്‌ വിട്ടു പോകുന്ന വഴിക്കു മഴവില്ലു കണ്ടു...ബസിനകത്തുണ്ടായിരുന്ന എല്ലാവരെയും വിളിച്ചു കാണിച്ചു...കുറുറുവിനെയും ഫോണ്‍ വിളിച്ചറിയിച്ചു...
മഴവില്ല്, ദൈവം മനുഷ്യനു നല്‍കിയ വാഗ്ദാനത്തിന്റെ ഓര്‍മ പുതുക്കലാണു.ഇനിയൊരു പ്രളയം ഭൂമിയില്‍ ഉണ്ടാവില്ല എന്നു നോഹയ്ക്കു നല്‍കിയ വാഗ്ദാനത്തിന്റെ...








ഇന്നാകെ ജോലിത്തിരക്കായിരുന്നു...

ഇന്നു ഞാന്‍ ഓഫീസില്‍ എത്തിയപ്പോളവിടെ ആകെ ഉത്സവ മയം..മൈലാഞ്ചിയിടലിന്റെയും ഫേസ്‌ മസ്സാജിന്റെയും ഒക്കെ കുഞ്ഞി കുഞ്ഞി സ്റ്റാളുകള്‍...എല്ലാം ഫ്രീ! കമ്പനി കാശു കൊടുത്തോളും!...പിന്നെ മടിച്ചില്ല....ഞാനും ഓടി പോയി ക്യൂ നിന്നു...ഫേസ്‌, കാല്‍ എല്ലാം മസ്സാജ്‌ ചെയ്തു, മൈലാഞ്ചിയും ഇട്ടു...

Tuesday, June 3, 2008

അങ്ങനെ ഞാനും നിരൂപിക്കട്ടെ!

ബ്ലോഗ് ഇവന്റ്:

എനിഡ്‌ ബ്ലയ്ടണ്‍:

എന്റെ ഇംഗ്ലീഷ്‌ വായന തുടങ്ങുന്നതു "ഫേമസ്‌ ഫെവ്‌" മുതല്‍ക്കാണു .പേരു പൊലെ തന്നെ അഞ്ചു കുസൃതികുടുക്കകള്‍ ആണു കഥയിലെ താരങ്ങള്‍.കോളേജ്‌ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍-അതായതു കഥ പുസ്തകങ്ങള്‍ കിട്ടുന്നതു എല്ലാ വ്യഴാഴ്ചയുമാണു.ആഴ്ചയില്‍ രണ്ടു വ്യാഴമെങ്കിലും വേണം എന്നു തോന്നിയ കാലം!

എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട സീരിസ്‌ "ഫാറെവെ ട്രീ സീരിസ്‌" ആണു. ഈ കഥ തുടങ്ങുമ്പോള്‍ മൂന്നു കഥാ പാത്രങ്ങള്‍ ആണുള്ളതു: ജോ, ബെസ്സീ, പിന്നെ ഫാനി.സീരിസിലെ അദ്യത്തെ പുസ്തകം"എന്‍ ചാന്റെഡ്‌ വൂഡ്‌". ഒരു ഗ്രാമത്തിലെയ്ക്കു കൂട്ടുകാര്‍ താമസം മാറ്റുന്നതും,അവിടെ അടുത്തുള്ള വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന ഒരു കാട്ടില്‍ ഒരു മാജിക്‌ മരം കണ്ടു പിടിക്കുന്നതും, പിന്നെ അതിന്റെ ഏറ്റവും മുകളിലുള്ള ഗൊവെണിയിലൂടെ കുട്ടികള്‍ ഒരു അത്ഭുത ലോകത്തില്‍ പ്രവേശിക്കുന്നതും ഒക്കെയാണു പ്രമേയം. കുട്ടികള്‍ ഗ്രാമത്തിലൂടെ കറങ്ങി നടക്കുന്നതും, അവരുടെ കുഞ്ഞു കുസൃതികളും, പിന്നെ അത്ഭുത ലൊകത്തിലെ അതിശയങ്ങളും സഹസങ്ങളും ഒക്കെ വളരെ മനോഹരമായി വര്‍ണിച്ചിട്ടുണ്ടു കഥാകാരി.പരിസരം പോലും മറന്നു പുസ്തകത്തില്‍ ലയിച്ചിരിക്കുമ്പോള്‍ കുഞ്ഞി ക്കൂട്ടത്തിലെ ടാലാമന്‍(ഇതിന്റെ സ്ത്രീ-ലിംഗം എന്താണാവോ!) ആവറുണ്ടായിരുന്നു, മിക്കപ്പോഴും....

ഈ പുസ്തകങ്ങള്‍ ഒക്കെ വായിച്ചിട്ടു ഞാനും അതേ പോലെ അഡ്വെഞ്ചര്‍ നടത്തിയാലോ എന്നൊക്കെ ആലോച്ചിച്ചിട്ടുണ്ട്‌! വീട്ടിലെ ആടിനെയും കൂട്ടി അടുത്തുള്ള പാടത്തില്‍(പാടം ന്നു വച്ചാല്‍ ആകെ കറുക പ്പുല്ലു മാത്രമേ അവിടെ ഉള്ളൂ!) പോകും,പാടം വൂഡ്‌ ആണെന്നും,പിന്നെ കയ്യിലുള്ള മുട്ടായിയും മറ്റും ജോ കൊണ്ടു പോകുന്ന റ്റാര്‍ട്‌ ആണെന്നും അങ്ങു സങ്കല്‍പ്പിക്കും!

മലയാളം മീഡിയത്തില്‍ പഠിച്ച എനിക്കു ഇംഗ്ലീഷ്‌ വായിക്കാനുള്ള പ്രചോദനം തന്നതു ഈ പുസ്തകങ്ങളാണു.പിന്നീടു കൂടുതല്‍ ഗൗരവമായ വായനയിലേയ്ക്കു തിരിഞ്ഞെങ്കിലും, ഇന്നും ഇവ എന്റെ അടുത്ത കൂട്ടുകാര്‍ തന്നെ! ഈ പുസ്തകങ്ങളില്‍ ഒന്നു പോലും സ്വന്തമായില്ലെന്നത്‌ ഒരു സ്വകാര്യ ദു:ഖം! എനിഡ്‌ ബ്ലൈട്ടന്റെ മുഴുവന്‍ പേര്‍ എനിഡ്‌ മേരി ബ്ലൈട്ടണ്‍ എന്നാണു...എന്റെ പേരു പങ്കു വയ്ക്കുന്നതു കൊണ്ടു, ഒരിത്തിരി സ്നേഹം കൂടുതല്‍ ഉണ്ട്‌, കഥാകാരിയോട്‌!

ഫാറെവെ ട്രീ സീരിസിനെ പറ്റിയും, എനിഡ്‌ ബ്ലയ്ടണെ പറ്റിയും അറിയാന്‍ ഇതാ ചില പാലങ്ങള്‍ :
http://www.upthefarawaytree.50megs.com/about.htm! http://en.wikipedia.org/wiki/The_Enchanted_Wood_(novel)

ഇതു പൈങ്കിളി ആണോ!!!

എതോ ഒരു വനിത മാഗസിനില്‍, നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തണം,അല്ലെങ്കില്‍ അതു നിങ്ങളോടു നിങ്ങള്‍ തന്നെ (ജനങ്ങള്‍, ജനങ്ങള്‍ക്കു വേണ്ടി എന്നൊക്കെ പറയുന്ന പോലെ!) ചെയ്യുന്ന അനീതിയായി പോകും എന്നുമൊക്കെ കണ്ടതില്‍ പിന്നെ, ഞാന്‍ എല്ലാ ആഴ്ചയും "ക്രോസ്സ്‌ വേഡ്‌" വരെ പോകാനും,അവിടെ ഇരുന്നു ഓസില്‍ പുസ്തകം വായിക്കാനും, മാസത്തില്‍ രണ്ടു പുസ്ത്കമെങ്കിലും സ്വന്തമായി വാങ്ങാനും ശ്രമിച്ചു പോന്നു!

പുസ്തകങ്ങള്‍ നിറഞ്ഞ റാക്കിനു മുന്നില്‍ ചെന്നാല്‍ പിന്നെ, എനിക്കു നിറച്ചും പച്ച പ്ലാവില കണ്ട ആട്ടിന്‍ കുട്ടിയുടെ വെപ്രാളമാണു...ഏതെടുക്കണം, ഏതെടുക്കണം...വേറെ ആരേലും വന്നെടുത്താലോ...നാലെഞ്ചെണ്ണമങ്ങൊന്നിച്ചെടുത്താലോ....അങ്ങനെ അങ്ങനെ..

പുസ്തകങ്ങളെ കുറിച്ചു ഒരു റിവ്യു വായിച്ചിട്ടു വേണം വരാന്‍ എന്നു ഓരോ തവണയും ഓര്‍ക്കും..ഓര്‍മ്മ മാത്രമേ നടക്കാറുള്ളൂ.. അതു കാരണം തന്നെ ബുക്ക്‌ സ്റ്റാളില്‍ വന്നാല്‍ പിന്നെ അവിടെ ഉള്ള കുഞ്ഞി കുഷ്യന്‍സില്‍ ഇരുന്നും, പിന്നെ നിന്നും പുസ്തകങ്ങളെ പരിചയപ്പെടാന്‍ നന്നെ പരിശ്രമിക്കേണ്ടി വരും ഓരൊ തവണയും...

അങ്ങനെ ഒരിക്കല്‍ ഒരു ഗതിയും പരഗതിയും ഇല്ലാത്ത അവസ്ഥയില്‍ വാങ്ങിയതാണു മഞ്ജു കപൂറിന്റെ എ മാരീഡ്‌ വുമണ്‍ എന്ന നോവെല്‍.

പേരു കണ്ടപ്പോള്‍ എനിക്കു സത്യം പറഞ്ഞാല്‍ ഒട്ടും ഇഷ്ടമായില്ല. പുസ്തകത്തിന്റെ മറുവശം നോക്കിയപ്പൊള്‍, തീം ലെസ്ബ്ബുക്കളെ പറ്റി ആണെന്നു തോന്നി...പെട്ടന്നുണ്ടായ ഇമ്പള്‍സ്‌, അരെങ്കിലും കാണുന്നുണ്ടൊ എന്നു ചുറ്റും നോക്കാനായിരുന്നു!

എന്തായാലും, ആദ്യ കുറച്ചു പേജുകളിലൂടെ ഓടിച്ചു വായിച്ചപ്പൊള്‍ മനസ്സിലായി, ഒരു നല്ല കഥയാണെന്നും,കുറെ നല്ല കഥാ മുഹൂര്‍ത്തങ്ങള്‍ ഇതിലുണ്ടെന്നും..

ആസ്ത എന്നാണു മാരീഡ്‌ വുമണിന്റെ പേരു. എല്ലാ നല്ല മാതാപിതാക്കളെയും പോലെ, ആസ്തയുടെ മാതാപിതാക്കളും അവളെ നല്ല ഒരു കുടുംബത്തിലേയ്ക്കു വിവാഹം കഴിച്ചു നല്‍കുന്നു.

വിവാഹ ജീവിതത്തില്‍ ആസ്ത ചെയ്യേണ്ടി വരുന്ന അഡ്ജസ്റ്റ്മെന്റ്സ്‌, ആസ്തയും പിപീലികയും(ഒരു ഉപ കഥാപാത്രമാണു പിപീലിക- ഉറുമ്പ്‌ എന്നാണു പേരിന്റെ അര്‍ത്ഥം) തമ്മില്‍ ഉരുതിരിയുന്ന ബന്ധം, ഇതിലൂടെയൊക്കെയാണു കഥ മുന്നോട്ടു പോകുന്നത്‌. പൈങ്കിളി കഥയുടെ എല്ലാ ചേരുവകളും ഉണ്ടെങ്കിലും, എന്നെ കുറച്ചു ദിവസത്തേക്കെങ്കിലും ചിന്തിക്കാന്‍ പ്രേരിപ്പിച്ചു ഇതിലെ ആസ്ത.

വിവാഹം കഴിഞ്ഞു കുട്ടികളുമായിക്കഴിഞ്ഞാല്‍, സ്ത്രീയുടെ സ്ഥാനം ഭര്‍ത്താവിനും കുട്ടികള്‍ക്കും താഴെയാണെന്ന പൊതു ചിന്താഗതി നന്നായി വരച്ചു കാട്ടുന്നു മഞ്ജു കപൂര്‍.ആസ്തയുടെ അമ്മ, തന്റെ ഭര്‍താവിന്റെ മരണശേഷം സ്വത്തുക്കളെല്ലാം വിറ്റ്‌ ഒരു ആശ്രമത്തിലേക്കു മാറുന്നു. സ്വത്തു വിറ്റ പണം അവര്‍ മകളുടെ പേരിലല്ല, മരുമകന്റെ പേരിലാണു നിക്ഷേപിക്കുന്നത്‌. ആസ്തയോടിതേക്കുറിച്ചു അഭിപ്രായം പോലും ചോദിക്കുന്നില്ല..ആസ്ത ഇതിനെ കുറിച്ചു സൂചിപ്പിക്കുമ്പോളാകട്ടെ, നിനക്കു സാമ്പത്തിക കാര്യങ്ങളെ കുറിച്ചെന്തറിയാം എന്ന ചോദ്യമാണു മറുപടിയായി കിട്ടുന്നത്‌.

വേറെയും ഉണ്ട്‌ സന്ദര്‍ഭങ്ങള്‍...ആസ്ത ഒരു സ്കൂളില്‍ ജോലിയ്ക്കു പോകുന്നുണ്ട്‌(അധ്യാപിക). അവധിക്കാലത്ത്‌ ആസ്തയുടെ ഭര്‍ത്താവ്‌ ഒരു ഗോവന്‍ ട്രിപ്‌ പ്ലാന്‍ ചെയ്യുന്നു...യാത്രയ്ക്കു തന്നെ ദിവസങ്ങള്‍ എടുക്കില്ലേ എന്നു ചോദിക്കുന്ന ആസ്തയോട്‌, നമ്മള്‍ ഫ്ലൈറ്റിനു പോകുന്നു എന്നു പറഞ്ഞു അതിശയിപ്പിക്കുന്നു കണവന്‍!പിന്നീടാണു അവള്‍ക്കു മനസ്സിലാകുന്നത്‌, തന്റെ ആദ്യ ശമ്പളമാണു ഫ്ലൈറ്റ്‌ ചാര്‍ജ്‌ ആയി ഭര്‍ത്താവു കാണുന്നതു എന്നു..ഭാര്യയുടെ പണം, ഭര്‍ത്താവിന്റെ പണം അങ്ങനെ ഒന്നും ഇല്ല എന്നു ചിന്തിക്കുമ്പോള്‍ തന്നെ ആസ്ത ഓര്‍ക്കുന്നു, തന്നോടൊന്നു അഭിപ്രായം ചോദിക്കുക പോലും ചെയ്തില്ലല്ലോ എന്നു..

ഗോവയില്‍ വച്ച്‌ ആസ്ത ഒരു വെള്ളി ബോക്സ്‌ കണ്ടു സ്വന്തമാക്കാന്‍ അഗ്രഹിക്കുന്നു...അനാവശ്യമെന്നു പറഞ്ഞു ഭര്‍ത്താവു അതു സമ്മതിക്കുന്നില്ല...അതേ സമയം കുട്ടികളുടെ എല്ലാ അധിക ചിലവുകളും ഒരു മടിയും കൂടാതെ നടത്തിക്കൊടുക്കുന്നു. അയാള്‍ സ്വന്തമായും അനാവശ്യ ചിലവുകള്‍ നടത്തുന്നുണ്ട്‌.ഇതെല്ലാം ആസ്തയെ വേദനിപ്പിക്കുന്നു എന്നു പറയാതെ പറയുന്നു, കഥാകാരി..

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചൊന്നും പറയുന്ന കഥയല്ല ഇത്‌. ആസ്തയുടെ ജീവിതത്തിലൂടെ കഥ മുന്നോട്ടു പോകുന്നു. ആര്‍.കെ.നാരായണിന്റെ ഡാര്‍ക്‌ റൂമിലെ പോലെ,ഒട്ടും ശക്തയല്ലാത്ത ഒരു സ്ത്രീ കഥാപാത്രം.

ഈ കഥയില്‍ ഇടയ്ക്ക്‌, ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെടുന്നതും, അതിനിടയാക്കിയ സാഹചര്യങ്ങളും, ആസ്തയുടെ കണ്ണിലൂടെ വിവരിക്കുന്നുണ്ട്‌ കഥകാരി.കഥയിലെ പിപീലികയുടെ ഭര്‍താവിന്റെ അരും കൊല നടക്കുന്നത്‌ ഇതോടനുബന്ധിച്ചാണു.

ആകെ കൂടെ ഒരു ആവറേജ്‌ എന്നു വിശേഷിപ്പിക്കാമെങ്കിലും, എന്തോ, എനിക്കിഷ്ടപ്പെട്ട പുസ്ത്കങ്ങളുടെ കൂട്ടത്തില്‍ ഇതുമുണ്ട്‌!

Thursday, May 29, 2008

അണയാതിരിക്കട്ടെ!

ബുധനാഴ്ചയിലെ മനോരമയില്‍ വന്ന വാര്‍ത്തയാണീ കുറിപ്പിനാധാരം.ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ KSRTC ബസ്സ്‌ ഇടിച്ചു പരിക്കേറ്റു തെറിച്ചു വീണു...രക്തത്തില്‍ കുളിച്ച ഭര്‍ത്താവു ഭാര്യയെയും താങ്ങിയെടുത്തു പലരുടെയും അടുത്തു സഹായം യാചിച്ചെങ്കിലും, ആരും സന്മന്‍സ്സു കാട്ടിയില്ല!ഒടുവില്‍, രക്തം വാര്‍ന്നു ഭാര്യ മരിച്ചു!

എന്തു പറ്റി മലയാളികള്‍ക്കു? കേരളത്തില്‍ നിന്നും അകലെ ജീവിക്കുന്ന ഞങ്ങള്‍, മറുനാടന്‍ മലയാളികള്‍, നാടിനെ പറ്റി ഓര്‍ത്തു അഭിമാനിച്ചിരുന്നു! പ്രബുദ്ധരായ ജനതയാണു, വിദ്യാഭ്യാസം ഉള്ളവരാണു എന്നൊക്കെ!

സഹജീവികളൊടു കരുണ കാണിക്കേണ്ടതു നമ്മുടെ ചുമതല ആണെന്നൊന്നും ഞാന്‍ പറയില്ല...എന്നാലും...നാളെ നമ്മുടെ എറ്റവും പ്രിയപ്പെട്ടവര്‍ക്കു ഈ ഗതി വരാം എന്നോര്‍ത്തെങ്കിലും ആര്‍ക്കെങ്കിലും അവരെ സഹായിച്ചു കൂടായിരുന്നൊ?ഒരു അപകടം ഉണ്ടായി കഴിയുമ്പോള്‍ ആര്‍ക്കും പറയാന്‍ കുറെ ന്യായവാദങ്ങള്‍ ഉണ്ടാകും! പോലീസീന്റെ മേല്‍ കുറ്റം ചാരി കഴിഞ്ഞാല്‍ എല്ലാം തീര്‍ന്നൊ? വെള്ളത്തില്‍ മുങ്ങുന്ന ഉറുമ്പിനെ ഇലയിട്ടു രക്ഷിച്ച ബാല്യകാലം ഇത്ര വേഗം മറന്നൊ?

ബാലാമണിയമ്മയുടെ കവിതകള്‍ വായിച്ചു വളര്‍ന്ന ഒരു കാലം ഉണ്ടായിരുന്നു മലയാളിക്ക്‌ : മറ്റുള്ളവരുടെ ദു:ഖം കണ്ടു വേദനിക്കുന്ന മനസ്സുണ്ടാകുന്നതു പുണ്യമാണെന്നു പഠിച്ചിരുന്ന കാലം..മലയാളിക്കിന്നാ കവിതകള്‍ മാത്രമല്ല അന്യമായത്‌, ആ മനസ്സു കൂടിയാണു.മൂന്നു വയസ്സു മുതല്‍ക്കെ മാതൃഭാഷയെ മറക്കാന്‍ പഠിക്കുന്നവര്‍! മുന്നിലെത്താനായി ഓടി നടക്കുന്ന യാത്രയില്‍, എവിടെയാണു മറ്റുള്ളവനു വേണ്ടി നീക്കി വയ്ക്കാന്‍ അല്‍പം സമയം! സ്വന്തം വീട്ടില്‍, സ്വന്തം മക്കള്‍ക്കൊ, മാതാപിതാക്കള്‍ക്കൊ കൊടുക്കാന്‍ സമയമില്ല..പിന്നെയല്ലേ അന്യനു! ഇന്നുവരെ കാണാത്ത ഒരള്‍ക്കു വേണ്ടി ഞാന്‍ എന്തിനു ബുദ്ധിമുട്ടണം! ഈ ഓട്ടം എങ്ങോട്ടാണെന്നു അല്‍പനേരം കണ്ടെത്തി ചിന്തിക്കുന്നതു നന്നായിരിക്കും!

ഇംഗ്ലീഷ്‌ മീഡിയം വിദ്യാഭ്യസമാണെല്ലാത്തിനും കാരണം എന്നല്ല ഞാന്‍ ഇവിടെ പറയാന്‍ ശ്രമിച്ചതു. മാറുന്ന നമ്മുടെ മനസ്സ്ഥിതിയെ ആണു ഞാന്‍ ഉന്നം വച്ചതു. എല്ലാത്തിലും, എല്ലായിടത്തും എനിക്കു മുന്നിലെത്തണം...മുന്നിലെത്തിയാല്‍ മാത്രം പോര, മറ്റവന്‍ തീരെ പുറകിലായി പോവുകയും വേണം എന്ന മനോഭാവം!

ഒരു റോഡപകടം നടക്കുമ്പോള്‍, അപകടത്തില്‍ പെട്ടവരുടെ അടുത്താരെങ്കിലും ചെന്നാല്‍ അവര്‍ക്കതു വലിയ ആശ്വാസമായിരിക്കും...സഹായിക്കാന്‍ സാധിച്ചില്ലെങ്കിലും, ഒരാശ്വസവാക്കിനു പോലും അപ്പോള്‍ വലിയ വിലയുണ്ട്‌! ഇനിയെങ്കിലും, സഹജീവികള്‍ക്കു കൊടുക്കാനായ്‌ നമുക്കൊരല്‍പ്പം കരുണ കരുതിവെയ്ക്കാം..

നന്മയുടെ കൈത്തിരിവെട്ടം നമ്മുടെ കൊച്ചു കേരളത്തില്‍ ഒരിക്കലും അണയാതിരുന്നെങ്കില്‍!

Thursday, May 22, 2008

അങ്ങനെ ഞാനും നിരൂപിക്കട്ടെ!

ബ്ലോഗ് ഇവന്റ്:

ഞാന്‍ ഈ ബ്ലോഗ്‌ അല്‍പം മുകളിലേക്കു മാറ്റി!

http://marykkundorukunjadu.blogspot.com/2008/06/blog-post.html

Wednesday, May 21, 2008

പുഴകള്‍,പുസ്തകങ്ങള്‍...

ഹൃദയം കൊണ്ടു വായിക്കുന്ന കുട്ടി..അങ്ങനെയും കുട്ടികള്‍ ഉണ്ടോ? എന്തായാലും എന്റെ ഒരു സഹപ്രവര്‍ത്തകയെ അങ്ങനെ വിശേഷിപ്പിച്ചു കേട്ടു.ഈ മേരിക്കുട്ടിയും അങ്ങനൊക്കെ തന്നെ..

ഇഞ്ചിപെണ്ണിന്റെ പുതിയ ബ്ലോഗ്‌ പോസ്റ്റ്‌ ,വായിച്ച പുസ്തകങ്ങളെ കുറിച്ചു എഴുതാന്‍ എന്നെയും പ്രേരിപ്പിക്കുന്നു.പുസ്തകങ്ങളെ ആത്മാവോടു ചേര്‍ത്തു നടക്കുന്നു എന്നു സ്വയം വിശ്വസിക്കുന്ന ഒരാള്‍ ഇഞ്ചിപെണ്ണിന്റെ ആഹ്വാനം കണ്ടു ബ്ലോഗു തുടങ്ങിയില്ലെങ്കില്ലേ അതിശയമുള്ളു!

ആദ്യത്തെ പോസ്റ്റ്‌...

അങ്ങനെ ബൂലോകത്തേയ്ക്കു മേരിക്കുട്ടിയും...