ബുധനാഴ്ചയിലെ മനോരമയില്‍ വന്ന വാര്‍ത്തയാണീ കുറിപ്പിനാധാരം.ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ KSRTC ബസ്സ് ഇടിച്ചു പരിക്കേറ്റു തെറിച്ചു വീണു...രക്തത്തില്‍ കുളിച്ച ഭര്‍ത്താവു ഭാര്യയെയും താങ്ങിയെടുത്തു പലരുടെയും അടുത്തു സഹായം യാചിച്ചെങ്കിലും, ആരും സന്മന്‍സ്സു കാട്ടിയില്ല!ഒടുവില്‍, രക്തം വാര്‍ന്നു ഭാര്യ മരിച്ചു!
എന്തു പറ്റി മലയാളികള്‍ക്കു? കേരളത്തില്‍ നിന്നും അകലെ ജീവിക്കുന്ന ഞങ്ങള്‍, മറുനാടന്‍ മലയാളികള്‍, നാടിനെ പറ്റി ഓര്‍ത്തു അഭിമാനിച്ചിരുന്നു! പ്രബുദ്ധരായ ജനതയാണു, വിദ്യാഭ്യാസം ഉള്ളവരാണു എന്നൊക്കെ!
സഹജീവികളൊടു കരുണ കാണിക്കേണ്ടതു നമ്മുടെ ചുമതല ആണെന്നൊന്നും ഞാന്‍ പറയില്ല...എന്നാലും...നാളെ നമ്മുടെ എറ്റവും പ്രിയപ്പെട്ടവര്‍ക്കു ഈ ഗതി വരാം എന്നോര്‍ത്തെങ്കിലും ആര്‍ക്കെങ്കിലും അവരെ സഹായിച്ചു കൂടായിരുന്നൊ?ഒരു അപകടം ഉണ്ടായി കഴിയുമ്പോള്‍ ആര്‍ക്കും പറയാന്‍ കുറെ ന്യായവാദങ്ങള്‍ ഉണ്ടാകും! പോലീസീന്റെ മേല്‍ കുറ്റം ചാരി കഴിഞ്ഞാല്‍ എല്ലാം തീര്‍ന്നൊ? വെള്ളത്തില്‍ മുങ്ങുന്ന ഉറുമ്പിനെ ഇലയിട്ടു രക്ഷിച്ച ബാല്യകാലം ഇത്ര വേഗം മറന്നൊ?
ബാലാമണിയമ്മയുടെ കവിതകള്‍ വായിച്ചു വളര്‍ന്ന ഒരു കാലം ഉണ്ടായിരുന്നു മലയാളിക്ക് : മറ്റുള്ളവരുടെ ദു:ഖം കണ്ടു വേദനിക്കുന്ന മനസ്സുണ്ടാകുന്നതു പുണ്യമാണെന്നു പഠിച്ചിരുന്ന കാലം..മലയാളിക്കിന്നാ കവിതകള്‍ മാത്രമല്ല അന്യമായത്, ആ മനസ്സു കൂടിയാണു.മൂന്നു വയസ്സു മുതല്‍ക്കെ മാതൃഭാഷയെ മറക്കാന്‍ പഠിക്കുന്നവര്‍! മുന്നിലെത്താനായി ഓടി നടക്കുന്ന യാത്രയില്‍, എവിടെയാണു മറ്റുള്ളവനു വേണ്ടി നീക്കി വയ്ക്കാന്‍ അല്‍പം സമയം! സ്വന്തം വീട്ടില്‍, സ്വന്തം മക്കള്‍ക്കൊ, മാതാപിതാക്കള്‍ക്കൊ കൊടുക്കാന്‍ സമയമില്ല..പിന്നെയല്ലേ അന്യനു! ഇന്നുവരെ കാണാത്ത ഒരള്‍ക്കു വേണ്ടി ഞാന്‍ എന്തിനു ബുദ്ധിമുട്ടണം! ഈ ഓട്ടം എങ്ങോട്ടാണെന്നു അല്‍പനേരം കണ്ടെത്തി ചിന്തിക്കുന്നതു നന്നായിരിക്കും!
ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യസമാണെല്ലാത്തിനും കാരണം എന്നല്ല ഞാന്‍ ഇവിടെ പറയാന്‍ ശ്രമിച്ചതു. മാറുന്ന നമ്മുടെ മനസ്സ്ഥിതിയെ ആണു ഞാന്‍ ഉന്നം വച്ചതു. എല്ലാത്തിലും, എല്ലായിടത്തും എനിക്കു മുന്നിലെത്തണം...മുന്നിലെത്തിയാല്‍ മാത്രം പോര, മറ്റവന്‍ തീരെ പുറകിലായി പോവുകയും വേണം എന്ന മനോഭാവം!
ഒരു റോഡപകടം നടക്കുമ്പോള്‍, അപകടത്തില്‍ പെട്ടവരുടെ അടുത്താരെങ്കിലും ചെന്നാല്‍ അവര്‍ക്കതു വലിയ ആശ്വാസമായിരിക്കും...സഹായിക്കാന്‍ സാധിച്ചില്ലെങ്കിലും, ഒരാശ്വസവാക്കിനു പോലും അപ്പോള്‍ വലിയ വിലയുണ്ട്! ഇനിയെങ്കിലും, സഹജീവികള്‍ക്കു കൊടുക്കാനായ് നമുക്കൊരല്‍പ്പം കരുണ കരുതിവെയ്ക്കാം..
നന്മയുടെ കൈത്തിരിവെട്ടം നമ്മുടെ കൊച്ചു കേരളത്തില്‍ ഒരിക്കലും അണയാതിരുന്നെങ്കില്‍!
Thursday, May 29, 2008
Subscribe to:
Post Comments (Atom)
7 comments:
യോജിക്കുന്നു..
മരവിച്ച മനസാണിന്നു മലയാളിക്ക്. മുമ്പൊരിക്കല്‍ സമാനമായ വാര്‍ത്ത വന്നിരുന്നു. ‘കാശു തരാം എന്നെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിക്കൂ’ എന്ന് ചോരയൊലിപ്പിച്ച് കെഞ്ചി നിന്ന് ഒരു ചെറുപ്പക്കാരന്റെ പടം മൊബൈലില്‍ എടുക്കാന്‍ പാടുപെടുന്ന മലയാളിമക്കളെപറ്റി.
പത്മനാഭക്ഷേത്രക്കുളത്തില്‍ ഒരു പാവം തിരുമേനിയെ, ഭ്രാന്തന്‍ മുക്കി കൊല്ലുന്നത് ലൈവ് ആയി കണ്ടു രസിച്ചവരാണു നമ്മള്‍ (‘മോളേ മിസ്സക്കല്ലെ’ എന്ന് അമേരിക്കയിലുള്ള മകള്‍ക്ക് ഒരു അച്ഛന്‍ ഉടനെ ഫോണ്‍ വിളിച്ചു പറഞ്ഞത്രെ)
നമുക്ക് പണം മതി.. പണത്തിലൂടെയുള്ള രസം മതി..
‘കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ....’
ശരിയാണ്. വാചകമടിയില്‍ മാത്രമായി മലയാളികളുടെ സഹായമനസ്ഥിതി. സ്ഥിരമായി ഇത്തരം കാഴ്ചകള്‍ കണ്ട് മനസ്സു മരവിച്ചിരിയ്ക്കാം, ഒരു പക്ഷേ... സഹായിയ്ക്കുന്നവര്‍ക്കു കൂടി കോടതി കയറേണ്ടി വരുന്ന നീതിന്യായ വ്യവസ്ഥയെ കുറിച്ചോര്‍ത്തിട്ടുമാകാം...
എന്തായാലും കഷ്ടം തന്നെ. ഇപ്പറഞ്ഞതൊന്നും ഒരു ജീവനു പകരമാകുന്നില്ലല്ലോ.
ഈശ്വരാ, ചിന്തിക്കാന്‍ കഴിയുന്നില്ല ഇതില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച്. മനസ്സാക്ഷിയും നന്മയുമൊക്കെ നമ്മളെവിടെയാ കുഴിച്ചിട്ടത്? വേദനകള്‍ മറ്റാരുടെയോ ആകുന്നിടത്തോളം നമ്മെ അതു സ്പര്‍ശിക്കുന്നു പോലുമില്ലാ എന്ന അവസ്ഥ..കഷ്ടം
ഞാനും ഇതുവായിച്ച് കുറേനേരം വല്ലാതെയായിപ്പോയി മേരിക്കുട്ടി.മുന്‍പും വായിച്ചിട്ടുണ്ട് ഇതുപോലത്തെ സംഭവങ്ങള്‍.
കുറച്ചുനാള്‍ മുന്‍പ് പരക്കെയൊരു ബോധവല്കരണ പരിപാടി സറ്ക്കാറ്തന്നെ നടത്തിയിരുന്നു.ആക്സിഡന്റ് വിക്റ്റിംസിനെ ആശുപത്രിയില്‍ക്കൊണ്ടുവരുന്നവരെ പൊലീസ് ഒരു തരത്തിലും ബുദ്ധിമുട്ടിയിക്കില്ല എന്നൊക്കെ ഉറപ്പാക്കിക്കൊണ്ട്.ആയിടയ്ക്ക് കുറച്ചൊക്കെ വ്യത്യാസം കണ്ടിരുന്നു.പിന്നെ എന്താണ്‍ പറ്റിയത്? പൊലീസിന്റെ സമീപനത്തില്‍ മാറ്റം വന്നുവോ വീണ്ടും?(അതൊരു ന്യായീകരണമൊന്നുമല്ല)പൊലീസ് വണ്ടി വന്നാലേ ഇപ്പോള്‍ ആക്സിഡന്റ് വിക്റ്റിംസിനെ ആശുപത്രിയില്‍ക്കൊണ്ടുപോക്കൂ എന്നനിലയാണ്‍.ഈയൊരവസ്ഥയെ ഗൌരവമായെടുത്തു സറ്ക്കാരും മാദ്ധ്യമങ്ങളുമൊക്കെ കാര്യമായ ബോധവല്കരണം
വീണ്ടു തുടങ്ങണം.
ഒരാളെ മരണത്തില്‍ നിന്ന് രക്ഷിയ്ക്കാതെ ഒഴിഞ്ഞുമാറുന്നതു, ഒരു കൊലപാതകം ചെയ്യുന്നതുപോലെത്തന്നെയാണെന്നത് ജനങ്ങളുടെ മനസ്സില്‍ ആഴത്തിലിറങ്ങണം.
ബെസ്റ്റ് കണ്ണാ ബെസ്റ്റ്. സാംസ്കാരികോന്നമനം തന്നെ.
അതെ മനൂ.ഞങ്ങളുടെ കുട്ടിക്കാലത്തെകുറിച്ചു ഓര്‍ക്കുമ്പൊള്‍ ചിലപ്പോളൊക്കെ എനിക്കു ശരിക്കും കൊതിയാവാറുണ്ടു ...നന്മയുടെ ആ നാളുകള്‍ ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലൊ...
ശ്രീ, ഭൂമിപുത്രി, ഞാനും വായിച്ചിരുന്നു, പോലിസ് ആക്സിഡെന്റ് വിക്റ്റിംസിനെ സഹായിക്കുന്നവരെ ഒരു തരത്തിലും ഉപദ്രവിക്കുകയില്ല എന്നും മറ്റുമുള്ള വാര്‍ത്തകള്‍....ഇതിനേക്കുറിച്ചു ബൊധവത്കരണം നടത്താത്തതാണു പ്രശ്നം എന്നു തോന്നുന്നു...
ഇല്ല ലക്ഷ്മി..ഒന്നും അന്യമായിട്ടില്ല...അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ അവസാനം രണ്ടു പേര്‍ തയ്യാറായി...ആ വാര്‍ത്ത മനോരമയില്‍ ഉണ്ടായിരുന്നു...
@ പാമരന്‍ :)
http://onthelookoutfor.blogspot.com/2008/05/let-us-be-human.html
Post a Comment