Wednesday, July 9, 2008

മേയ് മാസ സ്മരണകള്‍..


ഒന്നു മുതല്‍ നാലു വരെ പള്ളി സ്കൂളിലെ പഠനം കളി ചിരിയോടെ കഴിഞ്ഞു. നാലാം ക്ലാസ്സ്‌ കഴിഞ്ഞാല്‍ പിന്നെ, വീടിനു കുറച്ചകലെയുള്ള കാട്ടൂര്‍ സ്കൂളിലാണു സാധാരണയായി നാട്ടിലെ കുട്ടികള്‍ ചേരുക. പക്ഷേ, ഞാന്‍ നാലു പാസ്സായി കഴിഞ്ഞപ്പോല്‍ ചേച്ചി പറഞ്ഞു, നമുക്കു മോളെ കാട്ടൂരു ചേര്‍ക്കണ്ട. അവള്‍ക്കു നല്ല മാര്‍ക്കില്ലേ.അതു കൊണ്ടു, സെന്റ്‌ ജോസഫ്‌സില്‍ ചേര്‍ത്താല്‍ മതി.ചേച്ചി കാട്ടൂരില്‍ കാണിച്ചു കൂട്ടിയ വേലത്തരങ്ങള്‍ വീട്ടില്‍ അറിയാതിരിക്കാനാണു ഈ തന്ത്രം എന്നെനിക്കു തോന്നി,എനിക്കു മാത്രമേ തോന്നിയുള്ളു!

അങ്ങനെ, എന്നെ പരിഷ്‌കാരിയാക്കാം എന്നു തീരുമാനമായി.(സെന്റ്‌ ജോസഫ്‌സ്‌ പട്ടണത്തിലെ പേരു കേട്ട സ്കൂളാണല്ലൊ,നമ്മള്‍ ഒട്ടും മോശമാവരുതല്ലൊ.. )

സെന്റ്‌ ജോസഫ്‌സിലെ ബോര്‍ഡിങ്ങില്‍ ആയ ആയിട്ടു നില്‍ക്കുന്ന ഒരു ആന്റിയുള്ളതുകൊണ്ട്‌ അഡ്മിഷനു വലിയ പ്രയാസപ്പെടേണ്ടതായി വന്നില്ല..ആന്റി കാര്യങ്ങള്‍ ഒക്കെ ഭംഗിയായി നടത്തിക്കൊള്ളാം എന്നേറ്റു.

നാട്ടിന്‍ പുറം മോഡില്‍ നിന്നു പരിഷ്‌കാരി മോഡിലേയ്‌ക്കു എന്നെ മാറ്റുന്ന കാര്യം ചേച്ചി സന്തോഷപൂര്‍വം ഏറ്റെടുത്തു.ആദ്യപടിയായി,എന്റെ എണ്ണ തേച്ചു ചപ്പിച്ചു വച്ചിരുന്ന തലമുടി, 'ബ്ലഷില്‍' കൊണ്ടു പോയി ചെവിയറ്റം മുറിച്ചു.അതും പോരാഞ്ഞു, നാലഞ്ചു മുടി ഉള്ളതില്‍ നിന്ന്, കാമ്പുള്ള രണ്ടു മൂന്നെണ്ണം നോക്കി, നെറ്റിയില്ലേയ്ക്കു ചായ്ച്ചു നിര്‍ത്തി. തീര്‍ന്നില്ല, ചായ്ച്ചു വച്ച മുടി ബ്രഷില്‍ ചുറ്റി വച്ചിട്ടു ചൂടാക്കി..ഇത്തരം അത്യാധുനിക ഉപകരണങ്ങളും പ്രക്രിയകളും, ഞാന്‍ മാത്രമല്ല, ചേച്ചിയും കാണുന്നതു ആദ്യമായിട്ടാണെന്നു പിന്നെയാ മനസ്സിലായത്‌!(എന്റെ ക്ലാസ്സിലെ പിള്ളാരെല്ലാം ഹീറ്റ്‌ ചെയ്തു ഹീറ്റ്‌ ചെയ്തു എന്നു പറഞ്ഞു നടക്കുന്നു..നിനക്കാകുമ്പോ മുടി കുറച്ചല്ലേയുള്ളു..ഒന്നു ചെയ്തു നോക്കമെന്നേ)അന്നു വീട്ടിലോട്ടു തിരിച്ചു വരുമ്പോ, ഒരു കുപ്പി മഞ്ഞ സണ്‍സില്‍ക്ക്‌ ഷാമ്പൂ വാങ്ങിയതു ഇന്നും എനിക്കോര്‍മ്മയുണ്ട്‌..വീട്ടിലെത്തിയ ഉടനെ തന്നെ ചേച്ചി മുടിയൊക്കെ ഷാമ്പൂ ചെയ്തു(ചേച്ചിയുടെയല്ല, എന്റെ!).വലിയ അവധി തുടങ്ങിയ സമയമായിരുന്നേ. നാട്ടിലെ പയ്യന്മാര്‍ക്കു കൂവി നടക്കാന്‍ ഒരു താരമായി. "അയ്യൊടാ,ദേടാ മൊട്ടത്തലച്ചി!" അമ്മച്ചിമാര്‍ക്കാണെങ്കിലൊ, "അയ്യൊടീ പെങ്കൊച്ചേ! നിന്റെ മുടിക്കെന്നാ പറ്റി!! എന്നാലും കെട്ടിച്ചു വിടേണ്ട കൊച്ചിനെ ബേബിച്ചന്‍ ഇങ്ങനെ ചെയ്തല്ലൊ!" .സെന്റ്‌ ജോസഫ്‌സ്‌ എന്ന സുന്ദര സ്വപ്നത്തിനു വേണ്ടി പാവം ഞാന്‍ എല്ലം സഹിച്ചു, ക്ഷമിച്ചു.

പരിഷ്ക്കരിയാകാന്‍ മുടി വെട്ടിയാല്‍ മാത്രം പോര എന്നു ചേച്ചിക്കു തോന്നിക്കാണും. ഏടീ, വലിയ ഫാഷന്‍കാരൊന്നും കുട പിടിക്കാറില്ല..ഇപ്പോ മഴക്കോട്ടാ ഫാഷന്‍". പിറ്റേന്നു തന്നെ മഴക്കോട്ട്‌ വാങ്ങി. (ആ കളറിലുള്ള മഴക്കോട്ടുകള്‍ക്കു വംശനാശം വന്നു കൊണ്ടിരിക്കുന്നു.പാന്‍ഡയെ പോലെ.ട്രാഫിക്‌ പോലീസുകാരുടെ അടുത്തു മാത്രേ ഇപ്പോ അതു കാണാന്‍ പറ്റൂ.)

മേയ്‌ മാസം ഏതാണ്ടു തീരാറായി.അന്നൊക്കെ, സ്കൂളില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ മതാപിതാക്കളും മക്കളും നേരത്തേ എത്തും.വീട്ടില്‍ നിന്ന് ഞാനും, ചേച്ചിയും, അമ്മച്ചിയും കൂടി പുസ്തകം വാങ്ങാനായി സ്വപ്നഭൂമി സെന്റ്‌ ജോസഫ്‌സിലെക്കു ബസും പിടിച്ചു യാത്രയായി.എന്റെ ഭാവി സ്കൂള്‍..കണ്ടപ്പോ തന്നെ ഒത്തിരി ഇഷ്ടായി.അത്രയും വലിയ സ്കൂള്‍ ഞാന്‍ ആദ്യമായി കാണുവാണല്ലോ.പിന്നെ ടൈ ഒക്കെ കെട്ടിയ കുട്ടികളും..ആകെ കൂടെ എനിക്കു അത്ഭുതലോകത്തിലെ ആലീസിന്റെ ഫീലിങ്ങായി.

പുസ്തകം വാങ്ങാന്‍ സ്റ്റോര്‍ റൂമില്‍ ചെന്നു നമ്മുടെ പേരും ക്ലാസ്സും പറയണം.സിസ്റ്ററിന്റെ അടുത്തു ചേച്ചി തന്നെ പറഞ്ഞു, പുതിയ അഡ്മിഷനാ കേട്ടൊ.സിസ്റ്റര്‍ എന്നെ നോക്കി ചിരിച്ചു...ആഹാ...ഞങ്ങള്‍ടെ സ്കൂളൊക്കെ ഇഷ്ടപ്പെട്ടോ? ഞാന്‍ നാണിച്ചു ചിരിച്ചു...പേരും ക്ലാസ്സും ഒക്കെ പറഞ്ഞു..സിസ്റ്റര്‍ രജിസ്റ്റര്‍ എടുത്തു പരതാന്‍ തുടങ്ങി, മുഖത്ത്‌ ആകെ ഒരു വൈക്ലബ്യം..അല്ല..എപ്പഴാ നിങ്ങള്‍ അഡ്മിഷന്‍ എടുത്തതു? .."ഇവിടത്തെ ആയ ആഞ്ചമ്മ ആണഡ്മിഷന്‍ എടുത്തത്‌"..ചേച്ചിയുടെ കോണ്‍ഫിഡന്‍സ്‌ ഒക്കെ ചോരാന്‍ തുടങ്ങി..സിസ്റ്റര്‍ പേപ്പര്‍ എല്ലാം നോക്കി, തിരിച്ചും മറിച്ചും നോക്കി...അവസാനം പറഞ്ഞു,ഇവിടെ ആരും അഡ്മിഷന്‍ എടുത്തിട്ടില്ല..

ആകെ അങ്കലാപ്പായി..പിന്നെ അവരെ എന്റെ മാര്‍ക്കൊക്കെ കാട്ടി, അഡ്മിഷന്‍ ശരിയാക്കന്‍ ഉള്ള തത്രപ്പാടായി..അവരു പറഞ്ഞു, മാര്‍ക്കൊക്കെ ഉണ്ട്‌...ഞങ്ങള്‍ക്ക്‌ കുട്ടിയെ എടുക്കാന്‍ ആഗ്രഹവും ഉണ്ട്‌..പക്ഷേ അഡ്മിഷന്‍ ക്ലോസ്‌ ചെയ്തു പോയി..കുറേ പേരെ ഞങ്ങള്‍ മടക്കി വിട്ടതാ. അപ്പോ, ഒരാളെയായിട്ടു ഒന്നും ചെയ്യാന്‍ പറ്റില്ല..ഇനിയിപ്പോ ഇവിടെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ അഡ്മിഷന്‍ തരാം. അതും ഉടനെ ക്ലോസ്‌ ചെയ്യും. നിങ്ങള്‍ക്കു വേണമെങ്കില്‍, ഈയാഴ്ച തന്നെ വരണം..

പട്ടി ചന്തയ്ക്കു പോയതു പോലെ, ഞങ്ങള്‍ മൂന്നു പേരും വീട്ടിലെത്തി.പിന്നെ കൂലങ്കുഷമായ ചര്‍ച്ചകള്‍..വാഗ്വാദങ്ങള്‍..ഒരാള്‍ മലയാളം മീഡിയത്തില്‍ പഠിച്ച സ്ഥിതിക്കു, അടുത്തയാളെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ വിട്ടാല്‍ ശരിയാവിലെന്നു അച്ചാച്ചന്‍..അതു സാരമില്ല, എനിക്കു പ്രശ്നമൊന്നുമില്ലെന്നു ചേച്ചി..നാലു വരെ മലയാളം മീഡിയം പഠിച്ച കൊച്ചിനെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ വിടാന്‍ പറ്റത്തില്ലെന്നു അമ്മച്ചി....

അവസാനം കാട്ടൂര്‍ തന്നെ ശരണം...ഞങ്ങള്‍ കാട്ടൂര്‍ക്കു വച്ചു പിടിച്ചു.പക്ഷേ അവിടെയും അഡ്മിഷന്‍ ക്ലോസ്‌! ആഞ്ചലോസ്‌ റെക്കമെന്‍ഡ്‌ ചെയ്ത കൊച്ചിനു പോലും കൊടുത്തില്ല..ഒന്നും വിചാരിക്കല്ലേ ബേബിച്ചാ..എന്നു അവിടത്തെ സിസ്റ്റര്‍.മാര്‍ക്കുണ്ടായാല്‍ മാത്രം പോരെടീ എന്നു ചേച്ചി.

വീണ്ടും ആലോചന..

ആലോചനകളൊക്കെ കഴിഞ്ഞപ്പോ സ്കൂള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം എന്ന സ്ഥിതിയായി.അവസാനം, വീടിനു കുറെ ദൂരെയുള്ള, സര്‍ക്കാര്‍ സ്കൂളിനെ ശരണം പ്രാപിച്ചു. അവര്‍ക്കാണെങ്കില്‍, ഡിവിഷന്‍ ഫാള്‍ വരും വരില്ല എന്ന സ്ഥിതിയും...അങ്ങനെ, കാരുപറമ്പ്‌ എന്നു നാട്ടുകാരും, ശ്രീ ചിത്തിര തിരുനാള്‍ മഹാരാജവിലാസം ഗവണ്‍മന്റ്‌ യു പി സ്കൂള്‍ എന്നു സ്കൂളുകാരും(അവരു മാത്രം)വിളിക്കുന്ന ആ മഹാസ്ഥാപനം എനിക്കു അഭയം നല്‍കാന്‍ റെഡിയായി..

ജൂണ്‍ ഒന്നെത്തി. മഴയും..ഞാന്‍ നേരത്തെ കരുതി വച്ച റയിന്‍ കോട്ടുമിട്ട്‌ പൂഴി നിറഞ്ഞ റോഡിലൂടെ അര മണിക്കൂര്‍ നടന്നു സ്കൂളിലെത്തി..നീണ്ടു നിവര്‍ന്നു കിടക്കുന്ന ഹാളിന്റെ നടുക്കത്തെ ക്ലാസില്‍ റ്റീച്ചര്‍ എന്നെ കൊണ്ടിരുത്തി...തറയില്‍ പലയിടത്തും ഞറിച്ചിലിന്റെ കാട്ടം.ബഞ്ചിലും.ക്ലാസ്‌ മുറിക്കു പാറ്റക്കാട്ടതിന്റെ മണം.അപ്പോഴും എന്റെ മുടിയില്‍ സണ്‍സില്‍ക്ക്‌ ഷാമ്പൂവിന്റെ സുഗന്ധമുണ്ടായിരുന്നു...