Monday, June 30, 2008

ഓര്‍മ്മകകളോടികളിക്കുവാനെത്തുന്നു..


എന്റെയൊക്കെ ചെറുപ്പത്തിലുണ്ടല്ലോ" എല്ലാ വീട്ടിലും ഒരു വട്ടമെങ്കിലും ഈ പല്ലവി മുഴങ്ങിയിട്ടുണ്ടാവും.

എന്റെ ചെറുപ്പം, ഇപ്പോഴത്തെ കുട്ടികളുടേതു പോലെ വര്‍ണശബളമായിരുന്നില്ല...ഇന്നലെ ചേച്ചിയുടെ മോള്‍ക്കു വേണ്ടി റിമോട്ട്‌ വച്ച കാറും, മോനു വേണ്ടി വീഡിയോ ഗയിമും വാങ്ങി.എന്റെ കുട്ടിക്കാലത്ത്‌, എനിക്കാകെ ഉണ്ടായിരുന്നതായോര്‍മ്മയുള്ള കളിപ്പാട്ടം, ഒരു പച്ച തത്തമ്മയും, പിന്നെ ഒരു മൗത്ത്‌ ഓര്‍ഗനുമാണു. മൗത്ത്‌ ഓര്‍ഗന്‍, അപ്പുറത്തെ വീട്ടിലെ ജോസുമോന്‍ കട്ടെടുത്തു. ഞാന്‍ അതും ചോദിച്ചു അവന്റെ പുറകെ കുറെ നടന്നു.ദുഷ്ടന്‍ തന്നില്ല..


പള്ളിവക സ്കൂളിലായിരുന്നു ഒന്നു മുതല്‍ നാലു വരെ പഠിച്ചിരുന്നത്‌. അച്ചാച്ചന്‍ പള്ളിയിലെ കൈക്കാരനായിരുന്നതു കൊണ്ടു, ടീച്ചര്‍മാരുടെയടുത്തുനിന്നു നല്ല പരിഗണന കിട്ടിയിരുന്നു...പിന്നെ, എന്റെ ചേച്ചിയും അവിടെത്തന്നെയാണു പഠിച്ചിരുന്നതു..അതുകൊണ്ടൊക്കെ, ടീച്ചര്‍മാര്‍ക്കു ഒരു പ്രത്യേക വാത്സല്യം എന്നൊടുണ്ടായിരുന്നു.പിന്നെ, ഞാന്‍ തീരെ ചെറിയ കുട്ടിയുമായിരുന്നു അന്നൊക്കെ..(ഇപ്പോ, ഒരു കുട്ടകം ലുക്കുണ്ട്‌!)


ഒരു ദിവസം വൈകിട്ടു ഞാന്‍ വീട്ടില്‍ ചെന്നതു, നെറ്റിയില്‍ നല്ല ആഴത്തില്‍ ഒരു മുറിവും കൊണ്ടാണു."തുമ്പി എന്നെ വരാന്തേന്നു തല്ലിയിട്ടമ്മച്ചീ.." എന്നു പറഞ്ഞുകൊടുക്കാനും മറന്നില്ല.തുമ്പി, എന്റെ താഴെയുള്ള ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണു..മഹാ വികൃതിയും.എന്തായലും, ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, നാളെയാവട്ടെ സ്കൂള്‍ വരെ വരാം എന്നു അച്ചാച്ചനും ചേച്ചിയും കൂടെ തീരുമാനിച്ചു(ചേച്ചിക്കു എന്നേക്കാള്‍ 8 വയസ്സു മൂപ്പുണ്ടു). അങ്ങനെ, രാവിലെ തന്നെ ഹെഡ്മിസ്റ്റ്രസ്സ്‌ ആനന്ദവല്ലി ടീച്ചറിന്റെ മുന്നില്‍ അവരു രണ്ടാളും പിന്നെ ഞാനും എത്തി.ടീച്ചര്‍ ഞങ്ങളുടെ അയല്‍ വാസി കൂടിയാണു.അച്ചാച്ചന്‍ ടീച്ചറിനോട്‌ കാര്യമെല്ലാം പറഞ്ഞു.ഇനി കുട്ടികള്‍ കളിക്കുമ്പോള്‍ ഒന്നു കൂടി സൂക്ഷിക്കണം, കൊച്ചു കുട്ടികളല്ലെ എന്നൊക്കെ.എല്ലാം കഴിഞ്ഞപ്പൊള്‍ ടീച്ചര്‍ പറഞ്ഞു: എന്റെ ബേബിച്ചാ, ബേബിച്ചന്റെ മകളായതു കൊണ്ടാ ഞാന്‍ ഇവളെ ഒന്നും ചെയ്യാതിരുന്നതു.ആ തുമ്പിയുടെ വീട്ടില്‍ നിന്നു എന്നെ കാണാനാളു വന്നിരുന്നു.അവന്റെ കൈ ഒടിഞ്ഞിട്ടുണ്ടു.ഇവളു ചവിട്ടി താഴെയിട്ടതാ.അച്ചാച്ചന്‍, പിന്നീടിന്നു വരെ, ഞാന്‍ പഠിച്ച ഒരു സ്കൂളിലും വന്നിട്ടില്ല :). ഇന്നും എന്നെ ഇതും പറഞ്ഞു കളിയാക്കാറുണ്ട്‌ ചേച്ചിയും അമ്മച്ചിയും...

എല്ലാ കൃസ്തീയ കുട്ടികളേയും പോലെ, ഞാനും, മുടങ്ങാതെ വേദപാഠം പഠിക്കാന്‍ പോയിരുന്നു.അറ്റന്‍ഡന്‍സിനും, ക്ലാസ്സില്‍ ഫസ്റ്റിനും, പിന്നെ വര്‍ഷാവസാനം നടക്കുന്ന മിട്ടായി പെറുക്കല്‍, ഓട്ടം, ചാട്ടം, കസേരകളി, പ്രസംഗം, ഇതിനെല്ലാം സമ്മാനം കിട്ടും.സോപ്പ്‌ പെട്ടി, ഗ്ലാസ്‌, ഇതൊക്കെയാണു സമ്മാനം.ചേച്ചിയും ഞാനും വേദപാഠം പഠിക്കുന്നതു കൊണ്ടു, രണ്ടാള്‍ക്കും കൂടെ ഒത്തിരി സമ്മാനം കിട്ടും.വാര്‍ഷികത്തിന്റെ അന്നാണു സമ്മാനം കൊടുക്കുക.അമ്മച്ചിയും അച്ചാച്ചനും ഒക്കെ വരും വാര്‍ഷികം കാണാന്‍.കൈ നിറയെ സമ്മാനവുമായാണു എല്ലാരും കൂടെ തിരിച്ചു പോവുക.ഒത്തിരി രാത്രിയായിട്ടുണ്ടാവുമപ്പോള്‍.അടുത്ത വീട്ടില്‍ നിന്നുമൊക്കെ ആളുകള്‍ വന്നിട്ടുണ്ടാവും.എല്ലാരും കൂടെ സംസാരിച്ചു, ചിരിച്ചു കളിച്ചു തിരിച്ചു പോകും.ആ കാലമൊക്കെ എത്ര രസമായിരുന്നു!

വേദപാഠം ഒന്നാം ക്ലാസില്‍,പള്ളിയിലെ കപ്യാറായിരുന്നു വേദപാദ സാര്‍. കപ്യാരും, അച്ചാച്ചനും നല്ല കൂട്ടുകാരാണെന്നു മാത്രമല്ല, കപ്യാര്‍ സാറിന്റെ മകളാണു എന്റെ തലതൊട്ടമ്മ...അതു കൊണ്ടു, ഞാനെന്തു കുരുത്തക്കേടു കാണിച്ചാലും അതപ്പോ വീട്ടിലെത്തും..എന്നാലും, പള്ളിയില്‍ വിശുദ്ധ കുര്‍ബാന തയ്യാറാക്കാന്‍ ഉപയൊഗിക്കുന്ന വലിയ ഓസ്തി മുറിച്ചതില്‍ ബാക്കി വരുന്ന കുഞ്ഞു കഷ്ണങ്ങള്‍(ഓസ്തിപ്പൊടി) പൊതിഞ്ഞു വച്ച്‌, എല്ലാ ആഴ്ചയും തരുമായിരുന്നു സാര്‍. ഒത്തിരി കഥയൊക്കെ പറഞ്ഞു തരും ക്ലാസ്‌ എടുക്കുമ്പൊള്‍.പക്ഷേ, എല്ലാ കൊല്ലവും, ഒരേ കഥ തന്നെയായിരിക്കും പറയുക.അതു കൊണ്ടു, ഞാന്‍ വീട്ടില്‍ ചെന്നു കഥ പറയാന്‍ തുടങ്ങുമ്പോഴേയ്ക്കും, ചേച്ചി ബാക്കി പറയും.ഒന്നാം ക്ലാസിലെ വേദപാഠ പരീക്ഷ, ഓറല്‍ ആണു. ഒന്നാം ക്ലാസിലെ കുട്ടികളല്ലേ, ചെറിയ ചോദ്യം ഒക്കെയേ സാറു ചോദിക്കൂ. എന്നോടു, ആദ്യത്തെ ചോദ്യം : ആരാണു നമ്മുടെ പിതാവു? ഹിത്രേയുള്ളൊ! ദാ പിടിച്ചോന്ന മട്ടില്‍ ഞാന്‍ ഒട്ടും മടിക്കാതെ ഉത്തരം പറഞ്ഞു: അച്ചാച്ചന്‍! (ശരിയുത്തരം: ദൈവം നമ്മുടെ പിതാവ്‌).

ഇതൊക്കെ അമ്മച്ചിയും ചേച്ചിയും പറഞ്ഞുള്ള ഓര്‍മ്മകളാണു.എന്നാലും, നമ്മുടെ കുസൃതികള്‍ ഒക്കെ ഇങ്ങനെ പറയുന്നതു കേള്‍ക്കാന്‍ നല്ല സുഖമല്ലേ..

Thursday, June 19, 2008

ഏയ്‌ ഓട്ടോ!



എന്റെ അച്ചാച്ചനും അമ്മച്ചിയും ബാംഗ്ലൂര്‍ക്കു വന്നു....കുറച്ചു നാള്‍ മകളുടെ കൂടെ താമസിക്കാം, ബാംഗ്ലൂര്‍ ഒക്കെ കാണാം എന്നു വച്ചത്രേ.

എനിക്കും ഒത്തിരി സന്തോഷമായി.ഓരൊ രണ്ടാഴ്ച കൂടുമ്പോഴും തത്ക്കാല്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു നാട്ടിലെക്കു ഓടാറുണ്ട്‌ ഞാന്‍.ബാംഗ്ലൂര്‍ വന്നിട്ടു കൊല്ലം മൂന്നാകുന്നു....എന്നാലും, മനസ്സുകൊണ്ടു എനിക്കു ഇവിടെ ഇഷ്ടമല്ല...നാടും, നാട്ടിലെ മഴയും...ഓര്‍ക്കുമ്പോ തന്നെ എന്താ ഒരു സന്തോഷം..

ഇനിയിപ്പോ അച്ചാച്ചനും അമ്മച്ചിയും വന്നതു കാരണം നാട്ടിലേക്കുള്ള എറണാകുളം ബാംഗ്ലൂര്‍ ഷട്ടില്‍ സര്‍വീസ്‌ തല്‍ക്കാലം വേണ്ടല്ലൊ...ആ സമയത്തു കുടുംബസമേതം മൈസൂര്‍ പോകാം..പറ്റിയാല്‍ കൂണൂരിലും കൂടി പോകാം എന്നൊക്കെ പദ്ധതി തയ്യാറാക്കി...

ബാംഗ്ലൂര്‍ ടൂറിന്റെ ആദ്യ പടിയായി, തറവാട്ടിലേയ്ക്കു തന്നെ കൊണ്ടു പൊയേയ്ക്കാം രണ്ടാളെയും എന്നോര്‍ത്തു...അങ്ങനെ ശനിയഴ്ച ഞങ്ങള്‍ മൂന്നാളും കൂടി ബാംഗ്ലൂര്‍ സെന്റ്രല്‍-ലേയ്ക്കു പോയി.

എന്റെ വീട്‌ ഒരു നാട്ടിന്‍പുറത്താണു.നന്മകളാല്‍ സമൃദ്ധമായ കൊച്ചു നാട്ടിന്‍പുറം.ഇവിടെ, ബാംഗ്ലൂര്‍ നഗരത്തിലെ കാഴ്ചകള്‍ എന്റെ അമ്മച്ചിക്കും അച്ചാച്ചനും മായകാഴ്ചകള്‍ തന്നെ...സെന്റ്രലില്‍ ആണെങ്കില്‍ ഫ്രെഞ്ച്‌ വീക്കോ മറ്റോ നടക്കുന്ന സമയം.ഈഫല്‍ ടവറിന്റെ മോഡല്‍ ഒക്കെ ഉണ്ടാക്കി വച്ചിറ്റുണ്ടു അവിടെ. ആകെ കൂടെ ഉത്സവമയം...അമ്മച്ചിക്കു സന്തോഷമായി എന്നു മനസ്സിലായി.അവിടെ നിന്നു ചേച്ചിയുടെ കുട്ടികള്‍ക്കു കളിപ്പാട്ടങ്ങളും, പിന്നെ കുറച്ചു ഡ്രെസ്സും ഒക്കെ എടുത്തു.

ടൂറിന്റെ രണ്ടാം ഘട്ടമായി ഗരുഡ മാളിലേയ്ക്കു പോകാന്‍ തീരുമാനമായി. അങ്ങോട്ടു പോകാന്‍ ഓട്ടോ വിളിച്ചു. കാര്യം ഗരുഡ മാളും സെന്റ്രല്‍ മാളും തമ്മില്‍ 5 മിനിറ്റ്‌ നടക്കാവുന്ന ദൂരമേ ഉള്ളൂ. എന്നാലും, എന്റെ അമ്മച്ചിക്കു അത്ര ദൂരം നടക്കന്‍ പറ്റില്ല...വാക്കിംഗ്‌ സ്റ്റിക്ക്‌ ഒക്കെ വച്ചാണു അമ്മച്ചി നടക്കുന്നതു.

അങ്ങനെ ഗരുഡയില്‍ പോയി, ആവശ്യത്തിനു ഷോപ്പിംഗ്‌ ഒക്കെ നടത്തി.അച്ചാച്ചനെ എസ്കലേറ്ററിലൊക്കെ കയറ്റി.. 7 മണി ആയപ്പോള്‍ ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങാം എന്നു കരുതി.പുറത്തെത്തിയപ്പൊള്‍ നല്ല മഴ.ആകെ ഒരു കുടയുണ്ടു..ഞാനും അച്ചാച്ചനും കൂടെ പോയി ഓട്ടോ വിളിക്കാനുള്ള ശ്രമം തുടങ്ങി.ബാംഗ്ലൂരിലെ ഓട്ടോക്കാര്‍ കരുണയുടെയും മനുഷ്യത്വത്തിന്റെയും മൂര്‍ത്തീഭാവങ്ങളായതു കൊണ്ടു, എവിടേയ്ക്കാ പോകേണ്ടതു എന്നു ചൊദിക്കുമ്പൊ CMH/ഇന്ദിരാനഗര്‍ എന്നു ഞാന്‍ പറഞ്ഞു തീരും മുന്നെ, റെഡ്‌ സ്റ്റ്രീറ്റ്‌ എന്നൊ, സെന്റ്രല്‍ ജയില്‍ എന്നൊ മറ്റോ ആണു ഞാന്‍ പറഞ്ഞതു എന്ന ഭാവം മു:ഖത്തു വരുത്തി പാഞ്ഞു പോയി എല്ലാരും..അവസാനം ഒരു ഓട്ടോ കിട്ടി.അച്ചാച്ചനെ അതില്‍ കയറ്റി ഇരുത്തി, സാധനം ഒക്കെ കയ്യില്‍ എല്‍പ്പിച്ചു..പതുക്കെ പോയി അമ്മച്ചിയെയും നടത്തി കൊണ്ടു വന്നു...


കുറച്ചു പലചരക്കു സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. അതു കൊണ്ടു MK റീറ്റെയിലില്‍ കയറി...അവിടെ നിന്നു അരിയും ബാക്കി സാധനങ്ങളും ഒക്കെ വാങ്ങി വീണ്ടും ഓട്ടോയ്ക്കായി കൈ നീട്ടാന്‍ തുടങ്ങി...ഓട്ടോയ്ക്കു വേണ്ടി നീട്ടുന്ന അത്രയും നേരം, വേറെ ആരുടെയെങ്കിലും മുന്നില്‍ പൈസയ്ക്കു വെണ്ടി കൈ നീട്ടിയാല്‍ ബാംഗ്ലൂര്‍ ഒരു ഫ്ലാറ്റ്‌ വാങ്ങന്‍ പറ്റിയെനെ! അവസാനം ഒരു ഓട്ടോ കിട്ടി....അവനോടു CV രാമന്‍ നഗര്‍ ടെമ്പിള്‍, നിയര്‍ ബസ്സ്‌ സ്റ്റാന്‍ഡ്‌ എന്നൊക്കെ പറഞ്ഞു... (എന്റെ വീടു ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നു 1 കി.മി അകലെയാണു). കോരിച്ചൊരിയുന്ന മഴ...ബസ്സ്‌ സ്റ്റാന്‍ഡ്‌ എത്തിയപ്പൊ, ഡ്രൈവര്‍ ഓട്ടോ സ്ലോ ചെയ്തു...അപ്പോഴേ എനിക്കു അപകടം മണത്തു...ഞാന്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ, ഭയ്യാ, റൈറ്റ്‌ എടുത്തിട്ട്‌, ആ ജങ്ക്ഷനില്‍ നിന്നു ലെഫ്റ്റ്‌...ഡെഡ്‌ എന്‍ഡിലാണു വീട്‌ എന്നു പറഞ്ഞു...ഡെഡ്‌ എന്‍ഡ്‌ എന്ന വാക്കു കേട്ടതും അയാള്‍ ചൂടാകാന്‍ തുടങ്ങി..ഡെഡ്‌ എന്‍ഡാ??? നിയര്‍ ബസ്സ്‌ സ്റ്റാന്‍ഡ്‌ എന്നു പറഞ്ഞിട്ടു?? ഇതു താന്‍ ബസ്സ്‌ സ്റ്റാന്‍ഡ്‌..ഇവിടെ വരെയേ പോകൂ..എന്നൊക്കെ അയാള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി.ഞാന്‍ ആവുന്നത്ര പറഞ്ഞു,ഭയ്യാ,അടുത്തു തന്നെ ആണു വീട്‌, ഡെഡ്‌ എന്‍ഡ്‌ എന്നു വച്ചാല്‍ എക്സ്പ്രസ്സ്‌ ഹൈവേയുടെ ഡെഡ്‌ എന്‍ഡ്‌ അല്ല, ഇതൊരു കൊച്ചു റോഡാണു എന്നൊക്കെ! ശരി മാഡം...കൊണ്ടു വിടാം...25 റുപീസ്‌ എക്സ്റ്റ്രാ തരണം എന്നായി അയാള്‍. മീറ്റര്‍ ചാര്‍ജ്‌ വെറും 24 രൂപയേ ആകൂ. അതായതു, ഞാന്‍ ഡബിള്‍ ചാര്‍ജ്‌ കൊടുക്കണമത്രെ!..എനിക്കെന്തൊ, 25 രൂപ അധികം കൊടുക്കാന്‍ തോന്നിയില്ല... PT ഉഷയെക്കാളും വേഗത്തില്‍ പറക്കുന്ന മീറ്റര്‍ ഫിറ്റ്‌ ചെയ്തതും പോര, ഇവര്‍ ചോദിക്കുന്ന എക്സ്റ്റ്രാ കൂടെ കൊടുക്കണം എന്നു പറഞ്ഞാല്‍ കഷ്ടമല്ലെ....

ഇതൊക്കെ നടക്കുന്ന സമയത്ത്‌, അവന്‍ ഓട്ടോ ഓടിക്കുകയൊന്നുമല്ല കേട്ടോ...ആ പെരുമഴയത്തു, ബസ്സ്‌ സ്റ്റാന്‍ഡില്‍ ഓട്ടോ നിര്‍ത്തിയിട്ടിരിക്കുകയാണു....അവന്‍ പറയുന്നതു, ഒന്നുകില്‍ എക്സ്റ്റ്രാ തരണം ഇല്ലെങ്കില്‍ ഇവിടെ ഇറങ്ങണം എന്നാണു. അതും കൂടെ കേട്ടപ്പൊ എനിക്കും വാശിയായി.എന്തായാലും ഇവിടെ ഇറങ്ങില്ല, വീടു വരെ പോകാനാണു ഓട്ടോ വിളിച്ചത്‌, വഴി നേരത്തേ പറഞ്ഞതുമാണു.വീടു വരെ കൊണ്ടു വിട്ടാല്‍ മീറ്റര്‍ ചാര്‍ജ്‌ തരാം എന്നു പറഞ്ഞു ഞാന്‍.

അച്ചാച്ചനും അമ്മച്ചിയും ഇതൊക്കെ കണ്ടു ആകെ ഷോക്ഡ്‌ ആയി ഇരിക്കുന്നു! നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു സംഭവമേ ഇല്ലല്ലൊ..

ഞാന്‍ അവനോട്‌ പറഞ്ഞു നോക്കി, വയ്യാത്ത രണ്ടു പേരാണു കൂടെ, കൊടും മഴയല്ലേ, ഇപ്പോ ഇവിടെ ഇറങ്ങിയാല്‍ , 1 കി.മി പോലും ഇല്ലാത്തതു കൊണ്ടു ഓട്ടോ കിട്ടില്ല.അതു കൊണ്ടു വീടു വരെ കൊണ്ടു വിട്ടേ പറ്റൂ എന്നൊക്കെ...പൊലീസിനെ വിളിക്കും എന്നു അറ്റ കയ്ക്കു പറഞ്ഞു ഞാന്‍(പക്ഷേ,മൊബൈല്‍ വീട്ടില്‍ വച്ചിട്ടാണു ഷോപ്പിങ്ങിനിറങ്ങിത്തിരിച്ചത്‌!)...നിങ്ങള്‍ എന്താണെന്നു വച്ചാല്‍ ചെയ്തോ, ഞാന്‍ കൊണ്ടു വിടില്ല എന്നു അവനും...അവസാനം അച്ചാച്ചന്‍ പറഞ്ഞു നമ്മുക്കു ഇറങ്ങി നടക്കാം എന്നു...അത്രയും അയപ്പൊഴേയ്ക്കും എനിക്കു സങ്കടവും ദേഷ്യവും എല്ലാം കൂടെ...ആകെ ഭ്രാന്തു പിടിക്കുന്ന പോലെയായി..പെരുവഴിയില്‍ ഇറക്കി വിട്ടതല്ലേ, പൈസ തരില്ല എന്നും പറഞ്ഞു ഞാനും ഇറങ്ങി...അവന്‍ പൈസ ചോദിച്ചു കുറച്ചു നേരം നിന്നു....കല്ലിനു കാറ്റു പിടിച്ച പോലെ ഞാനും. എന്റെ മുഖം കണ്ടിട്ടോ, അതൊ പോകാന്‍ ധൃതിയായിട്ടോ, അയാള്‍ വേഗം ഓട്ടോ ഓടിച്ചു പോയി.

ആരും ഇല്ലാത്തവര്‍ക്കു ദൈവം ഉണ്ടെന്നാണല്ലോ! ഞങ്ങള്‍ക്കു ആ മഴയത്ത്‌ ഒരു മിനിട്ടു പോലും നില്‍ക്കേണ്ടി വന്നില്ല..മറ്റേ ഓട്ടോ പോയതും, വേറെ ഒരു ഓട്ടോ വന്നു. അര കി.മി ഓടിയതിനു അവനു ഞാന്‍ 15 രൂപയും കൊടുത്തു.

അയാള്‍ക്കു പൈസ കൊടുക്കാതിരുന്നതിനു, എനിക്കു കുറ്റബോധം ഇല്ല...ഞാന്‍ തനിച്ചായിരുന്നെങ്കില്‍, നടു റോഡില്‍ ഇറക്കി വിട്ടതിനെ ന്യായീകരിക്കാമായിരുന്നു...അമ്മച്ചിക്കു വയ്യ, വാക്കിംഗ്‌ സ്റ്റിക്ക്‌ ഉണ്ടായിട്ടും കഷ്ടപ്പെട്ടാണു നടക്കുന്നത്‌. അച്ചാച്ചനും പ്രായമാണു എന്നൊക്കെ അയാള്‍ക്കു കണ്ടൂടെ? പിന്നെ, എന്റെ കൂട്ടുകാരി ചോദിച്ചു, ഈ പ്രശ്നം ഒന്നും ഉണ്ടാകുമായിരുന്നില്ലല്ലോ, ചോദിച്ച പൈസ കൊടുത്താല്‍ പോരേ എന്ന്....ഇങ്ങനെ ചോദിച്ച പൈസ എണ്ണി കൊടുക്കാന്‍ ആളുണ്ട്‌ എന്നതാണു ബാംഗ്ലൂര്‍ നഗരത്തിലെ ഓട്ടോക്കാരെ പിടിച്ചുപറിക്കരാക്കുന്ന പ്രധാന ഘടകം. 25 രൂപ, ഇന്നെന്നെ സംബന്ധിച്ച്‌ അത്ര വലുതല്ല. പക്ഷേ, ഒരോ പൈസയും അധ്വാനിച്ചു തന്നെ സ്വന്തമാക്കണം എന്നാണെന്റെ വിശ്വാസം...ഞാന്‍ ചോര നീരാക്കുന്ന പൈസ, അതെത്ര ചെറുതായാലും, ഒരാള്‍ക്ക്‌, അര്‍ഹതയില്ലത്ത ഒരാള്‍ക്ക്‌, വെറുതെ കൊടുക്കാന്‍ എന്റെ മന:സാക്ഷി അനുവദിക്കാറില്ല.ഞാന്‍ ചെയ്തതു മറ്റുള്ളവരുടെ മുന്നില്‍ ഒരു പക്ഷേ തെറ്റായിരിക്കാം...എന്നാല്‍, എന്റെ മന:സാക്ഷിയുടെ മുന്നില്‍ ഞാന്‍ തെറ്റുകാരിയല്ല...

ഈ സംഭവത്തില്‍ എന്റെ ആകെ ആശ്വാസം, എല്ലാത്തിനും എന്നെ കുറ്റം പറയുന്ന കുറുറു, ഈ കേസില്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്തു എന്നതാണു.കുറുറുവിനു ശനിയാഴ്ച ഓഫിസില്‍ പോകണമായിരുന്നു...അതു കൊണ്ട്‌ ഞങ്ങളുടെ കൂടെ കറങ്ങാന്‍ വന്നില്ല..

NB: ആ ഓട്ടോക്കാരന്‍, കാശു കൂടുതല്‍ കിട്ടാന്‍ വേണ്ടി, വളഞ്ഞ വഴി ആണു വന്നതു..2 കി.മി എക്സ്റ്റ്രാ സഞ്ചരിച്ചു! പാവം, അതിന്റെ കാശും പോയി.

Friday, June 6, 2008

മഴവില്ല്..











ഇന്നലെ ഓഫീസ്‌ വിട്ടു പോകുന്ന വഴിക്കു മഴവില്ലു കണ്ടു...ബസിനകത്തുണ്ടായിരുന്ന എല്ലാവരെയും വിളിച്ചു കാണിച്ചു...കുറുറുവിനെയും ഫോണ്‍ വിളിച്ചറിയിച്ചു...
മഴവില്ല്, ദൈവം മനുഷ്യനു നല്‍കിയ വാഗ്ദാനത്തിന്റെ ഓര്‍മ പുതുക്കലാണു.ഇനിയൊരു പ്രളയം ഭൂമിയില്‍ ഉണ്ടാവില്ല എന്നു നോഹയ്ക്കു നല്‍കിയ വാഗ്ദാനത്തിന്റെ...








ഇന്നാകെ ജോലിത്തിരക്കായിരുന്നു...

ഇന്നു ഞാന്‍ ഓഫീസില്‍ എത്തിയപ്പോളവിടെ ആകെ ഉത്സവ മയം..മൈലാഞ്ചിയിടലിന്റെയും ഫേസ്‌ മസ്സാജിന്റെയും ഒക്കെ കുഞ്ഞി കുഞ്ഞി സ്റ്റാളുകള്‍...എല്ലാം ഫ്രീ! കമ്പനി കാശു കൊടുത്തോളും!...പിന്നെ മടിച്ചില്ല....ഞാനും ഓടി പോയി ക്യൂ നിന്നു...ഫേസ്‌, കാല്‍ എല്ലാം മസ്സാജ്‌ ചെയ്തു, മൈലാഞ്ചിയും ഇട്ടു...

Tuesday, June 3, 2008

അങ്ങനെ ഞാനും നിരൂപിക്കട്ടെ!

ബ്ലോഗ് ഇവന്റ്:

എനിഡ്‌ ബ്ലയ്ടണ്‍:

എന്റെ ഇംഗ്ലീഷ്‌ വായന തുടങ്ങുന്നതു "ഫേമസ്‌ ഫെവ്‌" മുതല്‍ക്കാണു .പേരു പൊലെ തന്നെ അഞ്ചു കുസൃതികുടുക്കകള്‍ ആണു കഥയിലെ താരങ്ങള്‍.കോളേജ്‌ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍-അതായതു കഥ പുസ്തകങ്ങള്‍ കിട്ടുന്നതു എല്ലാ വ്യഴാഴ്ചയുമാണു.ആഴ്ചയില്‍ രണ്ടു വ്യാഴമെങ്കിലും വേണം എന്നു തോന്നിയ കാലം!

എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട സീരിസ്‌ "ഫാറെവെ ട്രീ സീരിസ്‌" ആണു. ഈ കഥ തുടങ്ങുമ്പോള്‍ മൂന്നു കഥാ പാത്രങ്ങള്‍ ആണുള്ളതു: ജോ, ബെസ്സീ, പിന്നെ ഫാനി.സീരിസിലെ അദ്യത്തെ പുസ്തകം"എന്‍ ചാന്റെഡ്‌ വൂഡ്‌". ഒരു ഗ്രാമത്തിലെയ്ക്കു കൂട്ടുകാര്‍ താമസം മാറ്റുന്നതും,അവിടെ അടുത്തുള്ള വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന ഒരു കാട്ടില്‍ ഒരു മാജിക്‌ മരം കണ്ടു പിടിക്കുന്നതും, പിന്നെ അതിന്റെ ഏറ്റവും മുകളിലുള്ള ഗൊവെണിയിലൂടെ കുട്ടികള്‍ ഒരു അത്ഭുത ലോകത്തില്‍ പ്രവേശിക്കുന്നതും ഒക്കെയാണു പ്രമേയം. കുട്ടികള്‍ ഗ്രാമത്തിലൂടെ കറങ്ങി നടക്കുന്നതും, അവരുടെ കുഞ്ഞു കുസൃതികളും, പിന്നെ അത്ഭുത ലൊകത്തിലെ അതിശയങ്ങളും സഹസങ്ങളും ഒക്കെ വളരെ മനോഹരമായി വര്‍ണിച്ചിട്ടുണ്ടു കഥാകാരി.പരിസരം പോലും മറന്നു പുസ്തകത്തില്‍ ലയിച്ചിരിക്കുമ്പോള്‍ കുഞ്ഞി ക്കൂട്ടത്തിലെ ടാലാമന്‍(ഇതിന്റെ സ്ത്രീ-ലിംഗം എന്താണാവോ!) ആവറുണ്ടായിരുന്നു, മിക്കപ്പോഴും....

ഈ പുസ്തകങ്ങള്‍ ഒക്കെ വായിച്ചിട്ടു ഞാനും അതേ പോലെ അഡ്വെഞ്ചര്‍ നടത്തിയാലോ എന്നൊക്കെ ആലോച്ചിച്ചിട്ടുണ്ട്‌! വീട്ടിലെ ആടിനെയും കൂട്ടി അടുത്തുള്ള പാടത്തില്‍(പാടം ന്നു വച്ചാല്‍ ആകെ കറുക പ്പുല്ലു മാത്രമേ അവിടെ ഉള്ളൂ!) പോകും,പാടം വൂഡ്‌ ആണെന്നും,പിന്നെ കയ്യിലുള്ള മുട്ടായിയും മറ്റും ജോ കൊണ്ടു പോകുന്ന റ്റാര്‍ട്‌ ആണെന്നും അങ്ങു സങ്കല്‍പ്പിക്കും!

മലയാളം മീഡിയത്തില്‍ പഠിച്ച എനിക്കു ഇംഗ്ലീഷ്‌ വായിക്കാനുള്ള പ്രചോദനം തന്നതു ഈ പുസ്തകങ്ങളാണു.പിന്നീടു കൂടുതല്‍ ഗൗരവമായ വായനയിലേയ്ക്കു തിരിഞ്ഞെങ്കിലും, ഇന്നും ഇവ എന്റെ അടുത്ത കൂട്ടുകാര്‍ തന്നെ! ഈ പുസ്തകങ്ങളില്‍ ഒന്നു പോലും സ്വന്തമായില്ലെന്നത്‌ ഒരു സ്വകാര്യ ദു:ഖം! എനിഡ്‌ ബ്ലൈട്ടന്റെ മുഴുവന്‍ പേര്‍ എനിഡ്‌ മേരി ബ്ലൈട്ടണ്‍ എന്നാണു...എന്റെ പേരു പങ്കു വയ്ക്കുന്നതു കൊണ്ടു, ഒരിത്തിരി സ്നേഹം കൂടുതല്‍ ഉണ്ട്‌, കഥാകാരിയോട്‌!

ഫാറെവെ ട്രീ സീരിസിനെ പറ്റിയും, എനിഡ്‌ ബ്ലയ്ടണെ പറ്റിയും അറിയാന്‍ ഇതാ ചില പാലങ്ങള്‍ :
http://www.upthefarawaytree.50megs.com/about.htm! http://en.wikipedia.org/wiki/The_Enchanted_Wood_(novel)

ഇതു പൈങ്കിളി ആണോ!!!

എതോ ഒരു വനിത മാഗസിനില്‍, നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തണം,അല്ലെങ്കില്‍ അതു നിങ്ങളോടു നിങ്ങള്‍ തന്നെ (ജനങ്ങള്‍, ജനങ്ങള്‍ക്കു വേണ്ടി എന്നൊക്കെ പറയുന്ന പോലെ!) ചെയ്യുന്ന അനീതിയായി പോകും എന്നുമൊക്കെ കണ്ടതില്‍ പിന്നെ, ഞാന്‍ എല്ലാ ആഴ്ചയും "ക്രോസ്സ്‌ വേഡ്‌" വരെ പോകാനും,അവിടെ ഇരുന്നു ഓസില്‍ പുസ്തകം വായിക്കാനും, മാസത്തില്‍ രണ്ടു പുസ്ത്കമെങ്കിലും സ്വന്തമായി വാങ്ങാനും ശ്രമിച്ചു പോന്നു!

പുസ്തകങ്ങള്‍ നിറഞ്ഞ റാക്കിനു മുന്നില്‍ ചെന്നാല്‍ പിന്നെ, എനിക്കു നിറച്ചും പച്ച പ്ലാവില കണ്ട ആട്ടിന്‍ കുട്ടിയുടെ വെപ്രാളമാണു...ഏതെടുക്കണം, ഏതെടുക്കണം...വേറെ ആരേലും വന്നെടുത്താലോ...നാലെഞ്ചെണ്ണമങ്ങൊന്നിച്ചെടുത്താലോ....അങ്ങനെ അങ്ങനെ..

പുസ്തകങ്ങളെ കുറിച്ചു ഒരു റിവ്യു വായിച്ചിട്ടു വേണം വരാന്‍ എന്നു ഓരോ തവണയും ഓര്‍ക്കും..ഓര്‍മ്മ മാത്രമേ നടക്കാറുള്ളൂ.. അതു കാരണം തന്നെ ബുക്ക്‌ സ്റ്റാളില്‍ വന്നാല്‍ പിന്നെ അവിടെ ഉള്ള കുഞ്ഞി കുഷ്യന്‍സില്‍ ഇരുന്നും, പിന്നെ നിന്നും പുസ്തകങ്ങളെ പരിചയപ്പെടാന്‍ നന്നെ പരിശ്രമിക്കേണ്ടി വരും ഓരൊ തവണയും...

അങ്ങനെ ഒരിക്കല്‍ ഒരു ഗതിയും പരഗതിയും ഇല്ലാത്ത അവസ്ഥയില്‍ വാങ്ങിയതാണു മഞ്ജു കപൂറിന്റെ എ മാരീഡ്‌ വുമണ്‍ എന്ന നോവെല്‍.

പേരു കണ്ടപ്പോള്‍ എനിക്കു സത്യം പറഞ്ഞാല്‍ ഒട്ടും ഇഷ്ടമായില്ല. പുസ്തകത്തിന്റെ മറുവശം നോക്കിയപ്പൊള്‍, തീം ലെസ്ബ്ബുക്കളെ പറ്റി ആണെന്നു തോന്നി...പെട്ടന്നുണ്ടായ ഇമ്പള്‍സ്‌, അരെങ്കിലും കാണുന്നുണ്ടൊ എന്നു ചുറ്റും നോക്കാനായിരുന്നു!

എന്തായാലും, ആദ്യ കുറച്ചു പേജുകളിലൂടെ ഓടിച്ചു വായിച്ചപ്പൊള്‍ മനസ്സിലായി, ഒരു നല്ല കഥയാണെന്നും,കുറെ നല്ല കഥാ മുഹൂര്‍ത്തങ്ങള്‍ ഇതിലുണ്ടെന്നും..

ആസ്ത എന്നാണു മാരീഡ്‌ വുമണിന്റെ പേരു. എല്ലാ നല്ല മാതാപിതാക്കളെയും പോലെ, ആസ്തയുടെ മാതാപിതാക്കളും അവളെ നല്ല ഒരു കുടുംബത്തിലേയ്ക്കു വിവാഹം കഴിച്ചു നല്‍കുന്നു.

വിവാഹ ജീവിതത്തില്‍ ആസ്ത ചെയ്യേണ്ടി വരുന്ന അഡ്ജസ്റ്റ്മെന്റ്സ്‌, ആസ്തയും പിപീലികയും(ഒരു ഉപ കഥാപാത്രമാണു പിപീലിക- ഉറുമ്പ്‌ എന്നാണു പേരിന്റെ അര്‍ത്ഥം) തമ്മില്‍ ഉരുതിരിയുന്ന ബന്ധം, ഇതിലൂടെയൊക്കെയാണു കഥ മുന്നോട്ടു പോകുന്നത്‌. പൈങ്കിളി കഥയുടെ എല്ലാ ചേരുവകളും ഉണ്ടെങ്കിലും, എന്നെ കുറച്ചു ദിവസത്തേക്കെങ്കിലും ചിന്തിക്കാന്‍ പ്രേരിപ്പിച്ചു ഇതിലെ ആസ്ത.

വിവാഹം കഴിഞ്ഞു കുട്ടികളുമായിക്കഴിഞ്ഞാല്‍, സ്ത്രീയുടെ സ്ഥാനം ഭര്‍ത്താവിനും കുട്ടികള്‍ക്കും താഴെയാണെന്ന പൊതു ചിന്താഗതി നന്നായി വരച്ചു കാട്ടുന്നു മഞ്ജു കപൂര്‍.ആസ്തയുടെ അമ്മ, തന്റെ ഭര്‍താവിന്റെ മരണശേഷം സ്വത്തുക്കളെല്ലാം വിറ്റ്‌ ഒരു ആശ്രമത്തിലേക്കു മാറുന്നു. സ്വത്തു വിറ്റ പണം അവര്‍ മകളുടെ പേരിലല്ല, മരുമകന്റെ പേരിലാണു നിക്ഷേപിക്കുന്നത്‌. ആസ്തയോടിതേക്കുറിച്ചു അഭിപ്രായം പോലും ചോദിക്കുന്നില്ല..ആസ്ത ഇതിനെ കുറിച്ചു സൂചിപ്പിക്കുമ്പോളാകട്ടെ, നിനക്കു സാമ്പത്തിക കാര്യങ്ങളെ കുറിച്ചെന്തറിയാം എന്ന ചോദ്യമാണു മറുപടിയായി കിട്ടുന്നത്‌.

വേറെയും ഉണ്ട്‌ സന്ദര്‍ഭങ്ങള്‍...ആസ്ത ഒരു സ്കൂളില്‍ ജോലിയ്ക്കു പോകുന്നുണ്ട്‌(അധ്യാപിക). അവധിക്കാലത്ത്‌ ആസ്തയുടെ ഭര്‍ത്താവ്‌ ഒരു ഗോവന്‍ ട്രിപ്‌ പ്ലാന്‍ ചെയ്യുന്നു...യാത്രയ്ക്കു തന്നെ ദിവസങ്ങള്‍ എടുക്കില്ലേ എന്നു ചോദിക്കുന്ന ആസ്തയോട്‌, നമ്മള്‍ ഫ്ലൈറ്റിനു പോകുന്നു എന്നു പറഞ്ഞു അതിശയിപ്പിക്കുന്നു കണവന്‍!പിന്നീടാണു അവള്‍ക്കു മനസ്സിലാകുന്നത്‌, തന്റെ ആദ്യ ശമ്പളമാണു ഫ്ലൈറ്റ്‌ ചാര്‍ജ്‌ ആയി ഭര്‍ത്താവു കാണുന്നതു എന്നു..ഭാര്യയുടെ പണം, ഭര്‍ത്താവിന്റെ പണം അങ്ങനെ ഒന്നും ഇല്ല എന്നു ചിന്തിക്കുമ്പോള്‍ തന്നെ ആസ്ത ഓര്‍ക്കുന്നു, തന്നോടൊന്നു അഭിപ്രായം ചോദിക്കുക പോലും ചെയ്തില്ലല്ലോ എന്നു..

ഗോവയില്‍ വച്ച്‌ ആസ്ത ഒരു വെള്ളി ബോക്സ്‌ കണ്ടു സ്വന്തമാക്കാന്‍ അഗ്രഹിക്കുന്നു...അനാവശ്യമെന്നു പറഞ്ഞു ഭര്‍ത്താവു അതു സമ്മതിക്കുന്നില്ല...അതേ സമയം കുട്ടികളുടെ എല്ലാ അധിക ചിലവുകളും ഒരു മടിയും കൂടാതെ നടത്തിക്കൊടുക്കുന്നു. അയാള്‍ സ്വന്തമായും അനാവശ്യ ചിലവുകള്‍ നടത്തുന്നുണ്ട്‌.ഇതെല്ലാം ആസ്തയെ വേദനിപ്പിക്കുന്നു എന്നു പറയാതെ പറയുന്നു, കഥാകാരി..

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചൊന്നും പറയുന്ന കഥയല്ല ഇത്‌. ആസ്തയുടെ ജീവിതത്തിലൂടെ കഥ മുന്നോട്ടു പോകുന്നു. ആര്‍.കെ.നാരായണിന്റെ ഡാര്‍ക്‌ റൂമിലെ പോലെ,ഒട്ടും ശക്തയല്ലാത്ത ഒരു സ്ത്രീ കഥാപാത്രം.

ഈ കഥയില്‍ ഇടയ്ക്ക്‌, ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെടുന്നതും, അതിനിടയാക്കിയ സാഹചര്യങ്ങളും, ആസ്തയുടെ കണ്ണിലൂടെ വിവരിക്കുന്നുണ്ട്‌ കഥകാരി.കഥയിലെ പിപീലികയുടെ ഭര്‍താവിന്റെ അരും കൊല നടക്കുന്നത്‌ ഇതോടനുബന്ധിച്ചാണു.

ആകെ കൂടെ ഒരു ആവറേജ്‌ എന്നു വിശേഷിപ്പിക്കാമെങ്കിലും, എന്തോ, എനിക്കിഷ്ടപ്പെട്ട പുസ്ത്കങ്ങളുടെ കൂട്ടത്തില്‍ ഇതുമുണ്ട്‌!