Thursday, June 19, 2008

ഏയ്‌ ഓട്ടോ!



എന്റെ അച്ചാച്ചനും അമ്മച്ചിയും ബാംഗ്ലൂര്‍ക്കു വന്നു....കുറച്ചു നാള്‍ മകളുടെ കൂടെ താമസിക്കാം, ബാംഗ്ലൂര്‍ ഒക്കെ കാണാം എന്നു വച്ചത്രേ.

എനിക്കും ഒത്തിരി സന്തോഷമായി.ഓരൊ രണ്ടാഴ്ച കൂടുമ്പോഴും തത്ക്കാല്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു നാട്ടിലെക്കു ഓടാറുണ്ട്‌ ഞാന്‍.ബാംഗ്ലൂര്‍ വന്നിട്ടു കൊല്ലം മൂന്നാകുന്നു....എന്നാലും, മനസ്സുകൊണ്ടു എനിക്കു ഇവിടെ ഇഷ്ടമല്ല...നാടും, നാട്ടിലെ മഴയും...ഓര്‍ക്കുമ്പോ തന്നെ എന്താ ഒരു സന്തോഷം..

ഇനിയിപ്പോ അച്ചാച്ചനും അമ്മച്ചിയും വന്നതു കാരണം നാട്ടിലേക്കുള്ള എറണാകുളം ബാംഗ്ലൂര്‍ ഷട്ടില്‍ സര്‍വീസ്‌ തല്‍ക്കാലം വേണ്ടല്ലൊ...ആ സമയത്തു കുടുംബസമേതം മൈസൂര്‍ പോകാം..പറ്റിയാല്‍ കൂണൂരിലും കൂടി പോകാം എന്നൊക്കെ പദ്ധതി തയ്യാറാക്കി...

ബാംഗ്ലൂര്‍ ടൂറിന്റെ ആദ്യ പടിയായി, തറവാട്ടിലേയ്ക്കു തന്നെ കൊണ്ടു പൊയേയ്ക്കാം രണ്ടാളെയും എന്നോര്‍ത്തു...അങ്ങനെ ശനിയഴ്ച ഞങ്ങള്‍ മൂന്നാളും കൂടി ബാംഗ്ലൂര്‍ സെന്റ്രല്‍-ലേയ്ക്കു പോയി.

എന്റെ വീട്‌ ഒരു നാട്ടിന്‍പുറത്താണു.നന്മകളാല്‍ സമൃദ്ധമായ കൊച്ചു നാട്ടിന്‍പുറം.ഇവിടെ, ബാംഗ്ലൂര്‍ നഗരത്തിലെ കാഴ്ചകള്‍ എന്റെ അമ്മച്ചിക്കും അച്ചാച്ചനും മായകാഴ്ചകള്‍ തന്നെ...സെന്റ്രലില്‍ ആണെങ്കില്‍ ഫ്രെഞ്ച്‌ വീക്കോ മറ്റോ നടക്കുന്ന സമയം.ഈഫല്‍ ടവറിന്റെ മോഡല്‍ ഒക്കെ ഉണ്ടാക്കി വച്ചിറ്റുണ്ടു അവിടെ. ആകെ കൂടെ ഉത്സവമയം...അമ്മച്ചിക്കു സന്തോഷമായി എന്നു മനസ്സിലായി.അവിടെ നിന്നു ചേച്ചിയുടെ കുട്ടികള്‍ക്കു കളിപ്പാട്ടങ്ങളും, പിന്നെ കുറച്ചു ഡ്രെസ്സും ഒക്കെ എടുത്തു.

ടൂറിന്റെ രണ്ടാം ഘട്ടമായി ഗരുഡ മാളിലേയ്ക്കു പോകാന്‍ തീരുമാനമായി. അങ്ങോട്ടു പോകാന്‍ ഓട്ടോ വിളിച്ചു. കാര്യം ഗരുഡ മാളും സെന്റ്രല്‍ മാളും തമ്മില്‍ 5 മിനിറ്റ്‌ നടക്കാവുന്ന ദൂരമേ ഉള്ളൂ. എന്നാലും, എന്റെ അമ്മച്ചിക്കു അത്ര ദൂരം നടക്കന്‍ പറ്റില്ല...വാക്കിംഗ്‌ സ്റ്റിക്ക്‌ ഒക്കെ വച്ചാണു അമ്മച്ചി നടക്കുന്നതു.

അങ്ങനെ ഗരുഡയില്‍ പോയി, ആവശ്യത്തിനു ഷോപ്പിംഗ്‌ ഒക്കെ നടത്തി.അച്ചാച്ചനെ എസ്കലേറ്ററിലൊക്കെ കയറ്റി.. 7 മണി ആയപ്പോള്‍ ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങാം എന്നു കരുതി.പുറത്തെത്തിയപ്പൊള്‍ നല്ല മഴ.ആകെ ഒരു കുടയുണ്ടു..ഞാനും അച്ചാച്ചനും കൂടെ പോയി ഓട്ടോ വിളിക്കാനുള്ള ശ്രമം തുടങ്ങി.ബാംഗ്ലൂരിലെ ഓട്ടോക്കാര്‍ കരുണയുടെയും മനുഷ്യത്വത്തിന്റെയും മൂര്‍ത്തീഭാവങ്ങളായതു കൊണ്ടു, എവിടേയ്ക്കാ പോകേണ്ടതു എന്നു ചൊദിക്കുമ്പൊ CMH/ഇന്ദിരാനഗര്‍ എന്നു ഞാന്‍ പറഞ്ഞു തീരും മുന്നെ, റെഡ്‌ സ്റ്റ്രീറ്റ്‌ എന്നൊ, സെന്റ്രല്‍ ജയില്‍ എന്നൊ മറ്റോ ആണു ഞാന്‍ പറഞ്ഞതു എന്ന ഭാവം മു:ഖത്തു വരുത്തി പാഞ്ഞു പോയി എല്ലാരും..അവസാനം ഒരു ഓട്ടോ കിട്ടി.അച്ചാച്ചനെ അതില്‍ കയറ്റി ഇരുത്തി, സാധനം ഒക്കെ കയ്യില്‍ എല്‍പ്പിച്ചു..പതുക്കെ പോയി അമ്മച്ചിയെയും നടത്തി കൊണ്ടു വന്നു...


കുറച്ചു പലചരക്കു സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. അതു കൊണ്ടു MK റീറ്റെയിലില്‍ കയറി...അവിടെ നിന്നു അരിയും ബാക്കി സാധനങ്ങളും ഒക്കെ വാങ്ങി വീണ്ടും ഓട്ടോയ്ക്കായി കൈ നീട്ടാന്‍ തുടങ്ങി...ഓട്ടോയ്ക്കു വേണ്ടി നീട്ടുന്ന അത്രയും നേരം, വേറെ ആരുടെയെങ്കിലും മുന്നില്‍ പൈസയ്ക്കു വെണ്ടി കൈ നീട്ടിയാല്‍ ബാംഗ്ലൂര്‍ ഒരു ഫ്ലാറ്റ്‌ വാങ്ങന്‍ പറ്റിയെനെ! അവസാനം ഒരു ഓട്ടോ കിട്ടി....അവനോടു CV രാമന്‍ നഗര്‍ ടെമ്പിള്‍, നിയര്‍ ബസ്സ്‌ സ്റ്റാന്‍ഡ്‌ എന്നൊക്കെ പറഞ്ഞു... (എന്റെ വീടു ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നു 1 കി.മി അകലെയാണു). കോരിച്ചൊരിയുന്ന മഴ...ബസ്സ്‌ സ്റ്റാന്‍ഡ്‌ എത്തിയപ്പൊ, ഡ്രൈവര്‍ ഓട്ടോ സ്ലോ ചെയ്തു...അപ്പോഴേ എനിക്കു അപകടം മണത്തു...ഞാന്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ, ഭയ്യാ, റൈറ്റ്‌ എടുത്തിട്ട്‌, ആ ജങ്ക്ഷനില്‍ നിന്നു ലെഫ്റ്റ്‌...ഡെഡ്‌ എന്‍ഡിലാണു വീട്‌ എന്നു പറഞ്ഞു...ഡെഡ്‌ എന്‍ഡ്‌ എന്ന വാക്കു കേട്ടതും അയാള്‍ ചൂടാകാന്‍ തുടങ്ങി..ഡെഡ്‌ എന്‍ഡാ??? നിയര്‍ ബസ്സ്‌ സ്റ്റാന്‍ഡ്‌ എന്നു പറഞ്ഞിട്ടു?? ഇതു താന്‍ ബസ്സ്‌ സ്റ്റാന്‍ഡ്‌..ഇവിടെ വരെയേ പോകൂ..എന്നൊക്കെ അയാള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി.ഞാന്‍ ആവുന്നത്ര പറഞ്ഞു,ഭയ്യാ,അടുത്തു തന്നെ ആണു വീട്‌, ഡെഡ്‌ എന്‍ഡ്‌ എന്നു വച്ചാല്‍ എക്സ്പ്രസ്സ്‌ ഹൈവേയുടെ ഡെഡ്‌ എന്‍ഡ്‌ അല്ല, ഇതൊരു കൊച്ചു റോഡാണു എന്നൊക്കെ! ശരി മാഡം...കൊണ്ടു വിടാം...25 റുപീസ്‌ എക്സ്റ്റ്രാ തരണം എന്നായി അയാള്‍. മീറ്റര്‍ ചാര്‍ജ്‌ വെറും 24 രൂപയേ ആകൂ. അതായതു, ഞാന്‍ ഡബിള്‍ ചാര്‍ജ്‌ കൊടുക്കണമത്രെ!..എനിക്കെന്തൊ, 25 രൂപ അധികം കൊടുക്കാന്‍ തോന്നിയില്ല... PT ഉഷയെക്കാളും വേഗത്തില്‍ പറക്കുന്ന മീറ്റര്‍ ഫിറ്റ്‌ ചെയ്തതും പോര, ഇവര്‍ ചോദിക്കുന്ന എക്സ്റ്റ്രാ കൂടെ കൊടുക്കണം എന്നു പറഞ്ഞാല്‍ കഷ്ടമല്ലെ....

ഇതൊക്കെ നടക്കുന്ന സമയത്ത്‌, അവന്‍ ഓട്ടോ ഓടിക്കുകയൊന്നുമല്ല കേട്ടോ...ആ പെരുമഴയത്തു, ബസ്സ്‌ സ്റ്റാന്‍ഡില്‍ ഓട്ടോ നിര്‍ത്തിയിട്ടിരിക്കുകയാണു....അവന്‍ പറയുന്നതു, ഒന്നുകില്‍ എക്സ്റ്റ്രാ തരണം ഇല്ലെങ്കില്‍ ഇവിടെ ഇറങ്ങണം എന്നാണു. അതും കൂടെ കേട്ടപ്പൊ എനിക്കും വാശിയായി.എന്തായാലും ഇവിടെ ഇറങ്ങില്ല, വീടു വരെ പോകാനാണു ഓട്ടോ വിളിച്ചത്‌, വഴി നേരത്തേ പറഞ്ഞതുമാണു.വീടു വരെ കൊണ്ടു വിട്ടാല്‍ മീറ്റര്‍ ചാര്‍ജ്‌ തരാം എന്നു പറഞ്ഞു ഞാന്‍.

അച്ചാച്ചനും അമ്മച്ചിയും ഇതൊക്കെ കണ്ടു ആകെ ഷോക്ഡ്‌ ആയി ഇരിക്കുന്നു! നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു സംഭവമേ ഇല്ലല്ലൊ..

ഞാന്‍ അവനോട്‌ പറഞ്ഞു നോക്കി, വയ്യാത്ത രണ്ടു പേരാണു കൂടെ, കൊടും മഴയല്ലേ, ഇപ്പോ ഇവിടെ ഇറങ്ങിയാല്‍ , 1 കി.മി പോലും ഇല്ലാത്തതു കൊണ്ടു ഓട്ടോ കിട്ടില്ല.അതു കൊണ്ടു വീടു വരെ കൊണ്ടു വിട്ടേ പറ്റൂ എന്നൊക്കെ...പൊലീസിനെ വിളിക്കും എന്നു അറ്റ കയ്ക്കു പറഞ്ഞു ഞാന്‍(പക്ഷേ,മൊബൈല്‍ വീട്ടില്‍ വച്ചിട്ടാണു ഷോപ്പിങ്ങിനിറങ്ങിത്തിരിച്ചത്‌!)...നിങ്ങള്‍ എന്താണെന്നു വച്ചാല്‍ ചെയ്തോ, ഞാന്‍ കൊണ്ടു വിടില്ല എന്നു അവനും...അവസാനം അച്ചാച്ചന്‍ പറഞ്ഞു നമ്മുക്കു ഇറങ്ങി നടക്കാം എന്നു...അത്രയും അയപ്പൊഴേയ്ക്കും എനിക്കു സങ്കടവും ദേഷ്യവും എല്ലാം കൂടെ...ആകെ ഭ്രാന്തു പിടിക്കുന്ന പോലെയായി..പെരുവഴിയില്‍ ഇറക്കി വിട്ടതല്ലേ, പൈസ തരില്ല എന്നും പറഞ്ഞു ഞാനും ഇറങ്ങി...അവന്‍ പൈസ ചോദിച്ചു കുറച്ചു നേരം നിന്നു....കല്ലിനു കാറ്റു പിടിച്ച പോലെ ഞാനും. എന്റെ മുഖം കണ്ടിട്ടോ, അതൊ പോകാന്‍ ധൃതിയായിട്ടോ, അയാള്‍ വേഗം ഓട്ടോ ഓടിച്ചു പോയി.

ആരും ഇല്ലാത്തവര്‍ക്കു ദൈവം ഉണ്ടെന്നാണല്ലോ! ഞങ്ങള്‍ക്കു ആ മഴയത്ത്‌ ഒരു മിനിട്ടു പോലും നില്‍ക്കേണ്ടി വന്നില്ല..മറ്റേ ഓട്ടോ പോയതും, വേറെ ഒരു ഓട്ടോ വന്നു. അര കി.മി ഓടിയതിനു അവനു ഞാന്‍ 15 രൂപയും കൊടുത്തു.

അയാള്‍ക്കു പൈസ കൊടുക്കാതിരുന്നതിനു, എനിക്കു കുറ്റബോധം ഇല്ല...ഞാന്‍ തനിച്ചായിരുന്നെങ്കില്‍, നടു റോഡില്‍ ഇറക്കി വിട്ടതിനെ ന്യായീകരിക്കാമായിരുന്നു...അമ്മച്ചിക്കു വയ്യ, വാക്കിംഗ്‌ സ്റ്റിക്ക്‌ ഉണ്ടായിട്ടും കഷ്ടപ്പെട്ടാണു നടക്കുന്നത്‌. അച്ചാച്ചനും പ്രായമാണു എന്നൊക്കെ അയാള്‍ക്കു കണ്ടൂടെ? പിന്നെ, എന്റെ കൂട്ടുകാരി ചോദിച്ചു, ഈ പ്രശ്നം ഒന്നും ഉണ്ടാകുമായിരുന്നില്ലല്ലോ, ചോദിച്ച പൈസ കൊടുത്താല്‍ പോരേ എന്ന്....ഇങ്ങനെ ചോദിച്ച പൈസ എണ്ണി കൊടുക്കാന്‍ ആളുണ്ട്‌ എന്നതാണു ബാംഗ്ലൂര്‍ നഗരത്തിലെ ഓട്ടോക്കാരെ പിടിച്ചുപറിക്കരാക്കുന്ന പ്രധാന ഘടകം. 25 രൂപ, ഇന്നെന്നെ സംബന്ധിച്ച്‌ അത്ര വലുതല്ല. പക്ഷേ, ഒരോ പൈസയും അധ്വാനിച്ചു തന്നെ സ്വന്തമാക്കണം എന്നാണെന്റെ വിശ്വാസം...ഞാന്‍ ചോര നീരാക്കുന്ന പൈസ, അതെത്ര ചെറുതായാലും, ഒരാള്‍ക്ക്‌, അര്‍ഹതയില്ലത്ത ഒരാള്‍ക്ക്‌, വെറുതെ കൊടുക്കാന്‍ എന്റെ മന:സാക്ഷി അനുവദിക്കാറില്ല.ഞാന്‍ ചെയ്തതു മറ്റുള്ളവരുടെ മുന്നില്‍ ഒരു പക്ഷേ തെറ്റായിരിക്കാം...എന്നാല്‍, എന്റെ മന:സാക്ഷിയുടെ മുന്നില്‍ ഞാന്‍ തെറ്റുകാരിയല്ല...

ഈ സംഭവത്തില്‍ എന്റെ ആകെ ആശ്വാസം, എല്ലാത്തിനും എന്നെ കുറ്റം പറയുന്ന കുറുറു, ഈ കേസില്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്തു എന്നതാണു.കുറുറുവിനു ശനിയാഴ്ച ഓഫിസില്‍ പോകണമായിരുന്നു...അതു കൊണ്ട്‌ ഞങ്ങളുടെ കൂടെ കറങ്ങാന്‍ വന്നില്ല..

NB: ആ ഓട്ടോക്കാരന്‍, കാശു കൂടുതല്‍ കിട്ടാന്‍ വേണ്ടി, വളഞ്ഞ വഴി ആണു വന്നതു..2 കി.മി എക്സ്റ്റ്രാ സഞ്ചരിച്ചു! പാവം, അതിന്റെ കാശും പോയി.

14 comments:

Kaithamullu said...

കൊള്ളാലൊ മേരിക്കുട്ടീ!
-കുഞ്ഞാടായാലും മേനി വെളുത്താലും നല്ല ധൈര്യൊള്ള വെല്യാട് തന്നെ!

ഫസല്‍ ബിനാലി.. said...

A I O U E പാഠം തല്ലിപഠിച്ചും ചൊല്ലിപ്പഠിച്ചും ഞാനുമൊരാളാകും ഓട്ടോ പൈലറ്റ്.........
കൊള്ളാം പോരട്ടെ..

Unknown said...

കല്ലിനു കാറ്റു പിടിച്ച പോലെ ഞാനും. എന്റെ മുഖം കണ്ടിട്ടോ, അതൊ പോകാന്‍ ധൃതിയായിട്ടോ, അയാള്‍ വേഗം ഓട്ടോ ഓടിച്ചു
പാവം പേടിച്ചു പോയി കാണും വല്ലോ യക്ഷിയോ
മറ്റോ ആണോ എന്ന് വിചാരിച്ച്

കുഞ്ഞന്‍ said...

ഹഹ..കൈനീട്ടി ഒരു ഫ്ലാറ്റ് വാങ്ങിക്കാനുള്ള കാശ് കിട്ടിയേനെ എന്നു വായിച്ചപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

മേരിക്കുട്ടിയുടെ ചെറുത്തു നില്പ് അഭിനന്ദനീയം തന്നെ.

എന്നാലും ആ സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു തീരുമാനം എടുക്കുവാന്‍ എനിക്ക് ഇത്തിരി ബുദ്ധിമുട്ടായിരിക്കും കാരണം വയസ്സായവര്‍..!

OAB/ഒഎബി said...

എന്നാ പിന്നെ ഈ ടിവിയിലെ റിയാലിറ്റി ഷോയില്‍ (ഫ്ലാറ്റിനും വേണ്ടി) എസെമെസ് ന്‍ കെഞ്ജുന്നവറ്ക്കൊക്കെ ബാഗ്ലൂറ് അങ്ങാടിയില്‍ പോയി കൈ നീട്ടിയാ മതിയല്ലൊ.

മേരിക്കുട്ടി കലക്കി കെട്ടൊ.

ദിലീപ് വിശ്വനാഥ് said...

മഡിവാളയില്‍ രാവിലെ വന്ന് ബസ്സ് ഇറങ്ങിയിട്ടുണ്ടോ? നമ്മളെ ബസ്സില്‍ നിന്ന് പൊക്കി എടുത്ത് ഓട്ടോയില്‍ ഇരുത്തും എന്നിട്ട് കഴുത്തറുക്കും. അതാണ് ബാംഗ്ലൂര്‍ നഗരത്തിലെ ഓട്ടോ സംസ്കാരം. ബാംഗ്ലൂരില്‍ കഴിയുമെങ്കില്‍ ഓട്ടോ യാത്ര ഒഴിവാക്കുക.

ബിന്ദു കെ പി said...

ആ സമയത്ത് മേരിക്കുട്ടി കാണിച്ച ധൈര്യം സമ്മതിച്ചേ പറ്റൂ!!

ശ്രീ said...

“ഓട്ടോയ്ക്കു വേണ്ടി നീട്ടുന്ന അത്രയും നേരം, വേറെ ആരുടെയെങ്കിലും മുന്നില്‍ പൈസയ്ക്കു വെണ്ടി കൈ നീട്ടിയാല്‍ ബാംഗ്ലൂര്‍ ഒരു ഫ്ലാറ്റ്‌ വാങ്ങന്‍ പറ്റിയെനെ!”

വളരെ ശരിയാണ്. ഇവിടെ കഴുത്തറപ്പാണ് ഓട്ടോക്കാരുടെ പണി. എന്നാല്‍ വല്യ ജാഡയും.

അയാളോട് പ്രതിഷേധിച്ചു നിന്നതിന് അഭിനന്ദനങ്ങള്‍. എന്നാലും ഓട്ടോക്കൂലി കൊടുക്കാതിരുന്നതിനെ ഞാന്‍ ന്യായീകരിയ്ക്കില്ല, അയാള്‍ അത് അര്‍ഹിയ്ക്കുന്നില്ല എന്നത് ശരിയാണെങ്കിലും.

Sherlock said...

കള്‍ച്ചര്‍ അടുത്തുകൂടി പോയിട്ടില്ല ഈ ജാതികള്‍ക്ക്..

ഒരിക്കല്‍ എന്റെ ബൈക്കില്‍ വന്നിടിച്ചിട്ട് എന്റെ കൈയ്യില്‍ നിന്ന് നൂറു രൂപ വാങ്ങി പോയ ടീമുകള്‍ ഉണ്ടിവിടെ. നമ്പര്‍ KA04 3588.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓട്ടോപുരാണം നന്നായി.അര്‍ഹതയില്ലാത്തവര്‍ക്ക് ഒരു പൈസയും കൊടുക്കരുത്. അതെന്ന്യാ എന്റേം പോളിസി.

മുസാഫിര്‍ said...

നല്ല ധൈര്യം മേരിക്കുട്ടി.

മേരിക്കുട്ടി(Marykutty) said...

കൈതമുള്ള്‌: അത്ര ധൈര്യമൊന്നുമില്ല...പക്ഷേ അന്നേരം എന്തോ ഭയങ്കര ദേഷ്യം വന്നു!

ഫസല്‍: :))

അനൂപ്‌: വേണ്ട മോനേ..വേണ്ട മോനേ..

കുഞ്ഞന്‍: ശരിയാണു...അമ്മച്ചി, ചേച്ചിയൊടു പോയി പറഞ്ഞു കഥകള്‍...ചേച്ചി എന്നെ കുറേ വഴക്കു പറഞ്ഞു..രണ്ടാമതു ഓട്ടോ കിട്ടിയില്ലായിരുന്നെങ്കിലോ, അയാള്‍ വല്ലതും ഉപദ്രവിച്ചിരുന്നെങ്കിലോ എന്നൊക്കെ പറഞ്ഞ്‌...

oab :) നന്ദി നന്ദി...

വാല്‍മീകി: ശരിയാണു. ഞാന്‍ കഴിവതും ഓട്ടോ യാത്ര ഒഴിവാക്കും...അമ്മച്ചിക്കു നടക്കാന്‍ വയ്യാത്തതു കൊണ്ട്‌ ഓട്ടോ യാത്ര വേണ്ടി വന്നു..ഓരൊ മാസവും വരവു ചെലവു നോക്കുമ്പൊള്‍ നല്ല തുക ഓട്ടോ യ്ക്കു വേണ്ടി മാത്രം പോകുന്നു...

ബിന്ദു: :)

ശ്രീ: ശരിയാണു ശ്രീ. പിന്നീട്‌ എനിക്കും വിഷമം തോന്നി..പക്ഷെ, ഓട്ടോക്കാരെ കൊണ്ടു മനസ്സു മടുത്തു...14 രൂപയുടെ ഓട്ടത്തിനു, ഒരു ഉളുപ്പുമില്ലാതെ 80 രൂപ ചൊദിച അവസരമുണ്ട്‌...

ജിഹേഷ്‌: ആ നമ്പര്‍ ഞാന്‍ നോട്ട്‌ ചെയ്തു! എനിക്ക്‌ തീരെ ഇഷ്ടമില്ല ബാംഗ്ലൂര്‍ ഓട്ടോക്കാരെ!

പ്രിയ: നന്ദി പ്രിയ..എനിക്കു കൂട്ടായല്ലോ..

മുസാഫിര്‍: :))

Febin Joy Arappattu said...

ഒരു 3 - 4 കൊല്ലം ചെന്നെയില്‍ കിടന്ന്നു ഞാനും കറങീട്ടുളളതാ.... അവിടേം വലിയ വ്യത്യാസം ഇല്ല... all are mathematics... ഈ പറഞ്ഞതിന്റെ വെഷമം എനിക്ക് ശെരിക്കും മനസ്സിലാവും... any way... well done....

Unknown said...

ഇവിടുത്തെ ഓട്ടോക്കാര്‍ ഇതല്ല. ഇതിലപ്പുറവും ചെ‌യും. marry പറഞപോലെ അവന്മാര്‍ ചോതിക്കുന കാശുകൊടുക്കാന്‍ ആളുകള്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെ എല്ലാവരോടും ചോതിക്കുന്നത്.
പിന്നെ ഇതൊന്നും അല്ലാതെ ഒന്നും മിണ്ടാതെ മീറെര്‍ ചാര്‍ജ് മാത്രം വാങ്ങുന്ന നല്ല ഓടോക്കാരും ഇവിടെ ഉണ്ട്
നല്ല പോസ്റ്റ്.