Wednesday, August 13, 2008

ഇനിയും വടി കൊടുക്കല്ലേ...

രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു പ്രസ്ത്ഥാനം, കേവലം ഒരു നൂറ്റാണ്ട് മാത്രം പഴക്കമുള്ള ഒരു പ്രത്യയ ശാസ്ത്രത്തിന്റെ കയ്യില്‍ ഇന്നാ വടി ഇന്നാ വടി എന്നെ തല്ലൂ എന്ന് പറഞ്ഞു കൊടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്.

സഭാ വിശ്വാസികളെ മൊത്തം വിഷമത്തിലാഴ്തുന്ന സംഭവങ്ങള്‍. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് സംബന്ധിച്ചുളള സത്യം ഇനിയും പുറത്തു വന്നിട്ടില്ല. അതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടുമില്ല. അതിനിടയിലാണ് വേറെ ഒരു സിസ്റ്റര്‍ കൂടി ആത്മഹത്യ ചെയ്തിരിക്കുന്നത്.

ആത്മഹത്യ പാപമാണ് എന്നാണു സഭ പഠിപ്പിക്കുന്നത്. ആ സഭയില്‍, ആ സഭയുടെ ശിരസ്സിനെ മണവാളനായി കാണുന്ന ഒരു അന്തേവാസിനി, ആത്മഹത്യ ചെയ്യണമെങ്കില്‍, എത്രമാത്രം ആത്മ സന്ഘര്ഷണങളിലൂടെ കടന്നു പോയിട്ടുണ്ടാവും ആ കുട്ടി! സത്യം എന്താണെന്നു എനിക്കറിയില്ല. സംഭവത്തെ പെരുപ്പിച്ചു കാട്ടുന്ന മാധ്യമങ്ങള്‍ക്കും അറിവുണ്ടാക്കാന്‍ സാധ്യതയില്ല.

സങ്കടം കൊണ്ടാണ് എങ്ങനെ ഒരു ബ്ലോഗ് എഴുതി പോകുന്നത്. തെറ്റാണെങ്കില്‍, ദൈവമേ നീ പൊറുക്കണേ.


എന്റെ പൊന്നു കത്തോലിക്കാ സഭേ, സഭയില്‍ ആളുകള്‍ ഇല്ലാഞ്ഞിട്ടാണോ, ദൈവ വിളി ഇല്ലാത്തവരെ ചാക്കിട്ടു പിടിക്കാന്‍ നടക്കുന്നത്? സഭ അന്യം നില്ക്കും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? മഹത്തായ റോമാ സാമ്രാജ്യത്തിന്റെ വെല്ലു വിളികളെ അതിജീവിച്ച സഭ, മൂന്ന് മാര്‍പ്പാപ്പമാര്‍ വരെ ഒരേ സമയം ഉണ്ടായിരുന്ന തരത്തിലുള്ള അന്ത:ഛിദ്രങ്ങളെ അതി ജീവിച്ച സഭ- ആ സഭ അന്യം നില്ക്കും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ??



വേണ്ടത്ര ദൈവ വിളി ഇല്ലാത്തതു എന്നു പറഞ്ഞതു: ദൈവ വിളിയുള്ള ഒരു വ്യക്തിക്കും പ്രലോഭനത്തിന് അടിപെടാന്‍ പറ്റില്ല.കാരണം, ദൈവ വിളി എന്നത് കാലണയ്ക്കു പീടികയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ചരക്കല്ല...മക്കളും സ്വത്തും എല്ലാം നഷ്ടപ്പെട്ട്, ആരിലും അറപ്പ് ജനിപ്പിക്കുന്ന ദീനം വന്ന സമയത്തും ജോബിനെ താങ്ങി നിര്‍ത്തിയ സത്യം- അതാണ് ദൈവ വിളി. കൂര്‍ത്ത കല്ലുകള്‍ ദേഹത്ത് പതിക്കുമ്പോഴും സ്തെഫാനോസിനു ധൈര്യം പകര്ന്നു കൊടുത്ത സത്യം- അതാണ്‌ ദൈവ വിളി. ഓരോ ചെറിയ കാര്യം, ഓരോ ദുഖവും, ഓരോ വേദനയും, ദൈവമേ നിനക്കു വേണ്ടി എന്ന് പറഞ്ഞു ഏറ്റെടുക്കാന്‍ കൊച്ചു ത്രേസ്യയ്ക്ക് തോന്നിച്ച നിത്യ സത്യം- അതാണ്‌ ദൈവ വിളി.

എന്റെ കണ്ണ് കൊണ്ടു ഞാന്‍ കണ്ടിട്ടുണ്ട്, ഒരു വൈദികന്‍ മൂലം കളിചിരി നിര്‍ത്തി വച്ച ജിഷയെ. എന്റെ പ്രിഡിഗ്രി ക്ലാസ്സില്‍ ഏറ്റവും ബഹളം ഉണ്ടാക്കിയിരുന്ന സുന്ദരിക്കുട്ടി. പെട്ടന്നൊരു ദിവസം മുതല്‍ ജിഷ കളിയും ചിരിയും എല്ലാം നിര്‍ത്തി. ആരോടും മിണ്ടാതെയായി. ക്ലാസ്സ് കട്ട് ചെയ്തു കോളേജ് ചാപലില്‍് പോയിരുന്ന ജിഷയെ സിസ്റ്റര്‍ കയ്യോടെ പിടികൂടുകയും ചെയ്തു. ആയിടയ്ക്ക്, ഞങ്ങളുടെ പള്ളി സെമിനാരിയില്‍ ഒരച്ചന്‍ ആത്മഹത്യ ചെയ്തിരുന്നു- ആത്മഹത്യ അല്ല തല്ലി കൊന്നു കെട്ടി തൂക്കിയതാണെന്നൊക്കെ പറയുന്നണ്ടായിരുന്നു. എന്റെ ക്ലാസിലെ വേറെ ഒരു കുട്ടിയാണ് പറഞ്ഞതു, ആ സംഭവത്തിനുശേഷമാണ് ജിഷ ഇങ്ങനെ എന്ന്. അതിന്റെ ഡീറ്റയില്‍്സ് ഒന്നും അന്വേഷിക്കാന്‍ പോയില്ല ഞങ്ങള്‍. കാരണം, ജിഷയ്ക്ക് വന്ന മാറ്റം അത്ര കഷ്ടമായിരുന്നു.പ്രിഡിഗ്രി കഴിഞ്ഞു ജിഷ മംഗലാപുരത്തു BDSനു ചേര്ന്നു. അവിടെ അതി കഠിനമായ റാഗിങ്ങ് ആണെന്നും കേട്ടു. പക്ഷെ, ആദ്യത്തെ ലീവിനു ജിഷ മാത്രം നാട്ടില്‍ വന്നില്ല.


പത്താം ക്ലാസ്സില്‍ പഠിക്കുന്ന എന്നോട്, ഞങ്ങളുടെ സിസ്റ്റര്‍ പറഞ്ഞിരുന്നു- നീ ഞങ്ങളുടെ കൂടെ പോരൂ, നിന്നെ ഡോക്ടര്‍ആക്കാം എന്ന്. ഇതാണ് ചൂണ്ട. ഇങ്ങനെ ചൂണ്ടയിടേണ്ട ആവശ്യം എന്താണ്? ദൈവവിളിയുള്ളവര്‍ സ്വമേധയാ വന്നു കൊള്ളില്ലേ? എന്റെ ക്ലാസിലെ ബീന അങ്ങനെ മഠത്തില്‍ ചേര്‍ന്നതാണ്. നാല് പെണ്മക്കള്‍ ഉള്ള വീട്ടിലെ രണ്ടാമത്തെ കുട്ടി...സുന്ദരി. പാവപ്പെട്ട വീട്ടിലെ ആയതു കൊണ്ടാണ് ബീന മഠത്തില്‍ ചേരാന്‍ പോകുന്നത് എന്ന് ബാക്കിയുള്ള കുട്ടികള്‍ പറഞ്ഞറിഞ്ഞു.

വേറെ ചില കഥാപാത്രങ്ങള്‍ ഉണ്ട്: സെമിനാരി കഥാപാത്രങ്ങള്‍. നല്ല ഇഗ്ലിഷ് പഠിക്കാന്‍, നല്ല വിദ്യഭ്യാസം കിട്ടാന്‍ സെമിനാരിയില്‍ ചേരുന്നവര്‍. ഡിഗ്രി കഴിയുന്നതോടെ ചാടി പോരും ഇക്കൂട്ടര്‍. പാതി പട്ടക്കാരന്‍ എന്ന് വിളിച്ചു കളിയാക്കാറുണ്ട്. അവിടെയും, ആണ്‍കുട്ടികള്‍ മാത്രമാണ് ഇങ്ങനെ സഭയെ കളിപ്പികുന്നത്.


കള്ള നാണയങ്ങള്‍ക്ക് സഭ എന്തിന് അവസരം കൊടുക്കണം? വിശുദ്ധ പൗലോസ്‌ ശ്ലീഹാ പറഞ്ഞതെന്താണ്? ക്രിസ്തുവിനു വേണ്ടി, ഒരുവന്‍ അല്ലെങ്കില്‍ ഒരുവള്‍ ബ്രഹ്മചര്യം പാലിക്കുന്നതില്‍ കുഴപ്പമില്ല, പക്ഷെ അതില്‍ ഉറച്ചു നില്ക്കാന്‍ കഴിയുന്നില്ലെന്കില്‍്, മറ്റുള്ളവര്‍ക്ക് കൂടെ ഇടര്‍്ച്ചയുണ്ടാക്കരുത്, കുടുംബ ജീവിതം നയിക്കാം എന്നാണ്.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ്, തിരഞ്ഞെടുപ്പ് സമയത്തു, അച്ചന്മാര്‍ തന്നെ വിശ്വാസികളെ ഇടതിന് വേണ്ടി വോട്ട് ചെയ്യാന്‍ ഉത്ബോധിപ്പിച്ചിരുന്നു. ആലപ്പുഴയില്‍,വി എം സുധീരന്‍ എന്ന ആദര്‍്ശ നേതാവിനെ അട്ടിമറിക്കാന്‍ ലാറ്റിന്‍ കത്തോലിക് അസോസിയേഷനും കൂട്ട് നിന്നു...എല്ലാത്തിനും, ഇപ്പോള്‍ ആവശ്യത്തിനു കിട്ടുന്നുണ്ടല്ലോ അല്ലെ? വടി കൊടുത്തു അടിയല്ല, മുട്ടന്‍ അടി മേടിച്ചു.


ഇനി സ്വന്തം കയ്യില്‍ നിന്നു വേറെ വടി കൂടെ കൊടുക്കാതെ. നിര്‍ബന്ധിച്ചു സോപ്പിട്ടും മഠത്തിലേയ്ക്ക് ആളെ എടുക്കുന്ന പതിവു ഇനിയെന്കിലും നിര്ത്തികൂടെ. കണ്ണില്‍ കണ്ട വനിതാ കമ്മീഷന്‍ ഉം, പിന്നെ വഴിയേ പോകുന്നവര്‍ക്കെല്ലാം കേറി മേയാന്‍ ഉള്ളതല്ല തിരു സഭ എന്ന് ഇനിയെന്കിലും ആള്‍ക്കാര്‍ക്ക് ബോധ്യം വരുത്തു. സഭ എന്നാല്‍ വിശ്വാസിക്ക് ജീവശ്വാസം ആണ്. ആ സഭയെ തോന്നുന്നവ്നെല്ലാം കേറി കല്ലെറിയുമ്പോള്‍ സന്കടമുണ്ട്. ഇന്നലെ പെയ്ത മഴയില്‍ കുരുത്ത പ്രസ്ഥാനത്തിലെ ആളുകള്‍ക്ക് നാക്കിന്നെല്ലില്ലാതെ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടായി പാടാന്‍ തോന്നുന്നെന്കില്‍, അത് സഭയുടെ നെഞ്ചത്ത് വേണ്ട! അങ്ങ് റഷ്യായിലോ, അല്ലെങ്കില്‍ ചൈനയിലോ പോയിട്ട് മതി!

17 comments:

N.J Joju said...

മേരിക്കുട്ടീ,

വികാരങ്ങളും, വിശ്വാസങ്ങളും, രാഷ്ട്രീയവും ഒക്കെ ഇടകലരുന്ന ഒരു പോസ്റ്റ്. കോള്ളാം.

ഒരു സിസ്റ്റര്‍ ആത്മഹത്യ ചെയ്യുക എന്നു പറഞ്ഞാല്‍ സങ്കടകരം തന്നെയാണ്. എത്രയോ ആത്മഹത്യകള്‍ ദിവസവും നടക്കുന്ന കേരളത്തില്‍ ഇതുമാത്രം ഇത്രകൊണ്ടാടുവാന്‍ മാത്രമുണ്ടോ എന്നു സംശയിക്കുന്നത് സംഭവത്തിന്റെ ഗൌരവം മനസിലാകാഞ്ഞിട്ടല്ല.

“ആത്മഹത്യ ചെയ്യണമെങ്കില്‍, എത്രമാത്രം ആത്മ സന്ഘര്ഷണങളിലൂടെ കടന്നു പോയിട്ടുണ്ടാവും ആ കുട്ടി.” ആത്മസംഘര്‍ഷം എന്നത് വ്യക്തിപരമല്ലേ. പതിനായിരങ്ങള്‍ കടമുള്ളവര്‍ നെഞ്ചുംവിരുച്ചു നടക്കുകയും ആയിരങ്ങള്‍ കടമുള്ളവന്‍ ആത്മഹത്യ ചെയ്തു എന്നും വരാം.
സിസ്റ്ററിന്റെ പിതാവുപറഞ്ഞത് കക്കൂസു കഴുകിച്ചു, രണ്ടുമണിവരെ ജോലിചെയ്യേണ്ടി വരുന്നു എന്നൊക്കെയാണ്. ഇതൊക്കെ പീഠനവും ആത്മഹത്യയ്ക്ക് കാരണവുമാണെങ്കില്‍ ആത്മഹത്യകഴിഞ്ഞിട്ട് നേരമുണ്ടാവില്ലല്ലോ.

അനില്‍@ബ്ലോഗ് // anil said...

ഇന്നലെ പെയ്ത മഴയില്‍ കുരുത്ത പ്രസ്ഥാനത്തിലെ ആളുകള്‍ക്ക് നാക്കിന്നെല്ലില്ലാതെ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടായി പാടാന്‍ തോന്നുന്നെന്കില്‍, അത് സഭയുടെ നെഞ്ചത്ത് വേണ്ട! അങ്ങ് റഷ്യായിലോ, അല്ലെങ്കില്‍ ചൈനയിലോ പോയിട്ട് മതി

ഹോ !!!

ജിവി/JiVi said...

"രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു പ്രസ്ത്ഥാനം, കേവലം ഒരു നൂറ്റാണ്ട് മാത്രം പഴക്കമുള്ള ഒരു പ്രത്യയ ശാസ്ത്രത്തിന്റെ കയ്യില്‍...."

രണ്ടായിരം വര്‍ഷം പഴക്കമുള്ള ഈ പ്രസ്ഥാനം കാര്യങ്ങള്‍ നേരാംവണ്ണം ചെയ്തിരുന്നുവെങ്കില്‍ ഒരു നൂറ്റാണ്ട് മുമ്പ് മറ്റെ പ്രത്യയശാസ്ത്രം ഉണ്ടാകുമായിരുന്നില്ല.

“സഭ എന്നാല്‍ വിശ്വാസിക്ക് ജീവശ്വാസം ആണ്.“

ആ.. അതുതന്നെയാണു ഈ കുഴപ്പത്തിന്റെയെല്ലാം മൂലകാരണം. സഭയില്ലാതെതന്നെ വിശ്വാസിയാ‍യി ജീവിക്കാമെന്ന് വിശ്വാസികള്‍ മനസ്സിലാക്കാന്‍ വൈകരുത്.

ഉണ്ണി.......... said...

Malayalathilezhuthan pattathathinu kshamikkuka..............
paranjathellam njanum oru padunaalayi aagrahikkunna kaaryangal thanneee.....
athil oru randayirathinteyum nuuttandinteyum prasnam kandu
ethenkilum viswasathinue kaalam oru prasnamaano.....
pinne China n Russia,ithippo thirichu vathikkanil poyi paranjaa mathi ennoru prathikaranam vannaal.......
ennaalum ishtayi

Anil cheleri kumaran said...

അത്യന്തം വികാരപരമായ ഒരു പെണ്ണെഴുത്ത്

ശ്രീ said...

ചിന്തകളോട് 90 ശതമാനവും യോജിയ്ക്കുന്നു.

നല്ല പോസ്റ്റ്!

മേരിക്കുട്ടി(Marykutty) said...

എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും, വായനയ്ക്കും നന്ദി..
പലരും പറഞ്ഞ പോലെ, എന്റെ മനസ്സിലെ വികാരങ്ങളെ എഡിറ്റ് ചെയ്യാതെ പോസ്ടിയതാണു.

sajan jcb said...

അതെപ്പോഴും അങ്ങിനെയാണ്... അവനവനു ആവശ്യമുള്ളതല്ലേ പൊക്കികൊണ്ടു നടക്കൂ.. എന്തായാലും ഒരു കാര്യത്തില്‍ ആശ്വസ്സിക്കാം. രണ്ടു ലക്ഷത്തിന്റെ ഒരു ഉഗ്രന്‍ ആശ്വാസപ്രഖ്യാപനമെങ്കിലും കിട്ടിയല്ലോ സിസ്റ്ററിന്റെ അപ്പന്.

ഏകജാലകം വഴി സീറ്റുകിട്ടാതെ പോയ ഒരുവളും ആത്മഹത്യ ചെയ്തിരുന്നു. അവളെ ഒരു നായക്കും വേണ്ട. ആ കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ ഒരു കുറിപ്പെഴുതി വച്ചാല്‍ മതിയായിരുന്നു. ലക്ഷങ്ങള്‍ കിട്ടിയേനേ. കുറഞ്ഞപക്ഷം ലക്ഷങ്ങളുടെ വാഗ്ദാനങ്ങളെങ്കിലും.

sajan jcb said...

ആത്മഹത്യക്കു കാരണവും ബേബി കണ്ടു പിഠിച്ചുകഴിഞ്ഞു... ആരോഗ്യപരമായ വിദ്യഭ്യാസം ആ കുട്ടിക്കില്ലാത്തതു കൊണ്ടാണത്രേ. മനസ്സിന്റെ ആരോഗ്യമാണോ ഉദ്ദേശ്ശിച്ചതു എന്നറിയില്ല.

Santosh said...

ബ്ലോഗ് - സ്വതന്ത്ര മാധ്യമം... അവരവര്‍ക്ക് തോന്നുന്നത് എന്തും എഴുതാം... അതില്‍ തെറ്റില്ല..

എങ്കിലും ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ! വിശ്വാസമായാലും പ്രത്യയശാസ്ത്രമായാലും അത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യം ആണ്. അത് നമ്മള്‍ എടുത്തു തോളില്‍ അണിഞ്ഞു നടക്കുന്നതാണ് ആണ് ഇതിന്റെ ഒക്കെ കാതലായ പ്രശ്നം.

പക്ഷെ ഇങ്ങനെ ഒക്കെ പറയാനും പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും ഉള്ള സ്വാതന്ത്ര്യം നമ്മുടെ ഭാരതത്തില്‍ മാത്രമേ ഉള്ളൂ എന്ന് ഭാരതം വിട്ടു വേറൊരു രാജ്യത്തു താമസിക്കുമ്പോഴേ മനസ്സിലാവൂ... അത് ചൈനയില്‍ വേര് ഉള്ളവരും വത്തിക്കാനില്‍ വേര് ഉള്ളവരും മനസ്സിലാക്കിയാല്‍ നന്ന്...

അതിനുപരി, ശക്തമായ വാക്കുകള്‍, എഴുത്ത്.. ആശംസകള്‍ ... മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ തന്നെ ഞാനും ബ്ലോഗെഴുത്ത് നടത്തുന്നത്...

മേരിക്കുട്ടി(Marykutty) said...

സാജന്‍, സന്തോഷ്,ജോജൂ ,അനില്‍,ജിവി,കുമാരന്‍, ശ്രീ, എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും ഒത്തിരി നന്ദി. എന്റെ മനസ്സിലെ ചിന്തകള്‍ പകര്‍ത്തി എന്നെ ഉള്ളു...പിന്നെ വളര്‍ന്നത്‌ കത്തോലിക്കാ ചുറ്റൂപാടിലായത് കൊണ്ടു, ആ സ്വാധീനം ഉണ്ട്...എന്റെ ഹോസ്റ്റലില്‍ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..ഗുജറാത്തില്‍, മുസ്ലീങ്ങളെ ആക്രമിച്ചു കൊന്ന വാര്‍്ത്ത കേട്ടപ്പോള്‍, കണക്കായി പോയി, ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും, ഇനിയും കൊല്ലണം എന്ന് പറഞ്ഞ ഒരു കൂട്ടുകാരി...

മനോജ് ജോസഫ് said...

മേരികുട്ടീ, സഭയെക്കുറിച്ചുള്ള ചിന്തകള്‍ പ്രസക്തമായി.. എങ്കിലും ചില കാര്യങ്ങള്‍ പങ്കു വക്കാന്‍ ആഗ്രഹിക്കുന്നു..

a. അച്ചന്മാരും കന്യാസ്ത്രീകളും മനുഷ്യര്‍ ആണ്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ട്രെയിനിംഗ് അവരെ ഒരു നല്ല ആത്മീയ ജീവിതം നയിക്കാന്‍ സഹായിക്കെണ്ടതും ആണ്.. എന്നാല്‍, ചിലര്‍ അവരുടെ ആത്മീയതയില്‍ പ്രാര്‍ത്ഥന, ഉപവാസം എന്നിവ വഴിയായും മറ്റും നിലനില്‍ക്കാന്‍ പരിശ്രമിക്കാതെ വരുമ്പോള്‍ അവര്ക്കു തെറ്റ് പറ്റും.. അതിന് സഭ ആണോ ഉത്തരവാദി.. ഇതിപ്പോ പഠിക്കാത്ത വിധ്യാര്തിയുടെ പേരില്‍ പുസ്തകം ചീത്ത കേള്‍ക്കുന്നത് പോലെ അല്ലെ.. ?

b. ദൈവ വിളിയെ കുറിച്ചു... എന്നും സഭ വിധ്യാര്തികളെ പ്രേരിപ്പിച്ചിട്ടുണ്ട്.. കാരണം, ദൈവ വിളി ഉണ്ടോ എന്നറിയാന്‍ വേറെ പ്രത്യേകിച്ച് മാധ്യമം ഒന്നും ഇല്ല. ഇതു ഒരു രാത്രി കൊണ്ടോ, ദിവസം കൊണ്ടോ എടുക്കേണ്ട ഒരു തീരുമാനവും അല്ല.. ഇതിനായി വര്‍ഷങ്ങള്‍ പ്രാര്‍ത്ഥിക്കുകയും കാത്തിരിക്കുകയും വേണം.. പരിശീലന വര്‍ഷങ്ങളിലും മറ്റും ആര്കെന്കിലും ഇതു തനിക്ക് സാധ്യമല്ല എന്ന് തോന്നുന്നു എങ്കില്‍ തിരികെ പോകാന്‍ അവസരം ഉണ്ട്..

c. ആത്മഹത്യ ചെയ്ത സിസ്റ്റര്‍.. അവര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു.. ? കാരണം എന്ത് തന്നെ ആയാലും, എന്റെ ഉത്തരം അവര്‍ തന്റെ ദൈവ വിളി തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ്.. മേരിക്കുട്ടി തന്നെ പറഞ്ഞുവച്ചുവല്ലോ ജോബിന്റെയും സ്തെഫാനോസിന്റെയും ഒക്കെ ദൈവ വിളിയെകുരിച്ചു.. അതീ സിസ്റ്റര്‍ മനസ്സിലാകിയിരുന്നില്ലാ എന്ന് വേണം കരുതാന്‍.. മറ്റു കാരണങ്ങള്‍ (പീഡനങ്ങള്‍ എന്തെങ്കിലും ഏല്‍ക്കേണ്ടി വന്നാല്‍ തന്നെ) എന്തുമായിക്കോട്ടെ, അതിനെ ഒക്കെ അതിജീവിക്കാന്‍ ഈ സിസ്റെര്ക് കഴിയേണ്ടതായിരുന്നു.. പീടിപ്പിച്ചവരുടെ തെറ്റുകള്‍ അതീവ ഗുരുതരമായി കണ്ടുകൊണ്ടു തന്നെ ഞാന്‍ പറയട്ടെ, സഭ അല്ല ഇവിടെ തെറ്റ് ചെയ്തത്..

d. ജിഷ / വൈദികന്‍.. ഇവിടെ അരുതാതതായി എന്തെനിലും നടന്നിട്ടുന്ടെന്കില്‍ അതില്‍വൈദികന്‍ മാത്രം ആണോ തെറ്റുകാരന്‍...? പള്ളിമെടയിലേക്ക് ക്ലാസ് കട്ട് ചെയ്തു പോയികൊണ്ടിരുന്ന ജിഷകെന്തു ഉത്തരവാദിത്തം ഉണ്ടിതില്‍?

e. സഭ ഒരു പ്രസ്ഥാനമോ സംഘടനയോ അല്ല.. അതിനാല്‍ തന്നെ സഭക്ക് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട്മല്സരിക്കേണ്ട ആവശ്യവും ഇല്ല.. അത് മാത്രവും അല്ല, സഭയുടെ ചരിത്രം പഠിപ്പിക്കുന്നത്‌ എന്നെല്ലാം എവിടെയെല്ലാം സഭ പീടിപ്പിക്കപ്പെട്ടിടുണ്ടോ, അവിടെയെല്ലാം സഭ ആഴത്തില്‍ വേരൂന്നി വളര്‍ന്നിട്ടും ഉണ്ട്.. ഭാരതത്തില്‍ സഭ പീടിപ്പിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചുകൊല്ലുക.. ഭാരതം ക്രിസ്തീയതയോട് അടുതുകൊണ്ടിരിക്കുക ആണ് എന്ന്.. സഭ എടുക്കുന്ന രാഷ്ട്രീയമായ തീരുമാനങ്ങള്‍ വിശ്വാസികളില്‍ ഇടര്‍ച്ച ഉണ്ടാക്കിയേക്കാം.. പക്ഷെ, സഭക്കൊരിക്കലും രാഷ്ട്രീയത്തില്‍ നിന്നു മാറി നില്ക്കാന്‍ സാധിക്കുക ഇല്ല എന്ന് മനസ്സിലാക്കിക്കൊല്ലുക.. പരോക്ഷമായിട്ടാനെന്കിലും, സഭ രാഷ്ട്രീയത്തിലെ തിന്മകള്‍ക്കെതിരെ എന്നും പോരാടിയിട്ടുണ്ട്.. കാരണം, ക്രിസ്തുവിന്റെ സഭയെ എന്നും നശിപ്പിക്കാന്‍ ശ്രമിചിരുന്നവര്‍ രാഷ്ട്രീയത്തിന്റെ അധികാരം പറ്റുന്നവര്‍ ആയിരുന്നു.. ഈ വിശ്വാസം തുടര്‍ന്നുകൊണ്ടു പോകുന്നതിനു എന്തെകിലുമൊക്കെ തടസ്സങ്ങള്‍ (പാട പുസ്തക വിവാദം, സ്വാശ്രയ വിവാദം, etc.) ഉണ്ടായപ്പോഴൊക്കെ സഭ രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ട്. അത് അക്രമത്തിന്റെ പാത സ്വീകരിക്കതിടത്തോളം ശരി ആണ് താനും..

മേരിക്കുട്ടി(Marykutty) said...

മനോജ്, ഞാന്‍ എന്റെ അപ്പോഴത്തെ വികാരങ്ങള്‍ അപ്പടി പകര്‍ത്തിയതാണ് ആ പോസ്റ്റ്.

അച്ചന്മാരും കന്യാസ്ത്രീകളും മനുഷ്യരാണ്- ശരിയാണ്. പക്ഷെ, സഭയെതങ്ങള്‍ പ്രതിനിധീകരിക്കുന്നു എന്ന വിചാരം അവര്‍ക്കുണ്ടാകണം. എപ്പോഴും. കേരള സര്‍ക്കാരിന്റെ നയങ്ങള്‍ എന്നേ പുറത്തു പറയൂ. അല്ലാതെ, VS ന്റെ നയങ്ങള്‍ എന്നോ, MA ബേബിയുടെ നയങ്ങള്‍ എന്നോ പറയില്ല. അതെ പോലെ, ഇന്ത്യയുടെ നയം എന്നാണ് പറയുക- സോണിയ ഗാന്ധിയുടെ എന്നല്ല. ഞാന്‍ പറഞ്ഞതിനര്ത്ഥം, സഭയ്ക്കുള്ളില്‍ എന്തെങ്കിലും നടക്കുന്നുന്ടെന്കില്‍, അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം സഭയ്ക്കുണ്ട്.

ആത്മഹത്യ ചെയ്ത സിസ്റ്റര്‍- ഞാന്‍ വ്യക്തിപരമായി ആത്മഹത്യക്ക് എതിരാണ്. എന്തെന്കിലുംപ്രശ്നത്തിന്റെ ഉത്തരം ആത്മഹത്യ ആയിരുന്നെന്കില്‍, ഒരു പത്ത് തവണയെങ്കിലും ഞാന്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞേനെ. പ്രത്യേകിച്ചും, ആത്മഹത്യ കുറിപ്പെഴുതി ആരെയെന്കിലും കുറ്റക്കാരായി ചിത്രീകരിക്കുന്നവര്‍ക്ക്, ഒരു പ്രതികാരം തീര്‍ക്കുക എന്ന മനോഭവമാന്ണെന്നും ഞാന്‍ വിശ്വസിക്കുന്നു. തിരുവല്ലയിലെ MCA വിദ്യാര്ത്ഥിനി- ഉദാഹരണം.

ജിഷയുടെ കാര്യം- 16 വയസ്സ് മാത്രമുള്ള ഒരു കുട്ടിയെ നേര്‍വഴി കാണിച്ചു കൊടുക്കുക എന്നൊരു കടമ കൂടി വൈദികന് ഉണ്ടായിരുന്നു. രണ്ടു പേരും തെറ്റുകാരാണ്. എന്നാല്‍, ഇട്ടിരുന്ന തിരു വസ്ത്രത്തോട്‌ ഒട്ടും നീതി കാണിക്കാഞ്ഞ- സത്യം എനിക്ക് പൂര്‍ണമായും അറിയില്ല- വൈദികനാണ് കൂടുതല്‍ തെറ്റുകാരന്‍ എന്നെ ഞാന്‍ പറയൂ.

ഒന്നു കൂടെ ഇവിടെ പറയട്ടെ, സഭ വിശ്വാസിക്ക് ജീവ ശ്വാസമാണ്. ഞാന്‍ ഒരു വിശ്വാസിയാണെന്നാണ് എന്റെ വിശ്വാസം. മാര്‍്പാപ്പയെ ഒന്നു കാണുക, ആ കരം ചുംബിക്കുക എന്നുള്ളത്, ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായി കാണുന്ന വിശ്വാസി.

മനോജ് ജോസഫ് said...

മേരിക്കുട്ടീ.. ഞാന്‍ നിങ്ങളെ എതിര്‍ക്കുന്നില്ല.. എന്റെ മനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ പങ്കു വച്ചു എന്ന് മാത്രം.. പിന്നെ, മാര്‍പ്പാപ്പയുടെ കരം ചുംബിക്കുക എന്നതിനെക്കാള്‍ പുണ്യകരം ആയിരിക്കും, വഴി വക്കില്‍ കിടക്കുന്ന ഒരു യാചകന്റെയോ, ഒരു കുഷ്ഠ രോഗിയുടെയോ കരം ചുംബിക്കുക എന്നത്.. പക്ഷെ, കേരളത്തില്‍ നിന്നും റോമിലേക്കുള്ള ദൂരം എനിക്ക് ഈ ഒരു യാചകന്റെയോ കുഷ്ഠരോഗിയുടെയോ അടുത്തേക്കുള്ള ദൂരത്തേക്കാള്‍ കുറവായിരിക്കും.. ഇങ്ങനുള്ള അഗതികളിലേക്ക് കടന്നു ചെല്ലാന്‍ സാധിക്കുക എന്നത് ആയിരിക്കെണ്ടേ നമ്മുടെ വിശ്വാസം..

(പിന്നെ, ചില ചിന്തകള്‍ കൂടി.. ഇതു മേരിക്കുട്ടിയോടുള്ള മറുപടി അല്ല.. എല്ലാവര്ക്കും കൂടി ആണ്...)
ഒറ്റെറെപേര് അച്ചന്മാരെയും കന്യാസ്ത്രീകളെയും കുറ്റപ്പെടുത്താന്‍ മടി കാണിക്കാത്തവര്‍ ആണ്.. പക്ഷെ, ഇവര്‍ മറക്കുന്ന ഒരു കാര്യം ഉണ്ട്.. ഈ സന്ന്യസ്തര്‍ ഒരു വലിയ ത്യാഗം ചെയ്തവര്‍ ആണ്.. ഒരു കുടുംബ ജീവിതവും അത് നല്കുന്ന ഒട്ടേറെ സുഖസൌകര്യങ്ങളും വേണ്ട എന്ന് വച്ചാണ് ഇവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്... ഒരു കുറ്റവാളിയെ സൃഷ്ട്ടിക്കാന്‍ അവര്‍ അനുഭവിക്കുന്ന ഈ ഏകാന്തത തന്നെ ധാരാളം ആണ്.. എന്നിട്ടും പുറം ലോകത്തുള്ള നമ്മള്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ കുറച്ചു തിന്മകള്‍ ആണ് അവര്‍ ചെയ്യുന്നത്.. പുറം ലോകത്ത് എത്രയോ പേര്‍ വ്യഭിചരിക്കുന്നു.. അതും സ്വന്തം ജീവിത പന്കാളി പോലും ഉണ്ടായിരിക്കെ.. എന്നിട്ടും, എന്തെ ഈ സമര്‍പ്പിത വ്യക്തിത്വങ്ങളെ കല്ലെറിയാന്‍ പുറത്തുള്ളവര്‍ക്ക് ഇത്ര ധൃതി...??? പാപമില്ലാത്തവര്‍ മാത്രം കല്ലെറിയാന്‍ തീരുമാനിചിരുന്നെന്കില്‍ നമ്മില്‍ എത്ര പേര്‍ ഉണ്ടാകുമായിരുന്നു കല്ലെറിയാന്‍ യോഗ്യത ഉള്ളവര്‍..

മേരിക്കുട്ടി(Marykutty) said...

മനോജ്, താങ്കളുടെ വികാരം മനസ്സിലാക്കന്‍ സാധിക്കും. പക്ഷേ, ഒന്നോര്‍ക്കണം.. ആരും ആരെയും നിര്ബന്ധിക്കുന്നില്ല സന്യസ്ത ജീവിതം നയിക്കാന്‍..മറ്റുള്ളവര്‍ക്ക് ഇടര്ച്ചയുണ്ടാക്കാതെ നോക്കേണ്ടത്, ആവശ്യമാണെന്നു വിശുദ്ധ പൗലോസ്‌ അപ്പസ്തോലന്‍ തന്നെ പറഞ്ഞിട്ടും ഉണ്ട്..

ഇപ്പോള്‍ നടക്കുന്ന ദത്ത് വിവാദം മറ്റൊരു വടി ആണെന്ന് ഞാന്‍ പറയണ്ടല്ലോ.വിശ്വാസികളെ വേദനിപ്പിക്കാനെ ഇങ്ങനെയുള്ള തൊഴുത്തില്‍ കുത്തും മറ്റും ഉപകരിക്കൂ.,

VINOD said...
This comment has been removed by the author.
VINOD said...

dear all i read the intresting debate betwenn manoj and merykutty
i was born and bought up in pala area so was influenced by lot of good nuns and priests at my childwood. Now do we have the same committed people as nuns and priests. It is not only the problem of christanity its a problem of all the religions , over a peroid of time they loose the values ethics and morality
Remeber if you go through world histroy there was always a major way of living , principals ethics coming up every 1000 years with the support and guidence of a prophet and his followers make it a religion.Always his followers called him as the last one . Then once this institution becomes big with money and power it will slowly start dividing .The priests will become very powerful and greedy and later becomes morally corrupt. Now how to keep the lay man attached to the faith when he starts doubting , here comes the role of miracles , this happens in the form of releiving from diseases , winning lotteries , getting good jobs, good wife , good marks or even getting rid of your enemy( a god who kills his own creation for the one who pays more money or spend more time to praise him is simply ridiculous)
I beleive its god which is more important not religion , god nver taught to open colleges and make money or taught us to build hospitals to charge double
I think once pople learn to distiguish between religion and god there will be more peace in ths world. Do you think a person lived a good life in the forest helped a lot of people and since he was not aware of any major religion of the modern world(Islam, christanity, Hinduism ,Judayism) he will go to hell . I would prefer to go to hell with this man rather than to heven with those dirty swamis or greedy priests or those violent mullas
I am sorry if i offended anyone , every has the right to beleive but ask yourself is religion more important than justice, fairness and honesty

November 18, 2008 7:09 AM