Tuesday, November 18, 2008

YWCA,തിരുവല്ലാ,കള്ളന്‍, പൂവാലന്‍,പിന്നെ കൊച്ചമ്മമാരും-ഭാഗം മൂന്ന്


ഞങ്ങള്‍ റൂമില്‍ ഉറങ്ങി കിടന്ന ബാക്കി ഉള്ളവരെ വിളിച്ചുണര്‍്ത്തി....എല്ലാവരും കൂടെ മേശയില്‍ തത്തി പിടിച്ചു കയറി ജനലിലൂടെ കാഴ്ച കാണാന്‍ തുടങ്ങി...ശ് ശ് ശ് എന്ന് പരസ്പരം പറയുന്നുമുണ്ട്(കള്ളന്‍ വന്നാല്‍ മിണ്ടാതിരിക്കുകയാണോ ചെയ്യേണ്ടത് എന്ന് ചോദിച്ചാല്‍, അപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങനെയാണ് തോന്നിയത്!)കള്ളന്‍ ആ വാതില്‍ തുറക്കാഞ്ഞിട്ടു, ഞങ്ങളുടെ വാതിലില്‍ വന്നു ഇടിക്കാന്‍ തുടങ്ങി...ഞങ്ങളല്ലേ മക്കള്‍..ഒട്ടും ശബ്ദമുണ്ടാക്കാതെ ഇരുന്നു...


ഇടിച്ചു മടുത്തിട്ടാണെന്നു തോന്നുന്നു, കള്ളന്‍ സ്കൂട്ടായി. ഹാവൂ ന്നു ആശ്വസിക്കുമ്പോഴാണ്, അടുത്ത ബ്ലോക്കില്‍ ല് നിന്ന് കൊച്ചച്ചച്ചച്ചച്ചച്ചച്ചമ്മേമ്മേമ്മേമ്മേമ്മേമ്മേമ്മേ എന്ന കാറല്‍്!...ഞങ്ങള്‍,എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നോക്കി, എന്നിട്ട് അത്ഭുതകരമാം വധം സിന്ക്രണൈസ്ഡ് ആയി കൊണ്ടു , അലറി..കൊച്ചച്ചച്ചച്ചച്ചച്ചച്ചമ്മേമ്മേമ്മേമ്മേമ്മേമ്മേമ്മേ!!!!!!!!!!!!!!


ഞങ്ങളുടെ ബ്ലോക്കില്‍ നിന്നും, പുറത്തേയ്ക്ക് ഒരു വാതില്‍ ഉണ്ട്..അത് എന്നും രാത്രി പൂട്ടി തക്കൊലെടുക്കും കൊച്ചമ്മ..അതേ പോലെ എല്ലാ ബ്ലോക്കിന്റെയും പുറത്തേയ്ക്കുള്ള വാതില്‍ പുറത്തു നിന്നും പൂട്ടി കൊച്ചമ്മയാണ് താക്കോല്‍ സൂക്ഷിക്കുക..ഞങ്ങളുടെ അലര്‍ച്ച കെട്ട് മെസ്സ് കൊച്ചമ്മ എത്തി..ഞങ്ങളുടെ ബ്ലോക്കിന്റെ വാതില്‍ തുറന്നു...ആ ബ്ലോക്കിലെ എല്ലാ അന്തേവാസികളും അവിടെ തടിച്ചു കൂടി...കൊച്ചമ്മയും വാച്മാനും , മറ്റേ ബ്ലോക്കില്‍ പോയി, അവരെയും തുറന്നു വിട്ടു..കള്ളന്‍, ആ ബ്ലോക്കിന്റെ ടെറസില്‍ കയറി,ടെറസില്‍ നിന്നും മുറികളിലേക്കുള്ള മെയിന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയാണത്രേ...ഇഷ്ടിക കൊണ്ടോ, കല്ല്‌ കൊണ്ടോ മറ്റോ വാതിലില്‍ ഇടിക്കുന്ന ശബ്ദം കേട്ടാണ് അവര് അലറിയത്..


ആളുകള്‍ എല്ലാം ഉണര്‍ന്നതോടെ, കള്ളന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഞങ്ങളുടെ വാച്മാന്‍ അയാളുടെ പുറകെ ഓടി.വാച്മാന്‍ കള്ളനെ പിടിക്കുന്നത്‌ കണ്ട ഞങ്ങള്‍ കൂട്ടമായി അങ്ങോട്ട് ഓടി...പക്ഷെ, പകുതി വഴി എത്തിയ ഞങ്ങള്‍ കാണുന്നത്, വാച്മാന്‍ കള്ളനെ സ്വതന്ത്രനാക്കുന്നതും, കള്ളന്‍ ഓടി മതില്‍ ചാടി രക്ഷപെടുന്നതുമാണ്..എന്തിനാണ് കള്ളനെ വിട്ടത് എന്ന ചോദ്യത്തിന് അവന്റെ കയ്യില്‍ കത്തി ഉണ്ടായിരുന്നു എന്നാണ് വാച്മാന്‍ മറുപടി പറഞ്ഞതു..ഇപ്പോ തന്നെ പോലീസില്‍ ഫോണ്‍ വിളിക്കണം എന്ന് അവിടത്തെ വര്‍ക്കിംഗ് വുമണ്‍് അന്തേവാസികള്‍ വാശിപിടിച്ചു.


ഫോണ്‍ പൂട്ടി വാര്‍ഡന്‍ കൊച്ചമ്മ വീട്ടില്‍ പോയത് കൊണ്ടു, മെസ്സ് കൊച്ചമ്മ യ്ക്ക് ഫോണ്‍ ചെയ്യാന്‍ പറ്റിയില്ല..പക്ഷെ, അവര്‍, ഹോസ്റ്റല്‍ ഗേറ്റ് തുറന്നു വെളിയില്‍ ഇറങ്ങി, സെക്കന്റ് ഷോ കഴിഞ്ഞു പോവുകയായിരുന്ന കുറച്ചു പേരോട് കാര്യം പറഞ്ഞു, അവര്‍ പോയി പോലീസിനെ വിളിച്ചു.പോലീസുകാര്‍ക്ക് ഞങ്ങള്‍ കള്ളന്‍ എങ്ങനെ അകത്തു കയറി എന്നും മറ്റും ഡെമോ സഹിതം വിവരിച്ചു കൊടുത്തു.


കള്ളന് ബാത്രൂം വഴി ഞങ്ങളുടെ മുറിയില്‍ കയറാന്‍ തോന്നാഞ്ഞത് ഞങ്ങളുടെ ഭാഗ്യം. വരാന്തയില്‍ ഇരുന്നു പഠിക്കാന്‍ തോന്നാഞ്ഞത് എന്റെയും ജെപി യുടെയും ഭാഗ്യം..


പിറ്റേന്നത്തെ പരീക്ഷ കുളമായി എന്ന് പ്രത്യേകം പറയണ്ടല്ലോ. റിസള്‍ട്ട് വന്നപ്പോള്‍, ബാക്കി എല്ലാത്തിനും നല്ല മാര്‍ക്ക്, ഇതിന് മാത്രം നൂറില്‍ 55.ക്ലാസ്സില്‍ മിക്കവര്‍ക്കും 90 നു മേലെ മാര്‍ക്ക് കിട്ടിയിരുന്നു..പരീക്ഷകഴിഞ്ഞ് ഞങ്ങള്‍ കള്ളന്‍ എപിസോഡ് കോളേജില്‍ പറഞ്ഞു.എല്ലാവരും ഞങ്ങളെ വഴക്കിട്ടു.കോളേജ് ഹോസ്റ്റല്‍ പണി തീര്‍ന്നല്ലോ, ഇനി അങ്ങോട്ട് മാറിക്കൂടെ എന്നൊക്കെ പറഞ്ഞു..ഫീസ് തന്നെ ആയിരുന്നു മാറാന്‍ മടിച്ചതിന്റെ പിന്നിലെ ചേതോ വികാരം..


അന്ന് വൈകിട്ട്, **** കൊച്ചമ്മ കാര്യങ്ങള്‍ നേരിട്ടറിയാന്‍ വേണ്ടി രംഗ പ്രവേശം ചെയ്തു..ഞങ്ങള്‍ കാര്യങ്ങള്‍ വിവരിച്ചു...അവര്‍ എല്ലാം കെട്ട് കഴിഞ്ഞു വിധി പ്രഖ്യാപിച്ചു: കള്ളന്‍ എങ്ങനെ കയറാതിരിക്കും? വൈകുന്നേരം തിയേറ്ററില്‍ നിന്നു സിനിമ കഴിഞ്ഞു പോകുന്നവന്‍മാരെ നിങ്ങള്‍ മുകളില്‍ നിന്നും മുടീം അഴിച്ചിട്ടു കൈയും കണ്ണും കാണിക്കുന്നത് കൊണ്ടാണ്..അല്ലാതെ ആര്‍ക്കാ ഇവിടെ കയറിയിട്ട് നേട്ടം? ...ഇത്രയും മ്ലേച്ഛമായ ഒരു പരാമര്‍ശം, അവരെ പോലെ ഒരു സ്ത്രീയില്‍ നിന്നു- അതും YWCAയെ പോലെ പ്രസ്റ്റീജിയസ് അയ ഒരു സ്ഥാപനത്തിന്റെ ചുമതലക്കാരില്‍ ഒരാളില്‍ നിന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ..എന്നിലെ രോഷാകുലയായ ചെറുപ്പക്കാരി ഉണര്‍ന്നു..എല്ലാവരും ഒന്നും മിണ്ടാതെ നില്ക്കുന്നു...ഞാന്‍ ചോദിച്ചു, കൊച്ചമ്മയുടെ വീട്ടിലെ കാര്യമാണോ ഇപ്പോള്‍ പറഞ്ഞതു?ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തെ പറ്റൂ..അല്ലാതെ കള്ളന്‍ കയറിയത് ഒളിച്ചു വയ്ക്കാന്‍ നോക്കുകയല്ല വേണ്ടത്..ഇതു ഇപ്പൊ രണ്ടാമത്തെ പ്രാവശ്യമല്ലേ? ഞങ്ങള്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം എടുക്കും?നിങ്ങളായിട്ട്‌ പോലീസില്‍ അറിയിക്കുന്നിലെന്കില്‍ ഞാന്‍ പരാതി കൊടുക്കും..YWCA യുടെ പേരിനും പ്രശസ്തിക്കും എന്ത് സംഭവിക്കും എന്ന് നമ്മുക്ക് കാണാം..കൊച്ചമ്മ ഒന്നും മിണ്ടിയില്ല.ബാക്കി എല്ലാരും എന്നോട്, നന്നായി പറഞ്ഞതു, ഞങ്ങളൊക്കെ സപ്പോര്‍ട്ട് ചെയുന്നു...നീയാണ് നാടിന്‍റെ പുളകം എന്ന മട്ടില്‍ കുറെ സംസാരിച്ചു.


എന്റെ രോഷ പ്രകടനത്തിന്, ഉടനെ തന്നെ ഫലമുണ്ടായി..രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും അച്ചാച്ചന്‍ എത്തി..അവര് വീട്ടിലേക്ക് കത്തിട്ടിരുന്നത്രേ.ഞാന്‍ വലിയ പ്രശ്നക്കാരിയാണെന്നും, കുറെ വാണിംഗ് ഒക്കെ തന്നു കഴിഞ്ഞു , ഇനി വച്ചു പൊറുപ്പിക്കാന്‍ പറ്റില്ല എന്നും മറ്റും പറഞ്ഞു കൊണ്ടുള്ള കത്ത്..അച്ചാച്ചന്‍ ആദ്യം അവരോട് വന്നു, കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി...കേട്ടു നില്‍ക്കുന്നതിനു ഒരു അതിരുണ്ടല്ലോ..അച്ചാച്ചന്‍ പറഞ്ഞു, അവള്‍ എന്റെ മകളാണ്, നിങ്ങള്‍ പറഞ്ഞിട്ട് വേണ്ട എനിക്ക് അവളെ പറ്റി അറിയാന്‍. എന്തായാലും, കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്ക്, നമ്മുക്ക് ഇതിന്റെ തലപ്പത്തുള്ളവരോടും പറയാം എന്ന് പറഞ്ഞു..YWCAയുടെ തലപ്പത്ത്‌ ഉള്ളത് കൊച്ചമ്മമാരല്ല..വേറെ കുറെ ആള്‍ക്കാരാണ്..അവരോട് സംസാരിക്കാം എന്ന് അച്ചാച്ചന്‍ പറഞ്ഞതോടെ, അവര്‍ നയം മാറ്റി.YWCAയില്‍ ചേരുമ്പോള്‍ ഞാന്‍ 6മാസത്തേക്കാണ് താമസ സൗകര്യം ചോദിച്ചതെന്നും, അത് കഴിഞ്ഞു പിന്നെ കാലാവധി നീട്ടാന്‍ അവ്ശ്യപെട്ടില്ല എന്നും, അത് കൊണ്ടു ഇനി താമസിപ്പിക്കാന്‍ പറ്റില്ല എന്നും മറ്റും..


മക്കളെ ദൂരെ ഹോസ്റ്റില്‍ ആക്കി, വീട്ടിലിരിക്കുന്ന മാതാപിതാക്കള്‍്ക്ക് ഇത്തിരി സമാധാനം വേണം..ഇവിടെ അടച്ചുറപ്പുള്ള വാതില്‍ പോലുമില്ല. അത് കൊണ്ടു, ഇവര് നിര്‍ത്തിയാലും, നീ ഇനി ഇവിടെ നില്‍ക്കണ്ട എന്നായി അച്ചാച്ചന്‍. അച്ചാച്ചന്‍ എന്നോട്, നിനക്കിന്നി, ഈ ഹോസ്റ്റലില്‍ നില്‍ക്കണോ? എന്ന് ചോദിച്ചു..അപ്പോഴേയ്ക്കും എന്റെ രോഷമെല്ലാം ആറി തണുത്ത് ഐസ് കട്ട ആയി പോയിരുന്നു..വേണ്ട അച്ചാച്ചാ, കോളെജിലേക്ക് താമസം മാറ്റം..എന്നായാലും മാറണ്ടേ എന്ന് ഞാന്‍ പറഞ്ഞു..എന്നാല്‍ ഇന്നു ഇപ്പൊ തന്നെ മാറിക്കോ..ഇനി ഒരു നിമിഷം പോലെ ഇവിടെ നില്‍ക്കണ്ട എന്ന് അച്ചാച്ചനും.ഉടനെ കൊച്ചമ്മാര്- "അങ്ങനെ പറഞ്ഞാല്‍ എങ്ങനാ, ഫീസ് ഒക്കെ തന്നിട്ട് ബില്‍ സെറ്റില്‍ ചെയ്തിട്ടേ പോകാന്‍ പറ്റൂ ..അല്ലാതെ തോന്നുമ്പോ വരാനും പോകാനും ഇവിടെ പറ്റില്ല" എന്നായി..അപ്പൊ അച്ചാച്ചന്‍, പറ്റുമോ എന്ന് ഞാന്‍ ഒന്നു നോക്കട്ടെ എന്ന് പറഞ്ഞിട്ട്, എന്നോട് പറഞ്ഞു, പോയി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്യ്..വലിയ പെട്ടി ഇപ്പൊ എടുക്കണ്ട..അത് ശനിയാഴ്ച വന്നു കൊണ്ടു പോകാം..നീ ഇപ്പൊ പുറത്തു പോയി അച്ചനെ വിളിച്ചു പറ, അങ്ങോട്ട് ഇപ്പൊ തന്നെ താമസം മാറ്റുവാണെന്നു ..


കാര്യങ്ങള്‍ കൈ വിട്ടു പോയി...കോളേജ് ഹോസ്റ്റലില്‍ മുറി ഇല്ല എന്ന് അച്ചന്‍ പറഞ്ഞാലോ...എന്നൊക്കെ ആലോചിച്ചു ഞാന്‍ വേഗം പോയി അച്ചനെ വിളിച്ചു..


ഹലോ **** *** അച്ചനല്ലേ?

അതേ..

അച്ചാ ഇതു മേരി **** ആണ് ..

ആ പറയൂ മേരി, പരീക്ഷ ഒക്കെ കൊള്ളമായിരുന്നല്ലോ അല്ലെ? നല്ല മാര്‍ക്ക് കിട്ടുമല്ലോ ? നിങ്ങള്‍ ഫസ്റ്റ് ബാച്ച് മാര്‍ക്ക് വാങ്ങിയിട്ട് വേണം എനിക്ക് പത്രത്തില്‍ കൊടുക്കാന്‍..

അച്ചാ..നമ്മുടെ ഹോസ്റ്റലില് റൂം ഉണ്ടോ?

ഹാ..ഉണ്ടോന്നോ? നിങ്ങള്ക്ക് എല്ലാര്ക്കും താമസിക്കാന്‍ വേണ്ടി അല്ലെ ഹോസ്റ്റല്‍ ഉണ്ടാക്കിയത്...

അച്ചാ.., ഞാന്‍ അങ്ങോട്ട് താമസം മാറുവാ..

ആയ്ക്കോട്ടെ..എപ്പോഴാണെന്നു നേരത്തെ പറയണം കേട്ടോ..

അച്ചാ, ഇന്നു തന്നെ മാറിയാലോ എന്നാ ആലോചിക്കുന്നെ..

എ!

അല്ല..ഞാന്‍ ഇപ്പൊ തന്നെ അങ്ങോട്ട് വരുവാ അച്ചോ... എന്തായാലും റൂം ഉള്ളത് ഭാഗ്യമായി..

അച്ചന് കൂടുതല്‍ ഒന്നും പറയാന്‍ ഇട കൊടുത്തില്ല..എന്റെ ക്ലാസ്സിലെ തന്നെ ബിനുനേം വര്‍ഗീസിനേം കൂടെ വിളിച്ചു...അവര്‍ ഒരു ഓട്ടോ വിളിച്ചു വന്നു സാധങ്ങള്‍ ഒക്കെ കൊണ്ടു പോയി ഹോസ്റ്റലില്‍ എത്തിച്ചു.. ഞാനും അച്ചാച്ചനും പതുക്കെ ബസ്സ് പിടിച്ചു കോളേജിലേക്ക് യാത്രയായി...


ഈ സംഭവത്തില്‍ നിന്നു ഞാന്‍ കുറെ ഏറെ പാഠങ്ങള് പഠിച്ചു:
1. ഒരു കാര്യത്തിനും മുന്നില്‍ നില്‍്ക്കരുത്..
2. ഒരു ദേഷ്യത്തിന് പറയുന്ന വാക്കുകള്‍, പത്തു ദേഷ്യത്തിന് തിരിച്ചെടുക്കാന്‍ പറ്റില്ല.
3. മറ്റുള്ളവര്‍ അവരുടെ നിലവാരം അനുസരിച്ച് പറയുന്ന കാര്യങ്ങള്‍ നമ്മളെ ഒരു കാരണ വശാലും അസ്വസ്ഥരാക്കരുത്‌. അത് അവരുടെ നിലവാരം..നമ്മള്‍ അതില്‍ എന്തിന് അസ്വസ്ഥരാകണം.
4. ഒരു പ്രശ്നത്തില്‍ ഇടപെടും മുന്നേ അതിന്റെ വരും വരായ്കകള്‍ ചിന്തിക്കണം...


ഇതിനു ശേഷം എന്റെ എടുത്തുചാട്ടം കുറെ ഒക്കെ നിന്നു..എനിക്ക് എക്കാലവും സൂക്ഷിക്കാന്‍ പറ്റിയ, ഒരു സൌഹൃദവും കിട്ടി..ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട, വിരലില്‍ എണ്ണാവുന്ന സൌഹൃദങ്ങളില്‍ ഒന്നു..എന്റെ രാധ.കോളേജ് ഹോസ്റ്റലിലെ എന്റെ റൂം മേറ്റ്‌.


(അന്ന് രാത്രി പുറത്തു പോയി കള്ളന്‍ കയറിയ വിവരം നാട്ടുകാരെ മെസ്സ് കൊച്ചമ്മ അറിയിച്ചത്, വാര്‍ഡന്‍ കൊച്ചമ്മയ്ക്ക് അത്ര സുഖിച്ചിരുന്നില്ല..മെസ്സ് കൊച്ചമ്മയെ താമസിയാതെ പറഞ്ഞു വിട്ടു എന്ന് പിന്നീട് ജെപി പറഞ്ഞു..ജെപി യും താമസിയാതെ കോളേജ് ഹോസ്റ്റല്‍ ചേര്ന്നു...ഞാനും രാധയും ജെപിയും അങ്ങനെ റൂം മേറ്റ്സ് ആയി..)

Sunday, November 16, 2008

YWCA,തിരുവല്ലാ,കള്ളന്‍, പൂവാലന്‍,പിന്നെ കൊച്ചമ്മമാരും-ഭാഗം രണ്ട്

YWCA യിലെ ജീവിതം സ്വച്ഛ ശാന്തമായ നദി പോലെ ഒഴുകി കൊണ്ടിരുന്നു.രാവിലെ ഞാനും ജെപി യും ഒന്നിച്ചാണ് കോളേജിലേയ്ക്ക്‌ പോവുക. YWCA യില്‍ നിന്നു 5മിനുട്ട് നടന്നാല്‍ KSRTC സ്റ്റാന്റ് ആയി.അവിടെ ഞങ്ങളുടെ ക്ലാസ്സിലെ പയ്യന്മാര്‍ കാത്തു നില്‍പ്പുണ്ടാവും.അവരുമൊന്നിച്ചു കോളേജിലേയ്ക്ക്‌.വൈകുന്നേരങ്ങളില്‍ നേരത്തെ എത്തി, പേര മരത്തിന്റെ ചുവട്ടില്‍ സൊറ പറഞ്ഞിരിക്കും...

YWCAയില്‍ താമസിച്ചതിനു ശേഷമുള്ള ആദ്യത്തെ അവധി ആയി. വലിയ രണ്ടു ബാഗ് നിറയെ പുസ്തകങ്ങളുമായി ഞാന്‍ വീട്ടിലേയ്ക്ക് യാത്രയായി.കാരണം, അവധി കഴിഞ്ഞു വരുമ്പോള്‍ സെമസ്റ്റര്‍ എക്സാം തുടങ്ങും.വീട്ടില്‍ കൊണ്ടു പോയ പുസ്തകങ്ങള്‍ ഒന്നു തുറന്നു നോക്കാന്‍ പോലും പറ്റിയില്ല..പരീക്ഷയുടെ തലേന്ന് ഉറക്കമിളയ്ക്കുക എന്ന ദുര്‍വിധി എന്നും എന്റെ കൂട്ടിനുണ്ടാവും എന്നൊക്കെ അമ്മച്ചിയോട്‌ പരാതിയും പറഞ്ഞു ഞാന്‍ തിരിച്ചു YWCA യില്‍ എത്തി. അപ്പോഴാണ്‌ ഞങ്ങള്‍ ആ വാര്‍ത്ത അറിയുന്നത്: ഹോസ്റ്റലില്‍ കള്ളന്‍ കയറി. ഞങ്ങളുടെ മുറിയുടെ ജനാല വഴി ചവിട്ടി ടെറസില്‍ എത്തിയ കള്ളന്‍, എങ്ങനെയോ, ടെറസില്‍ നിന്നും രണ്ടാം നിലയിലെ മെയിന്‍ വാതില്‍ തുറന്നു അകത്ത് കയറി. രണ്ടാം നിലയില്‍ മുറികള്‍ തമ്മില്‍ ഇട ഭിത്തി മാത്രമെ ഉള്ളു...അത് കൊണ്ടു കള്ളന്‍ ജയ് ഹനുമാന്‍ വിളിച്ചു എല്ലാ മുറിയിലും കയറി ഇറങ്ങി..ഏതോ എച്ചി കള്ളന്‍ ആണെന്ന് തോന്നുന്നു എന്ന് റിന്‍സി ചേച്ചി പറഞ്ഞു... കുട്ടികള്‍ വീട്ടില്‍് പോയ സമയം ആയതു കൊണ്ടു വില പിടിപ്പുള്ളതൊന്നും ഉണ്ടായിരുന്നില്ല ..ഒന്നും കിട്ടാത്ത നിരാശയില്‍ കള്ളന്‍ ബി എഡ് പിള്ളാരുടെ കാശു കുടുക്ക പൊട്ടിച്ചു ചില്ലറയും മറ്റും കടത്തി...റിന്‍സി ചേച്ചിയുടെ പൊട്ടിയ മാല, തുണികള്‍ക്കിടയില്‍ വച്ചിരുന്നു...കള്ളന്‍ അത് കണ്ടില്ല.അത് കൊണ്ടെന്താ, പാലിയേക്കര പള്ളിക്ക് 50രൂപ നേര്ച്ച വകയില്‍ കിട്ടി :)

ഞങ്ങളുടെ മുറിയുടെ വാതിക്കല്‍ വരെ കള്ളന് ടെറസില്‍ നിന്നുള്ള സ്റ്റെപ്സ് ഇറങ്ങി വരാമെന്നും, അത് കൊണ്ടു ഞങ്ങള്‍ അപകടാവസ്ഥയിലാണെന്നും കൊച്ചമ്മയോട് പറഞ്ഞെന്കിലും, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ ഇരുന്നു കൊച്ചമ്മ..പുറത്തെ ബാത്ത് റൂമില്‍ നിന്നും ഉള്ളിലേക്കുള്ള വാതില്‍ തുറന്നു, ബാത്രൂമിന്റെ ഇട നാഴിയില്‍ കള്ളന് എത്താമെന്നും, അവിടെ നിന്നു ഒരു കമ്പോ കത്തിയോ വച്ചു ഞങ്ങളുടെ വാതില്‍ എളുപ്പം തുറക്കാമെന്നും ഒക്കെ ഞങ്ങള്‍ പറഞ്ഞു നോക്കി..കിം ഫലം. കള്ളന്‍ കയറി എന്നും മറ്റുമുള്ളത്‌ പുറത്തറിഞ്ഞാല്‍ YWCAയ്ക്ക് നാണക്കേടാണെന്നും പറഞ്ഞു, അവര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കാന്‍ പോലും കൂട്ടാക്കിയില്ല..

ഞാനും ജെപിയും YWCAയില്‍ താമസിക്കാനിടയായ സാഹചര്യം സൂചിപ്പിക്കുന്നത് നന്നായിരിക്കും: ഞങ്ങള്‍ കോളേജിലെ ആദ്യ ബാച്ച് ആയിരുന്നു , അത് കൊണ്ടു അവിടെ ഹോസ്റ്റല്‍ പണി തീര്ന്നു വരുന്നേ ഉണ്ടായിരുന്നുള്ളു. തല്ക്കാലം വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്മെന്റ്-ന്റെ തന്നെ ഉള്ള വേറെ ഒരു കോണ്‍വെന്റില്‍ ആണ് താമസിപ്പിച്ചിരുന്നത്..അവിടത്തെ ഫീസ് കേട്ടപ്പോള്‍, ഞങ്ങള്‍ ഞെട്ടി പോയി. YWCAയിലെ ഫീ മൂന്നക്കത്തില്‍ നില്ക്കും എന്നുള്ളത് കൊണ്ടു ഞാന്‍ അങ്ങോട്ടേയ്ക്കാക്കി താമസം.ജെപിയുടെ കാര്യവും അങ്ങനെ തന്നെ. ഹോസ്റ്റല്‍-ന്റെ പണി തീര്‍ന്നു കഴിഞ്ഞാല്‍ അങ്ങോട്ട് മാറാം എന്ന് വച്ചു.ഫീ കൂടുതലാണെങ്കിലും, 24മണിക്കൂര്‍ ലാബ്‌, ഇന്റര്‍നെറ്റ്, ലൈബ്രറി ഒക്കെ ഉണ്ട് അതാകുമ്പോള്‍..ഹോസ്റ്റല്‍ നിന്നും ഒരു വാതില്‍ കടന്നാല്‍ കോളേജായി..

പരീക്ഷകള്‍ ഒന്നിന് പുറകെ ഒന്നേ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഡിജിറ്റല്‍ ഇലക്ട്രോണിക്സ്-ന്റെ പരീക്ഷ യുടെ തലേ ദിവസം.രാത്രി 10മണിയോടെ ലൈറ്റ് എല്ലാം അണയ്ക്കണം എന്നാണ് നിയമം. പിന്നെ ഞങ്ങള്‍ പഠിക്കുക മെഴുകുതിരി വെട്ടത്തില്‍ ആണ്, വരാന്തയിലെ ലൈറ്റ് 10കഴിഞ്ഞാലും ഒഫാക്കില്ല...പിന്നെ രണ്ടാം നിലയിലെ സ്റ്റഡി ഹാളിലെ ലൈറ്റും, ടെറസിലെ ലൈറ്റും..കള്ളന്‍ എപിസോഡിനു ശേഷം സ്റ്റഡി ഹാളും ടെറസും ശൂന്യമായി പോയി.ജെപി വരാന്തയില്‍ ഇരുന്നു കാര്യമായ പഠിത്തം...ഞങ്ങളുടെ റൂമിലെ ചേച്ചിമാര്‍, "പിള്ളേരെ പട്ടി കുര ഒക്കെ കേള്‍ക്കുന്നുണ്ട്‌...ജെപി വരാന്തയില്‍ ഇരിക്കണ്ട...കള്ളന്‍ സ്റ്റെപ്പ് ഇറങ്ങി നേരെ ജെപി ടെ മുന്നില്‍ ആയിരിക്കും വരുക" എന്നൊക്കെ പറഞ്ഞു..ജെപി അതൊക്കെ ചിരിച്ചു തള്ളി..ഞാന്‍ എന്തായാലും, ധൈര്യം ഉള്ളത് കൊണ്ടു, അകത്തു തിരി കത്തിച്ചു വച്ചു പഠിക്കാന്‍ തുടങ്ങി..

ഏകദേശം 11-12മണി ആയി കാണും...ടെറസില്‍ തട്ട് മുട്ട് ശബ്ദങ്ങള്‍...ജെപി ഒറ്റ ഓട്ടത്തിന് അകത്തെത്തി...പട്ടിടെ ഒക്കെ കുര കേള്‍ക്കാം..കള്ളന്‍ വരുന്നു എന്നാ തോന്നുന്നേ..എന്ന് പറഞ്ഞു ഞങ്ങള്‍ വേഗം, വാതില്‍ ഒക്കെ കുറ്റി ഇട്ടു...ബാത്‌റൂമില്‍ നിന്നും ഞങ്ങളുടെ മുറിയിലേക്കുള്ള വാതിലിനു കുറുകെ ഒരു മേശയും വച്ചു..കുറച്ചു കഴിഞ്ഞപ്പോ, ആരോ സ്റ്റെപ്പ് ഇറങ്ങുന്ന ശബ്ദം...ഞങ്ങള്‍ പതുക്കെ, മേശയില്‍ കയറി നിന്നു ജനലില്‍ കൂടെ എത്തി നോക്കി..ഒരു കറുത്ത മനുഷ്യന്‍, ദേഹം മുഴുക്കെ എണ്ണ തേച്ചു, ലുന്കി ഒക്കെ പൊക്കി ഉടുത്തു നില്ക്കുന്നു..ഷര്‍ട്ട്‌ ഇട്ടിട്ടില്ല..അയാള്‍ മെസ്സിന്റെ വാതിലില്‍ ഇടിക്കാന്‍ തുടങ്ങി...
(തുടരും..)